ആ മുറിയില്‍ ചിദംബരം അന്ന് വിശിഷ്ടാതിഥി; ഇപ്പോള്‍ പ്രതി
ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു ഐ.എന്‍.എക്‌സ് മീഡിയാ കേസുമായി ബന്ധപ്പെട്ട അറസ്റ്റ്. അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ ഡല്‍ഹി ലോധി റോഡിലെ സി.ബി.ഐ ആസ്ഥാന കെട്ടിടം ഉദ്ഘാടനം ചെയ്യാനായി വിശിഷ്ടാതിഥിയായി ഇരുന്ന മുറിയിലാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ചോദ്യം ചെയ്യാനായും സി.ബി.ഐ സംഘം ഇരുത്തിയത്. ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്ത അദ്ദേഹത്തെ നേരെ എത്തിച്ചത് ഈ മുറിയിലേക്കായിരുന്നു.
പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ ഭരിച്ച 2008 നവംബര്‍ മുതല്‍ 2012 ജൂലൈ വരെയുള്ള കാലയളവില്‍ ചിദംബരമായിരുന്നു ആഭ്യന്തര മന്ത്രി. 2011 ജൂണ്‍ 30നായിരുന്നു സി.ബി.ഐ ആസ്ഥാനത്തെ കെട്ടിടോദ്ഘാടനം.
അറസ്റ്റിനു പിന്നില്‍ രാഷ്ട്രീയ കുടിപ്പക: മമത
കൊല്‍ക്കത്ത: കോണ്‍ഗ്രസ് നേതാവ് ചിദംബരത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ശരിയായ രീതിയിലായിരുന്നില്ലെന്ന വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
അറസ്റ്റിനെതിരേ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ നടത്തിയ രൂക്ഷ വിമര്‍ശനത്തിനു പിന്നാലെയാണ് മമതയും കേന്ദ്രത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കേന്ദ്ര ഏജന്‍സിയുടെ നടപടികള്‍ പലപ്പോഴും ശരിയായ രീതിയിലല്ല. ചിദംബരം മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ്. അതിലുപരി അദ്ദേഹം ധനകാര്യ, ആഭ്യന്തര വകുപ്പുകള്‍ കൈകാര്യം ചെയ്ത മുന്‍മന്ത്രികൂടിയാണ്. അദ്ദേഹത്തിന്റെ അറസ്റ്റ് നിര്‍ഭാഗ്യകരമാണെന്നും മമത കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയാകെ മാറിയിരിക്കുന്നു. എന്തിനാണ് സി.ബി.ഐ സംഘം മതില്‍ ചാടിക്കടന്ന് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന നടപടിയാണ്. ഇത്തരത്തിലുള്ള അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്-മമത ആരോപിച്ചു. മുന്‍കൂര്‍ ജാമ്യത്തിനുവേണ്ടി ചിദംബരം ശ്രമിക്കുന്നതിനിടയിലുണ്ടായ അറസ്റ്റിന് പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നത് വ്യക്തമാണെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ചെന്നൈയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."