ഭൂന്യായവില പുനര്‍നിര്‍ണയം: ഊര്‍ങ്ങാട്ടിരിക്ക് ആശ്വാസമാകും
അരീക്കോട്: ജില്ലയില്‍ ഭൂമി ന്യായ വില പുനര്‍നിര്‍ണയം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന ജില്ലാ കലക്ടറുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷയോടെ ഊര്‍ങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത്. നവംബര്‍ ഒന്നിന് പ്രക്രിയക്ക് തുടക്കമിട്ട് മൂന്ന് മാസം കൊണ്ട് വിവരശേഖരണം പൂര്‍ത്തിയാക്കി പുനര്‍നിര്‍ണയം തീര്‍പ്പാക്കും.
2010 ഏപ്രില്‍ മുതല്‍ ഭൂമി വില നിര്‍ണയത്തിലെ അപാകത മൂലം ഏറെ ദുരിതം അനുഭവിക്കുകയാണ് ഊര്‍ങ്ങാട്ടിരിയിലെ ജനങ്ങള്‍. ഊര്‍ങ്ങാട്ടിരി, വെറ്റിലപ്പാറ എന്നീ രണ്ട് വില്ലേജുകളുള്‍പ്പെടുന്ന ഏകദേശം 80 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്താണ് ഊര്‍ങ്ങാട്ടിരി. ഇതില്‍ ഊര്‍ങ്ങാട്ടിരിയില്‍ വ്യാപകമായ രീതിയിലും വെറ്റിലപ്പാറയില്‍ വിവിധ ഇടങ്ങളിലുമാണ് ഭൂ ന്യായവിലയില്‍ അപാകത വന്നത്. ഒരു ആര്‍ (2.47 സെന്റ്) നാണ് ന്യായവില കണക്കാക്കുന്നത്. ഇതു പ്രകാരം ഒരു ആറിന് നാലര ലക്ഷം വരെ മുടക്കേണ്ട സ്ഥലങ്ങള്‍ നിലവില്‍ ഊര്‍ങ്ങാട്ടിരിയിലുണ്ട്. ഭൂമിയുടെ വിലയുടെ അഞ്ചും ആറും ഇരട്ടി പണം രജിസ്‌ട്രേഷന് ചെലവാകുന്ന അവസ്ഥയാണിപ്പോള്‍ ഇവിടെയുള്ളത്. നിലവില്‍ 80,000 രൂപയും 40,000 രൂപയും ന്യായവിലയുള്ള ഭൂമിക്ക് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം 50 ശതമാനം വര്‍ധനവ് കൂടി പ്രഖ്യാപിച്ചതോടെ യഥാക്രമം ആറിന് 1.20 ലക്ഷം രൂപ, 60,000 രൂപ എന്നിങ്ങനെ വര്‍ധിച്ചതും ഇവിടെ ദുരിതം ഇരട്ടിയാക്കി. തൊട്ടടുത്ത പട്ടണങ്ങളായ അരീക്കോടും എടവണ്ണയും ഊര്‍ങ്ങാട്ടിരിയുടെ മലമ്പ്രദേശത്തേക്കാള്‍ വില കുറഞ്ഞ ഭൂമികളാണ് സര്‍ക്കാര്‍ കണക്കില്‍ എന്നതാണ് രസകരമായ കാര്യം. 2010 ഏപ്രില്‍ മാസം ഊര്‍ങ്ങാട്ടിരിയില്‍ നിലവില്‍ വന്ന ഭൂ ന്യായവിലയിലെ അപാകത സംസ്ഥാനത്ത് തന്നെ അത്യപൂര്‍വമാണ്. അപാകത കാരണം ആയിരക്കണക്കിന് സാധാരണക്കാരാണ് തങ്ങള്‍ പണം മുടക്കി വാങ്ങിയ ഭൂമി രജിസ്റ്റര്‍ ചെയ്യാനാവാതെ വലഞ്ഞ് കൊണ്ടിരിക്കുന്നത്.
പെരകമണ്ണ വില്ലേജില്‍ ആറിന് 5000 മുതല്‍ 10000 രൂപ വരെയും എടവണ്ണ, അരീക്കോട് പട്ടണങ്ങളില്‍ 20,000 രൂപയും വരുമ്പോഴാണ് ഊര്‍ങ്ങാട്ടിരിയിലെ പെരിങ്ങപ്പാറ മലമുകളില്‍ വരെ ലക്ഷങ്ങള്‍ മുദ്രപ്പത്രത്തിന് മാത്രം ചെലവഴിക്കേണ്ട അവസ്ഥ. അഞ്ചും സെന്റും പത്ത് സെന്റും വാങ്ങി വീട് നിര്‍മിക്കാന്‍ തയാറായി നിന്ന നൂറു കണക്കിന് കുടുംബങ്ങളാണ് ഭവന നിര്‍മാണത്തേക്കാള്‍ ചെലവ് മുദ്രപ്പത്രത്തിന് ചെലവഴിക്കേണ്ടതിനാല്‍ അന്ധാളിച്ച് നില്‍ക്കുന്നത്. ഭാഗപത്രത്തിന്റെ രണ്ട് ശതമാനം ഫീസ് വരെ കനത്ത സംഖ്യയാണ് വരുന്നത്. സമാനമായ പ്രശ്‌നമാണ് മഞ്ചേരി, നറുകര വില്ലേജുകളില്‍ ഉണ്ടായിരുന്നത്. അഡ്വ. എം.ഉമ്മര്‍ എം.എല്‍.എ വിഷയം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതോടെ മഞ്ചേരി, നറുകര വില്ലേജുകളിലെ വില നിര്‍ണയ അപാകത തിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ അത്തരം ഒരു നീക്കവും കഴിഞ്ഞ എട്ട് വര്‍ഷമായി ഊര്‍ങ്ങാട്ടിരിയുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."