രാജിവ് വധക്കേസ് പ്രതി നളിനിയുടെ പരോള്‍ കാലാവധി നീട്ടി
ചെന്നൈ: രാജിവ് ഗാന്ധി വധക്കേസില്‍ പ്രതിയായ നളിനിയുടെ പരോള്‍ കാലാവധി മൂന്നാഴ്ചത്തേക്കുകൂടി നീട്ടി.
കേസിലെ ഏഴ് പ്രതികളിലൊരാളായ നളിനി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവെ ജൂലൈ 25നാണ് പരോള്‍ അനുവദിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. മകളുടെ വിവാഹം നടത്തുന്നതുമായി ബന്ധപ്പെട്ട് പരോള്‍ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഒരു മാസത്തേക്ക് പരോള്‍ നല്‍കിയിരുന്നത്. നളിനി ഗര്‍ഭിണിയായിരിക്കെയാണ് രാജിവ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായത്. ഇവിടെവച്ചാണ് മകള്‍ ഹരിതക്ക് ജന്മം നല്‍കിയത്. മകള്‍ ഇപ്പോള്‍ ലണ്ടനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്.
മകളുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒരുക്കുന്നതിനായി പരോള്‍ ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് അവര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് അഭിപ്രായം അറിയിക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഒരു പ്രതിക്ക് കൂടിയാല്‍ 30 ദിവസം മാത്രമേ പരോള്‍ അനുവദിക്കാന്‍ കഴിയൂ എന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
പരോള്‍ നീട്ടി നല്‍കുന്നതിന് റൂള്‍ നമ്പര്‍ 22ല്‍ പറയുന്നുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് മൂന്ന് ആഴ്ചത്തേക്കുകൂടി പരോള്‍ നീട്ടി നല്കാന് ഹൈക്കോടതി ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."