HOME
DETAILS
MAL
തിരക്കേറുമ്പോള്‍ യാത്രക്കാരെ കെ.എസ്.ആര്‍.ടി സി കൊള്ളയടിക്കുന്നു
backup
October 17 2018 | 11:10 AM
#സ്വന്തം ലേഖകന്‍
കോഴിക്കോട്: സ്വകാര്യ ബസ്സുകളെപ്പോലെ കെ.എസ്.ആര്‍.ടി സിയും യാത്രക്കാരെ കൊള്ളയടിക്കുന്നതായി പരാതി. ഉത്സവ സീസണുകളിലും തിരക്കു കൂടുമ്പോഴും ടിക്കറ്റ് റേറ്റില്‍ വന്‍ വര്‍ധന വരുത്തിയാണ് കെ.എസ്.ആര്‍.ടി. സി കൊള്ള നടത്തുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ സംസ്ഥാന, അന്തര്‍ സംസ്ഥാന ബസ്സുകളിലാണ് ടിക്കറ്റ് നിരക്ക് കൂട്ടിയുള്ള തട്ടിപ്പ്. ഇന്ന് ബാംഗഌരില്‍ നിന്നും കോഴിക്കോട്ടെക്കുള്ള സ്‌കാനിയ ബസിന്റെ ടിക്കറ്റ് നിരക്ക് 1430 രൂപയാണ്. 605 രൂപ വേണ്ടിടത്താണ് ഇത്രയും കൂടുതല്‍ തുക ഈടാക്കുന്നത്.
സ്വകാര്യ ബസ്സുകള്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന വാര്‍ത്തകള്‍ക്കിടെയാണ് സര്‍ക്കാര്‍ വാഹനത്തിലും യാത്രക്കാരെ പിഴിയുന്ന സംഭവമുണ്ടാകുന്നത്. എ.സി മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ, സൂപ്പര്‍ ഡീലക്‌സുകള്‍ക്ക് പുറമെ സാധാരണക്കാര്‍ ആശ്രയിക്കുന്ന സൂപ്പര്‍ എക്‌സ്പ്രസ്സ് ബസ്സുകളിലും നിരക്ക് വര്‍ധിപ്പിക്കുന്നതായി പരാതിയുണ്ട്.ഓണം, പെരുന്നാള്‍, ക്രിസ്തുമസ്സ്, വിഷു, ദീപാവലി, നവരാത്രി അവധിക്കാലങ്ങളിലാണ് യാത്രക്കാര്‍ക്ക് ഇരുട്ടടിയായി നിരക്ക് കുത്തനെ കൂട്ടുന്നത്.ഇന്ന് ബാംഗ്ലൂരില്‍ നിന്നും കോഴിക്കോടേക്ക് സ്‌കാനിയയുടെ ടിക്കറ്റ് നിരക്ക് 1430 രൂപയും സൂപ്പര്‍ ഡീലക്‌സിന് 885 രൂപയും സൂപ്പര്‍ എക്‌സ്പ്രസ്സിന് 505 രൂപയുമാണ്. സാധാരണ ദിവസങ്ങളില്‍ സ്‌കാനിയയ്ക്ക് 605 രൂപയും സൂപ്പര്‍ ഡീലക്‌സിന് 505 രൂപയും സൂപ്പര്‍ എക്‌സ്പ്രസ്സിന് 414 രൂപയുമാണ് നിരക്ക്. ഇന്ന് സ്‌കാനിയ ബസ്സില്‍ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് ഈടാക്കുന്ന ടിക്കറ്റ് നിരക്കും 1430 രൂപയാണ്. 605 രൂപയില്‍ നിന്നാണ് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിച്ചിരിക്കുന്നത്. 21 ന് തിരുവനന്തപുരത്തു നിന്നും കോഴിക്കോടേക്കും ഇതേ നിരക്ക് തന്നെയാണ് സ്‌കാനിയയില്‍ ഈടാക്കുന്നതാണ്. സൂപ്പര്‍ ഡീലക്‌സില്‍ കോഴിക്കോട് നിന്നും എറണാകുളത്തേക്ക് 241 രൂപയ്ക്ക് പകരം 786 രൂപയാണ് ഈടാക്കുന്നത്. ഈ മാസം 18, 19, 20 തിയ്യതികളില്‍ സൂപ്പര്‍ ഡീലക്‌സിന്റെ നിരക്ക് 873 രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
അതേസമയം സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളുടെ കൊള്ള പതിവ് പോലെ തുടരുകയാണ്. സാധാരണ അവധി ദിനങ്ങളില്‍ പോലും നിരക്ക് കുത്തനെ കൂട്ടി യാത്രക്കാരെ പിഴിയുന്നതാണ് ഇവരുടെ രീതി. 570 മുതല്‍ 900 രൂപവരെയാണ് സ്വകാര്യ ടൂറിസ്റ്റ് ബസ്സുകള്‍ ബാംഗ്ലൂരില്‍ നിന്നും കോഴിക്കോടേക്കുള്ള യാത്രക്കാരില്‍ നിന്നും ഈടാക്കാറുള്ളത്. പക്ഷെ അവധി ദിവസങ്ങളില്‍ ഈ നിരക്ക് 1200 മുതല്‍ 1500 വരെ ഉയര്‍ത്തിയാണ് ചൂഷണം.
ഉത്സവകാലങ്ങളില്‍ നിരക്ക് 2000 രൂപ വരെ ഉയര്‍ത്താനും ഇവര്‍ മടിക്കാറില്ല. പൂജ അവധി നാട്ടില്‍ ആഘോഷിക്കാന്‍ നൂറ് കണക്കിന് മലയാളികളാണ് ബാംഗ്ലൂരില്‍ നിന്നും നാട്ടിലെത്തുന്നത്. ഇവര്‍ തിരിച്ച് ബാംഗ്ലൂരിലേക്ക് പോകുമ്പോഴും അധിക നിരക്ക് ഈടാക്കുന്നുണ്ട്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്ക് 800 രൂപയില്‍ നിന്നും 1550 ആയിട്ടാണ് കൂട്ടിയിരിക്കുന്നത്. ട്രെയിനുകളില്‍ ആഴ്ച്ചകള്‍ക്ക് മുമ്പ് ടിക്കറ്റുകള്‍ തീര്‍ന്ന സാഹചര്യത്തിലാണ് പല യാത്രക്കാരും കെ.എസ്.ആര്‍.സിയേയും സ്വകാര്യ ബസ്സുകളേയും ആശ്രയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."