തുഷാറിന്റെ അറസ്റ്റില്‍ ഇടപെടാന്‍ മടിച്ച് ബി.ജെ.പി: സഹായമഭ്യര്‍ഥിച്ച് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിയെ യു.എ.ഇ പൊലിസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ സാധ്യമായ നടപടികള്‍ സ്വീകരിക്കണമെന്നഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു. തുഷാറിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും സാധ്യമായ നിയമസഹായങ്ങള്‍ ഉറപ്പു വരുത്തണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേ സമയം ബി.ജെ.പിയുടെ ഘടകക്ഷിയായ ബി.ഡി.ജെ.എസ് നേതാവ് അറസ്റ്റിലായി ഒരു ദിവസം കഴിഞ്ഞിട്ടും ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയമായ ഇടപെടലെന്നതും ശ്രദ്ധേയമാണ്. തുഷാറിന്റെ പിതാവ് വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ഥനമാനിച്ചാണോ മുഖ്യമന്ത്രിയുടെ ഇടപെടലെന്നത് വ്യക്തമായിട്ടില്ല. എങ്കിലും ബി.ജെ.പി നേതൃത്വത്തിന്റെ മൗനം ഏറെ ചര്‍ച്ചയായിട്ടുണ്ട്. ഇന്നുപോലും ബി.ജെ.പി വക്താവിന്റെ പ്രതികരണമാരാഞ്ഞ ചാനല്‍ പ്രതിനിധിയോട് വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും വിശദാംശങ്ങള്‍ അറിഞ്ഞിട്ടു പ്രതികരിക്കാമെന്നുമായിരുന്നു പ്രതികരണം. തുഷാര്‍ അറസ്റ്റിലായി എന്നതിനെക്കുറിച്ച് മാധ്യമവാര്‍ത്തകളേയുള്ളൂവെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
പത്തൊമ്പതര കോടി രൂപയുടെ ചെക്കു കേസിലാണ് തുഷാര്‍ അജ്മാനില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പത്തു വര്‍ഷം മുമ്പ് തൃശൂര്‍ സ്വദേശിയായ ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലാണ് അറസ്റ്റ്. പല തവണ ആവശ്യപ്പെട്ടിട്ടും തുഷാര്‍ പണം നല്‍കിയില്ലെത്രെ. ബിസിനസ് പൊളിഞ്ഞ് നാട്ടിലേക്ക് കടന്ന തുഷാര്‍ പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായി. പലതവണ നാസില്‍ അബ്ദുള്ളയ്ക്ക് കാശ് കൊടുത്തുതീര്‍ക്കാമെന്നേറ്റിരുന്നെങ്കിലും സ്വാധീനം ഉപയോഗിച്ച് തുഷാര്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."