പൊതുവിദ്യാലയങ്ങളെ അറിവിന്റെ പ്രകാശഗോപുരമാക്കും: മന്ത്രി രവീന്ദ്രനാഥ്
കൊയിലാണ്ടി: അണ് എയ്ഡഡ് വിദ്യാലയങ്ങളുടെ തള്ളിക്കയറ്റത്തില്‍ നിന്ന് 'പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ വിജയം കാണുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷത്തെ പ്രവേശനോത്സവത്തില്‍ ഒന്നര ലക്ഷത്തോളം വിദ്യാര്‍ഥികള്‍ അധികമായി പൊതു വിദ്യാലയത്തിലേക്ക് എത്തിച്ചേര്‍ന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.
കൊയിലാണ്ടി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 1.47 കോടി രൂപ ചിലവഴിച്ച് വി.എച്ച്.എസ്.സിക്കായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു വിദ്യാലയങ്ങളെ പ്രതീക്ഷയോടെയാണ് പൊതുജനം ആശ്രയിക്കുന്നത്. ആ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ സ്കൂള്‍ അധ്യാപകര്‍ക്കും ബാധ്യതയുണ്ട്. കുട്ടികള്‍ക്ക് വേണ്ടി ഹൈടെക് സംവിധാനമാണ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. 8 മുതല്‍ 12ാം ക്ലാസ് വരെ ത്രിമാന രൂപത്തിലുള്ള ഹൈടെക് രീതിയായിരിക്കും അവലംബിക്കുക.
പൊതു വിദ്യാലയങ്ങള്‍ അറിവിന്റെ പ്രകാശഗോപുരമായി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ. ദാസന് എം.എല്‍.എ. അദ്ധ്യക്ഷനായി. മികച്ച ജില്ലാ എന്‍.എസ്.എസ്.പ്രോഗ്രാം ഓഫിസര്‍ക്കുള്ള പുരസ്കാരം എ സുഭാഷ്കുമാറിനും മികച്ച എന്‍.എസ്.എസ്.വളണ്ടിയര്‍ക്കുള്ള പുരസ്കാരം സാന്ദ്ര മോള്‍ക്കും മന്ത്രി നല്കി.
കെ. ഷിജു മാസ്റ്റര്‍, സി. ജയരാജന്, ഹെഡ്മാസ്റ്റര് സി.കെ വാസു, പ്രിന്‍സിപ്പല്‍, പി. വത്സല, വി.എച്ച്.എസ്.സി പ്രിന്‍സിപ്പല്‍ ബിജേഷ് ഉപ്പാലക്കല്‍, വി.വി സുധാകരന്, ടി.കെ ചന്ദ്രന് ,യു.കെ ചന്ദ്രന്, എ. അസീസ്, അഡ്വ.വി സത്യന്, ഇ.എസ് രാജന്, എന്‍.വി വല്സന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."