ദോംറി ഗലിയിലെ കുതിര സവാരിക്കാര്‍
നിങ്ങള്‍ റാവല്‍പിണ്ടിയിലേക്കുള്ള കുതിര സവാരിക്കാരെക്കുറിച്ച് കേട്ടിട്ടുണ്ടോ. ഒരുവര്‍ഷം മുമ്പ് ഇതുപോലൊരു ഓഗസ്റ്റില്‍ ശ്രീനഗര്‍ ഗുപ്കര്‍ റോഡിലെ അതീവസുരക്ഷയുള്ള വീട്ടിലിരുന്ന് ആവി പറക്കുന്ന കശ്മിരി നംകിന്‍ ചായ കപ്പിലേക്ക് പകര്‍ന്നുകൊണ്ട് എ.എം വതാലി ചോദിച്ചു. എനിക്കറിയില്ലായിരുന്നു വതാലി എന്താണ് പറയാന്‍ പോകുന്നതെന്ന്. കശ്മിരില്‍ സായുധസമരം തുടങ്ങിയ 1988ല്‍ കശ്മിരിന്റെ മൊത്തം ചുമതലയുള്ള ഡി.ഐ.ജിയായിരുന്നു വതാലി. കശ്മിരില്‍ സായുധ സംഘടനകള്‍ ആദ്യമായി ആക്രമിച്ചതും വതാലിയുടെ വീടായിരുന്നു.
കുതിര സവാരിക്കാര്‍ തിരിച്ചുവന്നതോടെയാണ് എല്ലാം തുടങ്ങിയതെന്ന് വതാലി പറഞ്ഞു. ഇതേ വീട്ടില്‍ത്തന്നെയായിരുന്നു അന്ന് ഞാന്‍. ഉറക്കമായിരുന്നു. വെടിശബ്ദം കേട്ടാണ് ഞെട്ടിയെഴുന്നേറ്റത്. ഗേറ്റിനു മുന്നില്‍ എന്റെ കാവല്‍ക്കാരുമായി ശക്തമായ വെടിവയ്പ്പ് നടക്കുകയായിരുന്നു. അവര്‍ എത്ര പേരുണ്ടെന്ന് വ്യക്തതയില്ലായിരുന്നു. വീടിനുള്ളിലേക്ക് വെടിയുണ്ടകള്‍ വന്ന് കൊണ്ടിരുന്നു. ചില്ലുകള്‍ ചിതറിത്തെറിച്ചു. എന്നെ കൊല്ലുകയായിരിക്കണം അവരുടെ ലക്ഷ്യം. പക്ഷേ, കാവല്‍നിന്ന പൊലിസുകാര്‍ ശക്തമായി പൊരുതി. ഞാനും കുടുംബവും ഒരു വിധം രക്ഷപ്പെട്ടു. ആക്രമണത്തിന് നേതൃത്വം നല്‍കിയ അജാസ് ദര്‍ എന്ന ജെ.കെ.എല്‍.എഫ് നേതാവ് കൊല്ലപ്പെട്ടു.
അപ്പോള്‍ കുതിര സവാരിക്കാര്‍ ഞാന്‍ ചോദിച്ചു. അതു തന്നെയാണ് പറയാന്‍ പോകുന്നത്. എന്റെ അക്ഷമയെ മറികടന്ന് വതാലി പറഞ്ഞു. 1990ല്‍ ജഗ്‌മോഹന്‍ വീണ്ടും കശ്മിര്‍ ഗവര്‍ണറാകുകയും അതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല രാജിവയ്ക്കുകയും ചെയ്ത ശേഷം തുടര്‍ന്ന് ഗവര്‍ണര്‍ ഭരണമായിരുന്നു. കശ്മിരി മുസ്‌ലിംകളെ വെറുത്തിരുന്ന മനുഷ്യനായിരുന്നു ജഗ്‌മോഹന്‍. അയാള്‍ വന്നതോടെ കാര്യങ്ങളാകെ മാറി. പാക്കധീന കശ്മിരിലേക്കുള്ള അതിര്‍ത്തികള്‍ തുറന്നിടാന്‍ ജഗ്‌മോഹന്‍ നേരിട്ട് ഉത്തരവിട്ടോ എന്നറിയില്ല. എന്നാല്‍ ഫലത്തില്‍ അതു തന്നെയായിരുന്നു. മറ്റാരുത്തരവിടാന്‍ യുവാക്കള്‍ കൂട്ടത്തോടെ പാക്കധീന കശ്മിരിലേക്ക് പോയി. അവരെ തടയാന്‍ ആരുമുണ്ടായിരുന്നില്ല. പൊലിസിന് ഒന്നും ചെയ്യാനാവുന്നുണ്ടായിരുന്നില്ല. അതിര്‍ത്തിയിലേക്ക് ആളെ എത്തിക്കാന്‍ ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്ന് ഷെയര്‍ ടാക്‌സികളും ബസ്സുകളും ബോഡ് വച്ച് സര്‍വിസ് നടത്തി. ബസ്സ്റ്റാന്‍ഡില്‍ പിണ്ടി... പിണ്ടി... എന്ന് വിളിച്ച് റാവല്‍പിണ്ടിയിലേക്കുള്ള ബസ്സുകളിലേക്ക് കണ്ടക്ടര്‍മാര്‍ ആളെ കയറ്റുന്നത് സങ്കല്‍പ്പിക്കാനാവുന്നുണ്ടോ. അതാണ് സംഭവിച്ചത്. ടൂര്‍ കമ്പനികള്‍ അതിര്‍ത്തിയിലേക്ക് ആളെ കൊണ്ടുവിടാന്‍ സര്‍വിസ് നടത്തി.
വാഹനം ചെല്ലുന്നതിനപ്പുറത്തേക്ക് ദോംറി ഗലിയിലെ മലനിരകള്‍ കയറി വേണം പോകാന്‍. കുതിരസവാരിക്കാര്‍ മലകടക്കാന്‍ കുതിരകളെ വാടകയ്ക്ക് നല്‍കുന്ന സര്‍വിസ് തുടങ്ങി. മലനിരകളിലൂടെ കുതിര സവാരിക്കാര്‍ കൂട്ടത്തോടെ അതിര്‍ത്തി മുറിച്ചു കടന്നു. ആ മലയിലേക്ക് നോക്കൂ. തൊട്ടടുത്ത കുന്നുകളിലേക്ക് ചൂണ്ടി വതാലി പറഞ്ഞു. അതിവിടുന്ന് കാണും പോലെ ആളുകള്‍ കുതിരപ്പുറത്ത് മലകയറിപ്പോകുന്നത് കാണാമായിരുന്നു. ആരും തടഞ്ഞില്ല. അതിര്‍ത്തി അടച്ചില്ല. മാസങ്ങളോളം അത് തുടര്‍ന്നു. ഉദ്യോഗസ്ഥരുടെയും സൈന്യത്തിന്റെയും സഹായമില്ലാതെ എങ്ങനെയാണത് സംഭവിക്കുന്നത്. ആരും അന്വേഷിച്ചില്ല. അതിര്‍ത്തി കടന്ന് പോയവര്‍ തിരിച്ചെത്തിയത് ആയുധങ്ങളുമായാണ്. അതിനായി കാത്തിരിക്കുകയായിരുന്നു ജഗ്‌മോഹന്‍.
ജഗ്‌മോഹന്‍ കൂട്ടക്കൊലയ്ക്ക് വേണ്ട എല്ലാ സാഹചര്യവുമൊരുക്കുകയായിരുന്നു. ആര്‍ക്കുമത് മനസ്സിലായില്ല. സൈന്യത്തെ ജഗ്‌മോഹന്‍ മറുവശത്ത് തയ്യാറാക്കി നിര്‍ത്തിയിരുന്നു. വതാലി തുടര്‍ന്നു. അതിര്‍ത്തി കടന്ന് കുതിര സവാരിക്കാര്‍ ആയുധങ്ങളുമായാണ് തിരിച്ചെത്തിയത്. 1988 സെപ്റ്റംബര്‍ 18ന് ശ്രീനഗര്‍ ടെലികോം ഓഫിസ് ആക്രമിക്കപ്പെട്ടു. അന്ന് രാത്രി അവര്‍ എന്നെത്തേടി വന്നു.
ദോംറി ഗലിയിലൂടെയായിരുന്നു കൂടുതല്‍ പേരും അന്ന് പാക്കധീന കശ്മിരിലേക്ക് പോയത്. വഴി അടച്ചു പൂട്ടാനും മലനിരയില്‍ കാവലേര്‍പ്പെടുത്താനും ഞാന്‍ സൈന്യത്തോട് പറഞ്ഞു. എന്നാല്‍ അവരതിന് തയ്യാറായില്ല. രാജ്ഭവനില്‍ ജഗ്മോഹന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. യോഗത്തില്‍ എല്ലാവരും നിശ്ശബ്ധരായിരുന്നു. ആര്‍ക്കുമൊന്നും പറയാനുണ്ടായിരുന്നില്ല. തീവ്രവാദ സംഘടനകള്‍ ചെറിയ തോതിലുള്ളൂവെന്നും അതിര്‍ത്തി അടച്ചുപൂട്ടിയാല്‍ അവരെ നിയന്ത്രിക്കാവുന്നതേയുള്ളൂ എന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ ജഗ്‌മോഹനോ സൈനിക മേധാവികള്‍ക്കോ അതില്‍ താല്‍പര്യമില്ലായിരുന്നു. അതൊന്നും തടയേണ്ടതില്ലെന്ന് സൈനിക മേധാവികളിലൊരാള്‍ പറഞ്ഞു. നിങ്ങള്‍ ചെയ്യുന്നത് ചതിയാണെന്ന് ഞാന്‍ പറഞ്ഞു. ആളുകള്‍ അതിര്‍ത്തി കടക്കുന്നത് തടഞ്ഞാല്‍ തന്നെ ആക്രമണം നിയന്ത്രണ വിധേയമാവും. ആയുധങ്ങളുമായി അവര്‍ തിരികെയെത്താന്‍ സമ്മതിക്കരുത്. ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.
യോഗത്തിലുണ്ടായിരുന്ന ഫാറൂഖ് അബ്ദുല്ല മാത്രമായിരുന്നു എന്നെ പിന്തുണച്ചത്. എന്നാല്‍ സൈന്യം വഴങ്ങിയില്ല. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ആയുധങ്ങളും പണവും ലഭിക്കുന്നുവെന്നതിന് തെളിവ് വേണമെന്നായിരുന്നു സൈന്യത്തിന്റെ നിലപാട്. പാകിസ്താനില്‍ പരിശീലനം നേടി തിരികെയെത്തിയ ചിലരെ ഞാന്‍ അറസ്റ്റ് ചെയ്തിരുന്നു. ആ തെളിവുകള്‍ ഞാന്‍ നല്‍കി. എന്നാല്‍ അതൊന്നും അവര്‍ പരിഗണിച്ചില്ല. ഡല്‍ഹിക്ക് സൈനികാക്രമണത്തോടായിരുന്നു താല്‍പര്യം. ഫാറൂഖ് അതിനെ എതിര്‍ക്കുന്നുണ്ടായിരുന്നു. അക്കാലത്താണ് തീവ്രവാദ സംഘത്തിന്റെ കമാന്‍ഡര്‍മാരിലൊരാളായ റഷീദിനെ ഞാന്‍ അറസ്റ്റ് ചെയ്യുന്നത്. ലാല്‍ചൗക്കുകാരന്‍ പയ്യനായിരുന്നു റഷീദ്.
ചോദ്യം ചെയ്യലിനിടെ ഫാറൂഖ് അബ്ദുല്ലയെ കൊലപ്പെടുത്താന്‍ ഒരാളെ നിയോഗിച്ച കാര്യം റഷീദ് എന്നോട് പറഞ്ഞു. ടാങ്മാര്‍ഗിലെ റോഡില്‍ വച്ച് കൊല്ലാനായിരുന്നു പദ്ധതി. ഫാറൂഖിന്റെ ഉമ്മ ഗുജ്ജറാണെന്ന് അതിനിടയില്‍ ആരോ അയാളൊട് പറഞ്ഞുവത്രെ. അയാളും ഗുജ്ജാറായിരുന്നു. മറ്റൊരു ഗുജ്ജാര്‍ സഹോദരനെ കൊല്ലാനാവില്ലെന്ന് പറഞ്ഞ് അയാള്‍ കൃത്യം നടത്താതെ തിരിച്ചുവന്നു. ഒരു ദിവസം ചീഫ് സെക്രട്ടറി മൂസ റാസ അപ്രതീക്ഷിതമായി ഓഫിസില്‍ കയറി വന്നു. തന്റെ കീഴിലുള്ള സി.ആര്‍.പി.എഫുകാരെ പൊലിസിനെപ്പോലെ തെരുവില്‍ വിന്യസിക്കണമെന്ന് നിര്‍ബന്ധിച്ചു. താനതിന് തയ്യാറായില്ല. പൊലിസുകാര്‍ തന്നെ മതിയായിരുന്നു. സൈനിക വിന്യാസത്തിനു മാത്രം സാഹചര്യം മോശമായിരുന്നില്ല. ഫാറൂഖ് അബ്ദുല്ലയും തന്നെ വിളിപ്പിച്ചു നിര്‍ബന്ധിച്ചു. ഫാറൂഖ് തന്നെ നേരിട്ട് ഇടപെട്ട് കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ഒടുവില്‍ താന്‍ ലീവെടുത്ത് ഹജ്ജിന് പോയി.
താനില്ലാത്ത സമയത്ത് അവര്‍ അവര്‍ക്ക് വേണ്ട രീതിയിലെല്ലാം കാര്യങ്ങള്‍ ചെയ്തിരുന്നു. സൈന്യത്തെ വിന്യസിച്ചതായി മദീനയില്‍ വച്ച് പത്രവാര്‍ത്തയില്‍ ഞാന്‍ മനസ്സിലാക്കി. പല നല്ലകാര്യങ്ങളും ചെയ്യാന്‍ ശ്രമിച്ചതാണ്. എന്നാല്‍ നല്ലതല്ലാത്ത പലതും ചെയ്യാനായിരുന്നു ഉത്തരവ്. പറ്റില്ലെന്ന പറയേണ്ടി വന്നു. വൈകാതെ ഞാന്‍ പൊലിസ് ജോലി വേണ്ടെന്ന് വച്ച് പി.എസ്.സിയിലേക്ക് മാറി. വതാലി പറഞ്ഞു. എന്റെ ജോലിയില്‍ മാത്രമായിരുന്നു ഞാന്‍ ശ്രദ്ധിച്ചിരുന്നത്. എല്ലാവരുടെയും കൈയില്‍ ആയുധമുള്ള നാട്ടില്‍ ആളുകള്‍ പരസ്പരം കൊല്ലുന്നത് അസാധാരണമായിരുന്നില്ല. എന്താണ് കശ്മിരില്‍ നടക്കുന്നതെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. 1990കളില്‍ നടന്നതെല്ലാം പിന്നീടും നടന്നു. അന്നത്തെപ്പോലെ കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ ആയുധമെടുത്ത് തെരുവിലിറങ്ങുന്നില്ലെന്നേയുള്ളൂ. എന്നാല്‍ സായുധസംഘടനകളിലേക്ക് ആളുകള്‍ പോകുന്നുണ്ട്. സായുധസംഘടനകളില്‍ ചേരുകയും തോക്കുമായി നില്‍ക്കുന്ന പടം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയുമാണ് പുതിയ ട്രന്റ്. കാര്യങ്ങള്‍ക്കൊന്നും ഒരു മാറ്റവുമുണ്ടായിട്ടില്ല. വതാലി പറഞ്ഞു.
വതാലിയുടെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു. വതാലിയുടെ വീട്ടിലാണ് ഗുപ്കര്‍ റോഡിലെ സുരക്ഷാ കമാന്‍ഡ് പ്രവര്‍ത്തിക്കുന്നത്. പുറത്ത് സുരക്ഷാ സൈനികര്‍ മാത്രമേയുള്ളൂ. തൊട്ടപ്പുറത്താണ് ഫാറൂഖ് അബ്ദുല്ലയുടെ വീട്. ഗുപ്കര്‍ റോഡിലെ ചെരുവിന്റെ താഴ്‌വാരത്ത് കടുത്ത സുരക്ഷാ സൗകര്യങ്ങളുള്ള വലിയ വീടാണ് അബ്ദുല്ലയുടേത്. അതിനും കുറച്ചകലെയാണ് മെഹ്ബൂബ മുഫ്തിയുടെ വീടായ ഫെയര്‍ വ്യൂ. പാക്കധിന കശ്മിരിലേക്ക് പലായനം ചെയ്ത ഒരു വ്യവസായിയായിരുന്നു അതിന്റെ ഉടമ. 1989കളില്‍ സൈന്യം ഏറ്റെടുത്തതിന് പിന്നാലെ പാപാ ടു എന്നായി അതിന്റെ പേര്. 1990കളില്‍ സൈന്യം കശ്മിരികളെ തട്ടിക്കൊണ്ട് വന്ന് ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമാക്കുന്ന നിയമവിരുദ്ധ പീഡന കേന്ദ്രമായിരുന്നു പാപാ ടു. 1996ല്‍ സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്ന് അടച്ചു പൂട്ടും വരെ ഇവിടേക്ക് കൊണ്ടുവന്ന ആയിരക്കണക്കിന് യുവാക്കളാണ് താഴ്‌വരയില്‍ നിന്ന് എന്നന്നേക്കുമായി അപ്രത്യക്ഷരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."