രണ്ടാം നാട്ടങ്കത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: കഴിഞ്ഞ മത്സരത്തിലെ പോരായ്മ പരിഹരിച്ചു രണ്ടാം നാട്ടങ്കത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരേ വിജയലക്ഷ്യവുമായി ഇന്ന് കേരളത്തിന്റെ മഞ്ഞപ്പട കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇറങ്ങും. ഐ.എസ്.എല്‍ അഞ്ചാം സീസണിലെ ആദ്യ ഹോംമാച്ചില്‍ മുംബൈ സിറ്റി എഫ്.സിയോട് 1-1 ന് സമനിലയില്‍ പിരിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് വളരെ വിജയപ്രതീക്ഷയോടെയാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ഡല്‍ഹി ഡൈനാമോസിനെതിരേ മുന്‍പ് കളത്തിലിറങ്ങിയപ്പോള്‍ കൂടുതല്‍ വിജയങ്ങള്‍ നേടാന്‍ കഴിഞ്ഞതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.
കഴിഞ്ഞ സീസണില്‍ ഡല്‍ഹിയുമായി ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സിനായിരുന്നു വിജയം. ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ 3-1നും കൊച്ചിയില്‍ നടന്ന മത്സരത്തില്‍ 2-1നും ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു. ആ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ടായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഇന്ന് ആരാധകര്‍ക്ക് മുന്നില്‍ പന്തുതട്ടാനിറങ്ങുക. ഒപ്പം സീസണിലെ ആദ്യ ജയത്തിനായി ഡല്‍ഹി ഡൈനാമോസും ഇറങ്ങുമ്പോള്‍ ഒരു നല്ല മത്സരത്തിനാവും കൊച്ചി സാക്ഷ്യം വഹിക്കുക. ഡല്‍ഹിയുമായി മുന്‍പ് പത്ത് മത്സരങ്ങളില്‍ ഏറ്റുമുട്ടിയതില്‍ അഞ്ച് വിജയവും മൂന്ന് സമനിലയും സ്വന്തമാക്കിയ മഞ്ഞപ്പടയക്ക് വലിയ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഡല്‍ഹിക്കാകട്ടെ രണ്ട് വിജയങ്ങള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഗോള്‍വേട്ടയില്‍ ഏകദേശം തുല്യശക്തികളായി നിലനില്‍ക്കുകയുമാണ്. സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എ.ടി.കെയെ അവരുടെ തട്ടകത്തില്‍ 2-0ന് തകര്‍ത്ത് മിന്നുന്ന തുടക്കമിട്ട ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞ കളിയില്‍ സ്വന്തം കാണികളുടെ മുന്നില്‍ അവസരത്തിനൊത്തുയരാന്‍ കഴിഞ്ഞിരുന്നില്ല. ഇന്‍ജുറി ടൈമില്‍ നേടിയ ഗോളില്‍ മുംബൈ സിറ്റി ബ്ലാസ്‌റ്റേഴ്‌സിനോട് സമനില പിടിച്ചത് മഞ്ഞപ്പടയുടെ ആരാധകരെ നിരാശരാക്കിയിരുന്നു.
തങ്ങളുടെ അവസാന മത്സരത്തില്‍ എ.ടി.കെ കൊല്‍ക്കത്തയോട് തോല്‍വി വഴങ്ങിയ ക്ഷീണവുമായാണ് ഡല്‍ഹി ഡൈനാമോസ് ഇന്ന് കളത്തിലിറങ്ങുന്നത്. രണ്ടുകളിയില്‍ നിന്നും വെറും ഒരു പോയിന്റ് മാത്രമുള്ള ഡല്‍ഹിക്ക് കൊച്ചിയിലെത്തുമ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. കളി ജയിക്കുകയല്ലാതെ തങ്ങളുടെ നിലനില്‍പ്പിന് മറ്റൊരു മാര്‍ഗവുമില്ലെന്ന തിരിച്ചറിവോടുകൂടിയാണ് ഡല്‍ഹി മത്സരത്തിനിറങ്ങുന്നത്. എ.ടി.കെയ്‌ക്കെതിരേ 4-1-4-1 ശൈലിയില്‍ ഇറങ്ങിയപ്പോള്‍ മുംബൈ സിറ്റിക്കെതിരേ 4-2-3-1 എന്ന രീതിയാണ് കോച്ച് ഡേവിഡ് ജെയിംസ് സ്വീകരിച്ചത്. നിക്കോളാ ക്രമറേവിച്ചിനൊപ്പം സഹല്‍ അബ്ദുല്‍ സമദും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലിറങ്ങി. ഈ രീതിയില്‍ തന്നെയായിരിക്കും ഡേവിഡ് ജെയിംസ് ഡല്‍ഹി ഡൈനാമോസിനെതിരേയും ഇന്ന് താരങ്ങളെ മൈതാനത്ത് വിന്യസിക്കുക. കഴിഞ്ഞ രണ്ട് മത്സരത്തിലും പരിക്കുകാരണം പുറത്തിരുന്ന ഫ്രഞ്ച് പ്രതിരോധതാരം സിറില്‍ കാലി ശാരീരികക്ഷമത വീണ്ടെടുത്തെന്നാണ് ജെയിംസ് നല്‍കുന്ന സൂചന. നായകന്‍ സന്ദേശ് ജിങ്കന്‍ നേതൃത്വം നല്‍കുന്ന പ്രതിരോധക്കോട്ടയില്‍ കാലി ഇന്ന് കളത്തിലിറങ്ങിയാല്‍ മുഹമ്മദ് ഹാകിപോ, ലാല്‍റുവാത്താരയോ പുറത്തിരിക്കേണ്ടിവരും. പ്രതിരോധത്തിനു തൊട്ടുമുന്നിലായി ഹോള്‍ഡിങ് മിഡ്ഫീല്‍ഡറായി സെര്‍ബിയന്‍ താരം നിക്കോള ക്രമാരവിച്ചും സഹല്‍ അബ്ദുല്‍ സമദും ഇറങ്ങിയേക്കും. സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി സെര്‍ബിയന്‍ താരം സ്ലാവിസ്ല സ്‌റ്റൊയനോവിച്ചും വിങ്ങുകളില്‍ ഹാലിചരണ്‍ നര്‍സാരി, സെയ്മിന്‍ലെന്‍ ദുംഗല്‍ എന്നിവരും എത്തിയേക്കും. മറിച്ച് സി.കെ വിനീതിനെ ഇന്ന് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ ദുംഗല്‍ സൈഡ് ബെഞ്ചിലേക്ക് മാറാനും സാധ്യതയുണ്ട്. സ്‌ട്രൈക്കറുടെ റോളില്‍ സ്ലൊവേനിയന്‍ താരമായ പോപ്ലാട്‌നിക്കും ഗോള്‍വലയ്ക്ക് മുന്നില്‍ ധീരജ് സിങ്ങും ഉറപ്പാണ്.
രണ്ട് മത്സരങ്ങളില്‍ ഒരു സമനിലയും ഒരു തോല്‍വിയും വഴങ്ങി ഒരു പോയിന്റുമായി എട്ടാമതാണ് ഡല്‍ഹി ഡൈനാമോസ്. സീസണിലെ ആദ്യ എവേ മത്സരത്തിനാണ് ഡല്‍ഹി ഇന്ന് ഇറങ്ങുന്നത്. ആദ്യം കളിച്ച രണ്ട് മത്സരങ്ങളും ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലായിരുന്നു. ആദ്യ കളിയില്‍ പൂനെ സിറ്റിയോട് 1-1ന് സമനില പാലിച്ച അവര്‍ രണ്ടാം കളിയില്‍ എ.ടി.കെയോട് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തോറ്റു. 4-2-3-1 ശൈലിയിലായിരിക്കും ഡല്‍ഹി കോച്ച് ടീമിനെ മൈതാനത്ത് അണിനിരത്തുക. സ്പാനിഷ് താരം ഫ്രാന്‍സിസ്‌കോ ദൊരോന്‍സൊറോയായിരിക്കും ഗോള്‍വലയ്ക്ക് കാവല്‍. പ്രീതം കോട്ടാല്‍, നാരായണ്‍ ദാസ്, മാര്‍ടി ക്രെസ്പി, റാണാ ഖരാമി എന്നിവര്‍ പ്രതിരോധത്തില്‍ ഇറങ്ങാനാണ് സാധ്യത. സെര്‍ബിയന്‍ താരം ആന്‍ഡ്രെ കലുഡെറോവിച്ച് സ്‌ട്രൈക്കറായും വിനീത് റായ്, ശുഭം സാരംഗി, സ്ലോവേനിയന്‍ താരം റെനെ മിഹെലിച്ച്, ലാലിയന്‍സുല ചാങ്‌തെ, നന്ദകുമാര്‍ തുടങ്ങിയവര്‍ മധ്യനിരയില്‍ കളിമെനയാനും എത്തിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."