നൂറേക്കറോളം ഭൂമി നഷ്ടപ്പെട്ടു ; അനാഥമായി കുടപ്പനക്കുന്ന് മൃഗസംരക്ഷണ കേന്ദ്രം
പേരൂര്‍ക്കട: കവടിയാര്‍ രാജകൊട്ടാരത്തിലേക്കാവശ്യമായ ശുദ്ധമായ പാല്‍ വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ നൂറ്റാണ്ടിനുമുമ്പ് കുടപ്പനക്കുന്നില്‍ ആരംഭിച്ച മൃഗസംരക്ഷണകേന്ദ്രം ഇന്നു വാര്‍ധക്യാവസ്ഥയില്‍. 500 ഓളം പശുക്കളില്‍നിന്ന് നൂറുകണക്കിന് ലിറ്റര്‍ പാല്‍ ലഭിച്ചുകൊണ്ടിരുന്ന ഇവിടെ ഇപ്പോള്‍ മൃഗങ്ങളുടെ എണ്ണം ചുരുക്കിക്കൊണ്ടിരിക്കുന്നു. ഒരുകാലത്ത് 150 ഓളം ഏക്കര്‍ ഭൂമിയുണ്ടായിരുന്ന കേന്ദ്രത്തിന് ഇപ്പോള്‍ 50 ഏക്കറോളം ഭൂമി മാത്രമാണുള്ളത്. കൂപ്പണ്‍ സമ്പ്രദായം ഉപയോഗിച്ച് പാല്‍ വിതരണം ചെയ്യുന്ന ഇവിടെ ഇപ്പോള്‍ പാല്‍ ലഭിക്കാന്‍ അടികൂടേണ്ട അവസ്ഥയിലാണ് പൊതുജനങ്ങള്‍. മൃഗങ്ങള്‍ വാഴില്ലെന്നും രോഗങ്ങള്‍ ചികിത്സിച്ചുമാറ്റാന്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ കിട്ടുന്നില്ലെന്നു പറഞ്ഞും നാല്‍ക്കാലികളില്‍ ചിലതിന്റെ വംശവര്‍ധനവ് നടക്കുന്നില്ലെന്നുമൊക്കെ പറഞ്ഞ് ചില അധികാരകേന്ദ്രങ്ങള്‍ ഫാമിനെ നശിപ്പിക്കാനുള്ള ശ്രമമാണ് നടത്തിവരുന്നത്.
പന്നികളെ ധാരാളം ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരുന്ന ഇവിടെ ഇപ്പോഴുള്ള പന്നികള്‍ രോഗം പിടിച്ച അവസ്ഥയിലാണ്. മൃഗങ്ങളുടെ കുളമ്പുകള്‍ വൃത്തിയാക്കുന്നതിനോ രോഗം വന്നവയ്ക്ക് യഥാവിധി ചികിത്സ നല്‍കുന്നതിനോ ആവശ്യത്തിന് ആഹാരം നല്‍കുന്നതിനോ ശ്രദ്ധയുണ്ടാകുന്നില്ല. ചില പ്രത്യേകതരം തീറ്റപ്പുല്‍കൃഷി നടത്തിയിരുന്ന ഫാമില്‍ ഇന്നു നാമമാത്രമായ കൃഷിയേ ഉള്ളൂ. വിതുര ചെറ്റച്ചല്‍ഫാമിന്റെ ഭാഗമാക്കി കുടപ്പനക്കുന്ന് ഫാമിനെ മാറ്റുക എന്ന ഗൂഢലക്ഷ്യം ഇപ്പോള്‍ ഇവിടെയുണ്ട്. അടുത്തിടെ അതിനുള്ള ശക്തമായ ശ്രമങ്ങള്‍ ഉണ്ടായെങ്കിലും ഇവിടത്തെ ജീവനക്കാര്‍ അതിനു തടയിടുകയായിരുന്നു.
നേരത്തേ വിവിധയിനം ആടുകള്‍ ഉള്‍പ്പെടെ ഒട്ടേറെ മൃഗങ്ങള്‍ മൃഗസംരക്ഷണകേന്ദ്രത്തിലുണ്ടായിരുന്നു. എന്നാല്‍ സിവില്‍സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ മൃഗങ്ങളെ സ്വാഭാവികമായ രീതിയില്‍ വളര്‍ത്താന്‍ പറ്റാതായി. വാഹനങ്ങളുടെ പാച്ചിലും പൊടിപടലങ്ങളും ഫാമിലെ മൃഗങ്ങളുടെ ആരോഗ്യത്തെ ബാധിക്കുകയായിരുന്നു. ന്യുമോണിയ രോഗം പിടിപെട്ട് മൃഗങ്ങള്‍ ചാകുകയും ചെയ്തു. കൃത്യമായ ഉയരത്തില്‍ മതില്‍ കെട്ടിയും കമ്പിവേലി തിരിച്ചും ഫാമിനെ സംരക്ഷിക്കാനുള്ള യാതൊരു പ്രവര്‍ത്തനവും ഇവിടെ നടക്കുന്നില്ല. സ്ഥാപനത്തിന് പ്രവര്‍ത്തിക്കാനുള്ള അസൗകര്യം കണക്കിലെടുത്ത് ഇനി ആര്‍ക്കും ഇവിടത്തെ ഭുമി വിട്ടു നല്‍കുന്ന പ്രശ്‌നമില്ലെന്ന് വകുപ്പു മന്ത്രി തന്നെ ഒരാഴ്ച മുമ്പ് ഇവിടെ നടന്ന ഒരു പൊതുവേദിയില്‍ പ്രസ്താവിച്ചിരുന്നു. സ്ഥലക്കുറവുള്ളതുകൊണ്ടു തന്നെ കുടപ്പനക്കുന്നില്‍ എത്തേണ്ട പല പദ്ധതികളും മറ്റ് സ്ഥലങ്ങളിലേക്ക് പോകുകയാണ്. അതുകൊണ്ട് ഉള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തി മൃഗസംരക്ഷണകേന്ദ്രത്തെ സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."