തൊഗാഡിയയെ കണ്ടെത്തിയില്ല; പൊലിസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
കാഞ്ഞങ്ങാട്: മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ വി.എച്ച്.പി ദേശീയ അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയെ കോടതിയില്‍ ഹാജരാക്കുന്നതില്‍ വീഴ്ചവരുത്തിയതിന് പൊലിസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസന്വേഷണം നടത്തുന്ന ഹൊസ്ദുര്‍ഗ് എസ്.ഐ ഈ മാസം 23ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൊസ്ദുര്‍ഗ് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് (ഒന്ന്) മജിസ്ട്രേറ്റ് എം. ബാലകൃഷ്ണന് ഉത്തരവിട്ടു.
2011 ഏപ്രില്‍ 30ന് കാഞ്ഞങ്ങാട് വ്യാപാര ഭവന് ഓഡിറ്റോറിയത്തില്‍ വി.എച്ച്.പി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് തൊഗാഡിയ നടത്തിയ പ്രസംഗമാണ് വിവാദമായത്.
ഭാരതം ഹിന്ദുക്കളുടേത് മാത്രമാണെന്നും രാമജന്മഭൂമിയില്‍ രാമക്ഷേത്രം മാത്രമേ പാടുള്ളൂവെന്നുമാണ് തൊഗാഡിയ പ്രസംഗിച്ചിരുന്നത്. പ്രസംഗത്തിന്റെ വിഡിയോ പരിശോധിച്ച കോടതി നേരിട്ട് കേസെടുക്കുകയായിരുന്നു. തൊഗാഡിയ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി നേരത്തേ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
വാറണ്ട് പുറപ്പെടുവിച്ചിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും തൊഗാഡിയയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ പൊലിസിന് കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കോടതി പൊലിസിനെ രൂക്ഷമായി വിമര്‍ശിച്ചത്. തൊഗാഡിയയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലിസ് അറിയിച്ചതോടെയാണ് കോടതി പൊലിസിനെതിരേ തിരിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."