വഴിയോരക്കച്ചവടങ്ങള്‍ വിനയാകുന്നു; എടച്ചേരി മേഖലയില്‍ വ്യാപാരികള്‍ക്ക് പ്രതിഷേധം
എടച്ചേരി: വടകര താലൂക്കിലെ വിവിധ ദേശീയപാതയോരങ്ങളിലെ വഴിയോരക്കച്ചവടങ്ങള്‍ സ്ഥിരംവ്യാപാരികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി പരാതി. പ്രധാനമായും പുതിയങ്ങാടി ടൗണ്‍, തലായി, പുറമേരി, കക്കംനെല്ലി, നാദാപുരം ടൗണില്‍ തലശ്ശേരി റോഡ് എന്നാ ഏരിയകളിലാണ് വഴിയോരക്കച്ചവടങ്ങള്‍ സജീവമാകുന്നത്.
സാമ്പത്തികമായി തളര്‍ന്നുകിടക്കുന്ന ചെറുകിട വ്യാപാര മേഖലക്ക് ഇതു വന്‍തോതില്‍ ഭീഷണിയാകുന്നുവെന്നും അവര്‍ പറയുന്നു.
ഗ്രാമീണ മേഖലയിലെ ചെറുകിട കച്ചവടം ആ പ്രദേശത്തെ പരിമിതമായ പ്രദേശവാസികളെ ആശ്രയിച്ചാണു നടക്കുന്നത്. എന്നാല്‍ അടഞ്ഞുകിടക്കുന്ന കടകളുടെ വരാന്തകളിലും നടപ്പാതകളിലും നിരവധി താല്‍ക്കാലിക കച്ചവടക്കാര്‍ രംഗത്തെത്തിയത് ചെറുകിട കച്ചവടക്കാരെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍ .
പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, തുണിത്തരങ്ങള്‍, ചെരുപ്പുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിങ്ങനെയുള്ള വിവിധതരം വസ്തുക്കളാണ് വഴിയോരങ്ങളിലും ഉന്തുവണ്ടികളിലൂടെയും വിറ്റഴിക്കപ്പെടുന്നത്. കൂടാതെ ഗുഡ്‌സ് ഓട്ടോറിക്ഷകളിലും മറ്റു ചെറുവാഹനങ്ങളിലും സാധനങ്ങള്‍ കൊണ്ടുവന്ന് മറ്റു കടകള്‍ക്ക് സമീപം റോഡരികില്‍ നിര്‍ത്തി വിറ്റഴിക്കുന്നതും നിത്യകാഴ്ചയാണ്. ഇവര്‍ വിറ്റഴിക്കപ്പെടുന്ന സാധനങ്ങള്‍ക്ക് ഗുണനിലവാരം കുറഞ്ഞതാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. ജനങ്ങളെ ആകര്‍ഷിക്കാനായി കടകളില്‍ കൊടുക്കേണ്ട വിലയേക്കാള്‍ അല്‍പം കുറച്ചായിരിക്കും ഇവര്‍ സാധനങ്ങള്‍ വില്‍പന നടത്തുക.
ടൗണുകളില്‍ കച്ചവടത്തിനായി ഒരു കട ലഭിക്കണമെങ്കില്‍ ഡെപ്പോസിറ്റ് തുകയും വലിയ വാടകയും നല്‍കണം.
കൂടാതെ ലൈസന്‍സ് ഫീസ്, തൊഴില്‍ നികുതി, സാനിറ്ററി ലൈസന്‍സ് എന്നിവ വേറെയും. ഓരോ വര്‍ഷവും പഞ്ചായത്ത് ഓഫിസില്‍ നികുതിയായി വലിയ തുക തന്നെ ഒടുക്കേണ്ടിവരുന്നുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നാട്ടിലെ മറ്റു പരിപാടികള്‍ക്കും കൊടുക്കേണ്ട സംഭാവനകള്‍ വേറെയും.
ഈ അവസ്ഥയില്‍ നന്നായി കച്ചവടം നടന്നാലേ പിടിച്ചുനില്‍ക്കാന്‍ കഴിയൂവെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍ വഴിയോര കച്ചവടക്കാര്‍ക്ക് ഇതൊന്നും ബാധകമല്ല. ഓരോ ടൗണിലും വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉയര്‍ന്നു വരുന്നതോടെ ചെറുകിട കച്ചവടക്കാരുടെ കച്ചവടത്തെ ബാധിച്ചുതുടങ്ങിയ സ്ഥിതിയാണ്. പല കച്ചവടക്കാരും ചെറുകിട മേഖലയില്‍ നിന്ന് മാറി മറ്റു തൊഴിലുകളിലേക്ക് പോവുകയാണ്.. ഇവരില്‍ പലരും ലോണ്‍ എടുത്താണ് കച്ചവടം തുടങ്ങിയിട്ടുള്ളത്. കച്ചവടം കുറവായതിനാല്‍ ലോണ്‍ തിരിച്ചടവുപോലും മുടങ്ങിയ സ്ഥിതിയാണുള്ളത്.
വ്യാപാരി വ്യവസായി സമിതി നാദാപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേരത്തെ അനധികൃത കച്ചവടത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം മേഖലയിലെ ചെറുകിട കച്ചവടക്കാര്‍ പുറമേരി പഞ്ചായത്ത് ഓഫിസിലേക്കും പ്രകടനം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."