യു.ഡി.എഫിന്റെ മദ്യനയം പൊളിച്ചെഴുതണമെന്ന് സി.പി.ഐ
തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം പൊളിച്ചെഴുതണമെന്ന് സി.പി.ഐ. എന്നാല്‍, അടച്ചിട്ട എല്ലാ ബാറുകളും തുറക്കേണ്ടതില്ലെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എതിര്‍പ്പുകള്‍ ഉയരാത്തവിധം ബാര്‍ ലൈസന്‍സ് നല്‍കുന്ന കാര്യം പരിശോധിക്കണം. മദ്യനയത്തില്‍ കള്ളിനു പ്രാമുഖ്യം നല്‍കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ഇടതു സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളായ ലൈഫ്, ആര്‍ദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നീ പദ്ധതികള്‍ക്കെതിരേ യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു. ഇപ്പോള്‍ സി.പിഎമ്മിന്റെ താല്‍പ്പര്യപ്രകാരമാണ് പദ്ധതികള്‍ മുന്നോട്ടുപോകുന്നത്. ഇടതുമുന്നണിയിലെ മറ്റു ഘടകകക്ഷികളുടെ അഭിപ്രായങ്ങളൊന്നും പരിഗണിക്കുന്നില്ല.പദ്ധതികള്‍ ജനകീയമാക്കണമെന്ന് ഇടതുമുന്നണി യോഗത്തില്‍ ആവശ്യപ്പെടാന്‍ എക്‌സിക്യൂട്ടീവ് തീരുമാനിച്ചു.
പാര്‍ട്ടി നിലപാടിനു വിരുദ്ധമായി മകളുടെ വിവാഹം ആഡംബരപൂര്‍വം നടത്തിയ ഗീതാ ഗോപി എം.എല്‍.എയോട് വിശദീകരണം തേടാന്‍ യോഗം തീരുമാനിച്ചു. ഇതിനായി തൃശൂര്‍ ജില്ലാ കൗണ്‍സിലിനു നിര്‍ദേശം നല്‍കി. വിവാഹം ആഡംബരപൂര്‍വം നടത്തിയതിനെതിരേ യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കു ചേരാത്ത നിലയിലാണ് വിവാഹം നടത്തിയതെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം മകളുടെ വിവാഹം ലളിതമായി നടത്തിയത് പരക്കെ പ്രശംസിക്കപ്പെട്ടിരുന്നു.
മാത്രമല്ല ആഡംബര വിവാഹത്തിനെതിരേ പാര്‍ട്ടി ശക്തമായ നിലപാട് സ്വീകരിച്ചുവരുന്നുമുണ്ട്. ആഡംബര വിവാഹങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ മുല്ലക്കര രത്‌നാകരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനൊക്കെ വിരുദ്ധമാണ് ഗീതാ ഗോപിയുടെ നടപടിയെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."