സഊദിയില്‍ ഒരു വര്‍ഷത്തിലധികമായി ശമ്പളമില്ലാതെ ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികള്‍ നാട്ടിലെത്തി
ജിദ്ദ: സഊദിയില്‍ സാമ്പത്തിക പ്രതിസന്ധി മൂലം ഒരു വര്‍ഷത്തിലധികമായി ശമ്പളമില്ലാതെ ദുരിതത്തിലായ ജെ ആന്‍ഡ് പി കമ്പനി തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ എംബസിയും തൊഴില്‍മന്ത്രാലയവും കൈത്താങ്ങായി നിന്നതോടെ ഭൂരിഭാഗം പേരും നാട്ടിലെത്തി.
പാസ്‌പോര്‍ട്ട് സംബന്ധമായ പ്രശ്‌നങ്ങളില്‍പെട്ട് എട്ട് പേര്‍ മാത്രമാണ് ഇപ്പോള്‍ ക്യാമ്പില്‍ അവശേഷിക്കുന്നത്. ഇവര്‍ അടുത്താഴ്ച നാട്ടിലേക്ക് തിരിക്കും. ഇതോടെ കമ്പനിയുടെ എല്ലാ ക്യാമ്പുകളും അടച്ചുപൂട്ടുകയും വസ്തുവകകള്‍ വില്‍പന നടത്തി നഷ്ടപരിഹാരം നല്‍കുന്ന നടപടികളിലേക്ക് പ്രവേശിക്കുകയും ചെയ്യും. ഇതിനാവശ്യമായ 25 ഓളം തൊഴിലാളികള്‍ കമ്പനി ആസ്ഥാനത്തുണ്ടാകും.
ഇഖാമ കാലാവധി അവസാനിച്ച് ഫൈനല്‍ എക്‌സിറ്റ് ലഭിക്കാന്‍ പ്രയാസം നേരിട്ട 500 ലേറെ പേര്‍ക്ക് തൊഴില്‍മന്ത്രാലയം തന്നെ നേരിട്ട് ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ടിക്കറ്റ് നല്‍കുകയായിരുന്നുവെന്ന് ക്യാമ്പിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് പറഞ്ഞു. ഇഖാമ കാലാവധിയുള്ളവരില്‍ ഫൈനല്‍ എക്‌സിറ്റില്‍ പോകാന്‍ താല്‍പര്യപ്പെട്ട 500 ഓളംപേര്‍ക്ക് ഇന്ത്യന്‍ എംബസിയും ടിക്കറ്റ് നല്‍കി. കമ്പനിയിലുണ്ടായിരുന്ന 2,600 ഓളം ഇന്ത്യക്കാരില്‍ ബാക്കിയുള്ളവര്‍ വിവിധ കമ്പനികളിലേക്ക് സ്‌പോണ്‍സര്‍ഷിപ് മാറുകയും ചെയ്തു. ഒരിടത്തേക്കും സ്‌പോണ്‍സര്‍ഷിപ് മാറാന്‍ സാധിക്കാത്തവരും നാട്ടില്‍ പോകാന്‍ ആഗ്രഹിച്ചവരും മാത്രമാണ് ഫൈനല്‍ എക്‌സിറ്റില്‍ പോയത്.
സൈപ്രസ് ആസ്ഥാനമായി നിര്‍മാണ, എന്‍ജിനീയറിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ ബഹുരാഷ്ട്ര കമ്പനി കഴിഞ്ഞ വര്‍ഷം ജനുവരി മുതലാണ് സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടത്. ആഭ്യന്തര മന്ത്രാലയത്തിന്റെതടക്കം വന്‍കിട പദ്ധതികള്‍ ഏറ്റെടുത്തിരുന്ന കമ്പനിയില്‍ സഊദിയിലെ വിവിധ ക്യാമ്പുകളിലായി 7,000 ത്തോളം തൊഴിലാളികളുണ്ടായിരുന്നു. 1,200 ഓളം പേരാണ് റിയാദ് എക്‌സിറ്റ് 16 ലും 18 ലും അല്‍ഖര്‍ജിലുമുള്ള ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നത്. നിലവിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദും മുന്‍ അംബാസഡര്‍ അഹമ്മദ് ജാവേദും ജെ ആന്‍ഡ് പി വിഷയത്തില്‍ സജീവമായി ഇടപെട്ടത് കൊണ്ടാണ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്.
ശമ്പളം മുടങ്ങിയ പരാതി 2018 ജൂലൈ 18 ന് ഇന്ത്യന്‍ എംബസിയില്‍ ലഭിച്ചപ്പോള്‍ അന്നത്തെ അംബാസഡര്‍ അഹമ്മദ് ജാവേദ് വിഷയം സൗദി തൊഴില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ അന്നത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നിര്‍ദേശപ്രകാരം മന്ത്രി വി.കെ.സിംഗ് റിയാദിലെത്തി ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും സഊദിയധികൃതരെ കണ്ട് പ്രശ്‌ന പരിഹാരത്തിന് വേഗത കൂട്ടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."