തിക്കോടിയന്റെ കാലഘട്ടം മലയാള ഭാഷയുടെ സമ്പന്ന കാലം: എം.ആര് രാഘവവാര്യര്
കോഴിക്കോട്: തിക്കോടിയന്റെ സാഹിത്യ കാലഘട്ടം മലയാള ഭാഷയുടെ തന്നെ സമ്പന്ന കാലമായിരുന്നുവെന്ന് ചരിത്രകാരന് എം.ആര് രാഘവവാര്യര്. 'തിക്കോടിയന്റെ സാഹിത്യ സംഭാവന' വിഷയത്തില്‍ സാഹിത്യ അക്കാദി കേരള സാഹിത്യ സമിതിയുടെ സഹകരണത്തോടെ അളകാപുരിയില്‍ നടന്ന സിംപോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വീറും വീര്യവും ഐശ്വര്യവും ഉച്ഛസ്ഥായിയിലെത്തിയ സമയത്ത് കനപ്പെട്ട സംഭാവനകളിലൂടെ മലയാളഭാഷയെ അദ്ദേഹം സമ്പുഷ്ടമാക്കിയെന്നും രാഘവവാര്യര് പറഞ്ഞു.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യദശകത്തിലെ പരിവര്‍ത്തനങ്ങളുടെ കാലത്ത് തിക്കോടിയന് വന്‍ സ്വാധീനമാണ് ചെലുത്തിയത്. കഥ, നോവല്‍, കാവ്യം എന്നിവ പോലെ നാടക വേദിയെ വളര്‍ത്തുന്നതിലാണ് അദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ചത്. ഇത് ആ കാലഘട്ടത്തില്‍ രാഷ്ട്രീയ സാമൂഹിക സാമ്പത്തികമായ പരിവര്‍ത്തനത്തിന് സഹായകമായിട്ടുണ്ട്. നാട്യവേദിയിലൂടെ മലയാളത്തിന് നടീ നടന്മാരെ സംഭാവന ചെയ്യാനും തിക്കോടിയന് സാധിച്ചു. ചരിത്ര ദര്‍ശനപരമായ വസ്തുതകള്‍ തിക്കോടിയന്റെ കൃതികളുടെ പ്രത്യേകതയാണ്. ഇംഗ്ലീഷ് സംസ്കാരത്തിന്റെ തെറ്റായ ധാരണകളെ കുറിച്ച് സൃഷ്ടിപരമായ വിമര്‍ശനങ്ങളായിരുന്നു തിക്കോടിയന്റെതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കാസിം വാടാനപ്പള്ളി അധ്യക്ഷനായി. 'തിക്കോടിയന് എന്ന നാടകകൃത്ത് ' വിഷയത്തില്‍ ഡോ. കെ. ശ്രീകുമാര്‍, 'തിക്കോടിയന് എന്ന നോവലിസ്റ്റ് 'വിഷയത്തില്‍ ശ്രീശൈലം ഉണ്ണികൃഷ്ണന്, 'തിക്കോടിയന്റെ ആത്മകഥ' വിഷയത്തില്‍ ഡോ. സി. രാജേന്ദ്രന് പ്രബന്ധമവതരിപ്പിച്ചു. ശ്രീധരനുണ്ണി സ്വാഗതവും കെ.എസ് വെങ്കിടാചലം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."