പ്രതിഷേധങ്ങളെ വെല്ലുവിളിച്ച് മാധ്യമപ്രവര്‍ത്തകയും യുവതിയും സന്നിധാനത്തേക്ക്; വന്‍ സുരക്ഷയൊരുക്കി പൊലിസ്
പമ്പ: രൂക്ഷമായ എതിര്‍പ്പുകള്‍ അവഗണിച്ച് ആന്ധ്രയില്‍ നിന്നുള്ള വനിതാ മാധ്യമപ്രവര്‍ത്തകയും ഒരു യുവതിയും സന്നിധാനത്തേക്ക് പുറപ്പെട്ടു. മോജോ ടിവി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ കവിതയും ഇരുമുടിക്കെട്ടുമായി ഒരു യുവതിയുമാണ് നൂറിലധികം പൊലിസുകാരുടെ വലയത്തില്‍ സന്നിധാനത്തേക്ക് പോകുന്നത്. യുവതിയുടെ പേര് വിവരങ്ങള്‍ ലഭ്യമല്ല.
സന്നിധാനത്ത് ഇവരെ തടയുമെന്ന് ഭക്തര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
മാധ്യമപ്രവര്‍ത്തക പൊലിസ് ഉപയോഗിക്കുന്ന ഹെല്‍മറ്റും മറ്റ് വേഷവിധാനങ്ങളും അണിഞ്ഞിട്ടുണ്ട്. നീലിമല വഴിയാണ് ഇവര്‍ പോകുന്നത്. ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ഇവരെ അനുഗമിക്കുന്നുണ്ട്.
ജോലിസംബന്ധമായ ആവശ്യത്തിന് തനിക്ക് ശബരിമലയില്‍ പോകണമെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് ഇന്നലെ രാത്രിയാണ് പൊലിസിനെ സമീപിച്ചത്. ഐ.ജി ശ്രീജിത്ത് അടക്കമുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥരുമായി ഇവര്‍ പിന്നീട് കൂടിക്കാഴ്ച നടത്തിയിരുന്നു. രാത്രിയിലെ യാത്ര ബുദ്ധിമുട്ടാണെന്നും രാവിലെ യുവതി തയ്യാറാണെങ്കില്‍ സുരക്ഷ നല്‍കാമെന്നും പൊലിസ് അറിയിക്കുകയായിരുന്നു.
രാവിലെ ഐ.ജി എത്തിയ ശേഷമാണ് ഇവര്‍ യാത്ര തിരിച്ചത്. ഇന്നലെ സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ച ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിന് പ്രതിഷേധത്തെത്തുടര്‍ന്ന് പിന്മാറേണ്ടി വന്നിരുന്നു. ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് എല്ലാ സുരക്ഷയും ഒരുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്കിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."