വൃത്തിയുള്ള ശുചിമുറികളും കുടിവെള്ളവും ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ നിര്‍ബന്ധം
മുക്കം: വൃത്തിയുള്ള ശുചിമുറികളും കുടിവെള്ളവും ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ ഇനി നിര്‍ബന്ധം. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തലത്തില്‍ അധ്യയനസമയം വര്‍ധിപ്പിച്ച സാഹചര്യത്തിലാണു വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ പരിശോധന സര്‍ക്കാര്‍ കര്‍ശനമാക്കിയത്.
സ്‌കൂളുകളിലെ ജലലഭ്യതയുടെ അഭാവവും ശുചിത്വമില്ലായ്മയും മൂലം വിദ്യാര്‍ഥിനികള്‍ നേരിടേണ്ടിവരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് ബാലാവകാശ സംരക്ഷണ കമ്മിഷന്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ നടപടി.
ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍ അവരുടെ അധികാര പരിധിയിലുള്ള സ്‌കൂളുകളില്‍ അധ്യയന വര്‍ഷത്തിനിടെ രണ്ടു പ്രാവശ്യമെങ്കിലും പരിശോധന നടത്തണമെന്നും ഉത്തരവിലുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അതു കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരിശോധനകളില്‍ ഉറപ്പുവരുത്തണം.
ശുദ്ധമായ കുടിവെള്ളം, സ്‌കൂളിലെ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ജലലഭ്യതയോടുകൂടിയ യൂറിനല്‍സ്, കക്കൂസ്, പെണ്‍കുട്ടികള്‍ക്കായി നാപ്കിന്‍ വെന്‍ഡിങ് മെഷിന്‍, വേസ്റ്റ് ഡിസ്‌പോസല്‍ സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണു പ്രധാനമായും പരിശോധിക്കുക.
പരിശോധനാ വേളയില്‍ ഇത്തരം സൗകര്യങ്ങള്‍ ഇല്ലാത്ത സ്‌കൂളുകളുടെ മേധാവികള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാനും തദ്ദേശ സ്വയംഭരണ അധികാരികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."