'സര്‍ക്കാര്‍ ഒപ്പമുണ്ട് '
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ആയിരം കോടിരൂപയുടെ ക്രമക്കേടില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ സംരക്ഷിച്ച് സര്‍ക്കാര്‍. വ്യവസായവകുപ്പിന് കീഴില്‍ കരകൗശല വികസന കോര്പറേഷന് എം.ഡി എന്‍.കെ മനോജിന്റെ കാലാവധി വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെ സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. 2015ല്‍ എന്‍.കെ മനോജ് കൃഷി വകുപ്പിന് കീഴിലെ കാംകോയുടെ മാനേജിങ് ഡയരക്ടറായിരിക്കെ, എ.ജിയും സംസ്ഥാന ധനകാര്യപരിശോധനാ വിഭാഗവും കണ്ടെത്തിയത് വന്‍ ക്രമക്കേടായിരുന്നു.
കൃഷി ഉപകരണങ്ങള്‍ വാങ്ങിച്ചതില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് എ.ജിയുടേയും ധനകാര്യപരിശോധനാ വിഭാഗത്തിന്റെയും കണ്ടെത്തല്‍. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പുറത്തുവന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ വിജിലന്‍സ് അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. ഇതിനിടെ പിണറായി സര്‍ക്കാര്‍ വന്നതോടെ കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ മനോജിനെ സ്ഥാനത്തുനിന്നും മാറ്റി. എന്നാല്‍ വൈകാതെ മനോജിനെ വ്യവസായ വകുപ്പിന് കീഴില്‍ കരകൗശല കോര്‍പറേഷന്റെ തലപ്പത്ത് പ്രതിഷ്ടിച്ചു. ഈ മാസം മൂന്നിന് മനോജിന്റെ കാലവാധി അവസാനിച്ചെങ്കിലും ഒരു വര്‍ഷം കൂടി കാലാവധി നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു.
നേരത്തെയുള്ള നിയമനം വിജിലന്‍സ് അനുമതിയോടെയാണെന്നും കാലാവധി നീട്ടാന്‍ വീണ്ടും അനുമതി തേടേണ്ടെന്നുമാണ് വ്യവസായമന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം. അഴിമതി കേസില്‍ പ്രതിയായ കെ.എന്‍ രതീഷിനെ കണ്‍സ്യൂമര്‍ ഫെഡിന്റെ എം.ഡിയാക്കാനുള്ള നീക്കം അടുത്തിടെ വിവാദമായിരുന്നു.
അതിന് പിന്നാലെയാണ് അഴിമതികേസില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് സര്‍ക്കാര്‍ സംരക്ഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."