തിരികെപ്പോകാന്‍ കൂട്ടാക്കാതെ റോഹിംഗ്യകള്‍
ധാക്ക: മ്യാന്‍മര്‍ സര്‍ക്കാരിന്റെ റോഹിംഗ്യന്‍ പുനരധിവാസ പദ്ധതി പാളുന്നു. രാജ്യത്ത് സുരക്ഷ ഉറപ്പുനല്‍കാത്തിടത്തോളം സ്വദേശത്തേയ്ക്കു മടങ്ങില്ലെന്നു ബംഗ്ലാദേശിലുള്ള റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ നിലപാടെടുത്തതാണ് കാരണം.
റോഹിംഗ്യകള്‍ താമസിക്കുന്ന ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍നിന്ന് ഇവരെ നാട്ടിലേക്കു കൊണ്ടുപോകാന്‍ ബസുകളെത്തിയെങ്കിലും അഭയാര്‍ഥികള്‍ അതിനു തയാറായില്ല. മ്യാന്‍മറിലേക്കു തിരികെപ്പോകാന്‍ റോഹിംഗ്യന്‍ അഭയാര്‍ഥികളിലെ ഒരു കുടുംബംപോലും തയാറായില്ലെന്നാണ് ബംഗ്ലാദേശിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിഷയത്തില്‍ കഴിഞ്ഞ ദിവസം 214 കുടുംബങ്ങളുമായി സംസാരിച്ചെന്നു വ്യക്തമാക്കിയ ബംഗ്ലാദേശ് റെഫ്യൂജീ റിലീഫ് ഉദ്യോഗസ്ഥന്‍, അവരാരും മ്യാന്‍മറിലേക്കു മടങ്ങാന്‍ തയാറായില്ലെന്നും വ്യക്തമാക്കി.
മ്യാന്‍മറിലേക്കു മടങ്ങുന്നതിനായി 20,000 പേരുടെ ലിസ്റ്റാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ മ്യാന്‍മര്‍ സര്‍ക്കാരിനു കൈമാറിയിരുന്നത്. ഇതില്‍ 3,450 പേര്‍ക്കാണ് നിലവില്‍ മടങ്ങാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. ഇവരെ ഘട്ടംഘട്ടമായി തിരികെയെത്തിക്കാനായി അഞ്ചു ബസുകളും പത്തു ട്രക്കുകളും ബംഗ്ലാദേശിലെ കോക്‌സ്ബസാറില്‍ എത്തിച്ചിട്ടുമുണ്ട്. എന്നാല്‍, ഇവരാരും മടങ്ങാന്‍ തയാറാകുന്നില്ലെന്നാണ് വിവരം.
2017ല്‍ മ്യാന്‍മറിലുണ്ടായ വംശീയാതിക്രമത്തെ തുടര്‍ന്ന് ഏഴു ലക്ഷത്തിലേറെ റോഹിംഗ്യന്‍ മുസ്‌ലിംകളാണ് ബംഗ്ലാദേശിലേക്കും മറ്റുമായി പലായനം ചെയ്തിരുന്നത്.
സംഭവത്തിലെ നിലപാടുകളെ തുടര്‍ന്ന് മ്യാന്‍മര്‍ ഭരണാധികാരി ഓങ് സാന്‍ സൂക്കി അന്താരാഷ്ട്രതലത്തില്‍ വന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ തുടര്‍ന്നാണ് അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ മ്യാന്‍മര്‍ തയാറായിരുന്നത്. എന്നാല്‍, അക്കാര്യങ്ങള്‍ക്കായി നടന്ന ചര്‍ച്ചകളില്‍ മ്യാന്‍മര്‍ സ്വീകരിച്ച കടുത്ത നിലപാടുകളും വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."