മലബാറിലെ ഏറ്റവും ഉയരം കൂടിയ പാലം തയാര്‍
പെരിയ(കാസര്‍കോട്): മലബാറിലെ ഏറ്റവും ഉയരം കൂടിയ റോഡ് പാലം കാസര്‍കോട്ട് തയാറായി. പുല്ലൂര്‍ പെരിയ, ബേഡകം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് പാലമാണ് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം യാഥാര്‍ഥ്യമായത്. നാല് ഭാഗവും കുന്നുകളാല്‍ ചുറ്റപ്പെട്ട മനോഹരമായ പ്രദേശത്താണ് ഇരു പഞ്ചായത്തുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മിച്ചിരിക്കുന്നത്. കുന്നുകളുടെ താഴ്വാരത്തില്‍ കൂടി ഒഴുകുന്ന ആയംകടവ് പുഴക്ക് മുകളിലൂടെ പണിത പാലത്തിന് 14 കോടി രൂപയാണ് ചെലവിട്ടത്. കാസര്‍കോട് വികസന പാക്കേജിന്റെ ഭാഗമാണ് പദ്ധതി.
പാലത്തിന്റെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായത് ഇരു പഞ്ചായത്തുകളിലെയും ജനങ്ങളുടെ ഏറെ നാളത്തെ യാത്രാ ദുരിതത്തിന് അറുതിയാകും. 180 മീറ്ററാണ് പാലത്തിന്റെ നീളം. 11.5 മീറ്റര്‍ വീതിയുള്ള പാലത്തിന്റെ ഇരു വശങ്ങളിലുമായി നടപ്പാതയും ഒരുക്കിയിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയായതോടെ സംസ്ഥാനത്തെ ഉയരം കൂടിയ പാലങ്ങളുടെ പട്ടികയില്‍ ആയംകടവും സ്ഥാനം പിടിച്ചു. പാലത്തിന്റെ അടിഭാഗത്ത് ഡി.ടി.പി.സിയുടെ സഹായത്തോടെ പുഴയുടെ സൗന്ദര്യം ആസ്വദിക്കാനുതകുന്ന ടൂറിസം കേന്ദ്രത്തിന്റെ നിര്‍മാണവും പുരോഗമിച്ചു വരുകയാണ്. ബേക്കല്‍ കോട്ടയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കു പ്രകൃതി സാന്ദര്യം ആസ്വദിക്കാന്‍ ആയംകടവ് പാലത്തില്‍ സംവിധാനങ്ങളും ഉണ്ട്. 2016 ഡിസംബറിലാണ് റോഡ്സ് ഡിവിഷന് കാസര്‍കോട് ഓഫിസിന്റെ കീഴില്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്. മജക്കര് ,അസിസ്റ്റന്റ് എഞ്ചിനീയര്‍ ബെന്നി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ നിര്‍മാണ ജോലികള്‍ നടന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പാലം നിര്‍മാണം പൂര്‍ത്തിയായെങ്കിലും അനുബന്ധ റോഡ് നിര്‍മാണവും മറ്റു ജോലികളും നടന്നു വരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."