58 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം
ആലപ്പുഴ: ജില്ലയിലെ 58 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലിന്റെ ആധ്യക്ഷതയില്‍ ആസൂത്രണ സമിതി ഹാളില്‍ കൂടിയ ജില്ലാ ആസൂത്രണ സമിതി യോഗം 27 തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികള്‍ കൂടി അംഗീകരിച്ചു.
31 സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് മുമ്പ് അംഗീകാരം നല്‍കിയിരുന്നു. 46 സ്ഥാപനങ്ങളുടെ പദ്ധതികള്‍ ആസൂത്രണ സമിതി പരിശോധിച്ച് ജൂണ്‍ 14ന് കൂടുന്ന ആസൂത്രണസമിതിയില്‍ അംഗീകാരം നല്‍കും. ജില്ലയിലെ മൊത്തം 91 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 77 എണ്ണം വാര്‍ഷിക പദ്ധതി സമര്‍പ്പിച്ചപ്പോള്‍ 14 സ്ഥാപനങ്ങള്‍ ഇതുവരെ ഓണ്‍ലൈനായി പോലും പദ്ധതി രേഖ സമര്‍പ്പിച്ചിട്ടില്ല. ആല, അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, നീലംപേരൂര്‍, തകഴി, തലവടി, തുറവൂര്‍, വയലാര്‍, വെണ്‍മണി എന്നീ ഗ്രാമപഞ്ചായത്തുകളും ചെങ്ങന്നൂര്‍, ഹരിപ്പാട്, മാവേലിക്കര നഗരസഭകളും പദ്ധതി സമര്‍പ്പിച്ചിട്ടില്ല.
മറ്റു തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്നു നടത്തുന്ന സംയുക്ത പദ്ധതികളുടെ വിവരങ്ങള്‍ സ്ഥാപനങ്ങള്‍ നല്‍കാത്തതിനാല്‍ ജില്ലാ പഞ്ചായത്തിനും പദ്ധതി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ജൂണ്‍ ഒമ്പതിനു മുമ്പ് എല്ലാ തദ്ദേശസ്ഥാപനങ്ങളെല്ലാം പദ്ധതി രേഖ സമര്‍പ്പിക്കണമെന്നും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സംയുക്ത പദ്ധതി ഉള്‍പ്പെടുത്തിയിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിവരങ്ങള്‍ അടിയന്തരമായി ജില്ലാ പഞ്ചായത്തിനെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.ജൂണ്‍ 14 ചേരുന്ന ആസൂത്രണ സമിതിയുടെ പരിഗണനയ്ക്കായി പദ്ധതികള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ വീണ്ടും അവസരം ലഭിക്കില്ലെന്നും മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളുടെയും പദ്ധതി 14ന് അംഗീകരിക്കുകയാണ് ലക്ഷ്യമെന്നും ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ പറഞ്ഞു. ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളും പദ്ധതി സമര്‍പ്പിച്ചതായി എ.ഡി.സി. ജനറല്‍ വി. പ്രദീപ് കുമാര്‍ പറഞ്ഞു.
സാങ്കേതിക തടസങ്ങള്‍ മൂലം ജില്ലാ പഞ്ചായത്തിന് ഉത്പാദനമേഖലയിലെ വിഹിതം കഴിഞ്ഞവര്‍ഷം വിനിയോഗിക്കാന്‍ കഴിയാതെ വന്നതിനാല്‍ ഇതിന്റെ കുറവ് ഈ വര്‍ഷത്തെ വിഹിതത്തില്‍ ഉണ്ടാവാതിരിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം ജോണ്‍ തോമസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രമേയം സര്‍ക്കാരിന് നല്‍കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.വാര്‍ഷിക പദ്ധതി രേഖ 10 ഭാഗങ്ങളായി സമര്‍പ്പിക്കണമെന്നും ജില്ലാ ആസൂത്രണ സമിതിയുടെ അനുമതി ലഭിച്ചവ വെറ്റിങ് ഓഫീസര്‍മാര്‍ക്ക് നല്‍കണമെന്നും ഇതിനുള്ള പരിശീലനം ജൂണ്‍ 15 ന് നല്‍കുമെന്നും ജില്ലാ പ്ലാനിങ് ഓഫീസറുടെ ചുമതല വഹിക്കുന്ന എം.എന്‍. സത്യപ്രകാശ് പറഞ്ഞു.
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍തന്നെ പദ്ധതി നിര്‍വഹണം ആരംഭിക്കാനാണ് സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പദ്ധതികള്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ആരംഭിക്കുന്ന പതിവ് അവസാനിപ്പിക്കുന്നതിനായാണ് നടപടി.ഒരോ പാദത്തിലും കുറഞ്ഞത് 25 ശതമാനം ചെലവ് വേണം. നാലാംപാദത്തില്‍ ഇത് 30 ശതമാനമാകാമെങ്കിലും മാര്‍ച്ചില്‍15 ശതമാനം ചെലവേ പാടുള്ളൂവെന്നാണ് കര്‍ശന നിര്‍ദേശം. പദ്ധതികള്‍ മാനദണ്ഡം പാലിച്ചാണോ തയാറാക്കിയിട്ടുള്ളതെന്ന് കര്‍ശനമായി പരിശോധിച്ചാണ് അനുമതി നല്‍കുന്നത്.
പദ്ധതി സമര്‍പ്പണ പുരോഗതി വിലയിരുത്തുന്നതിനായി ജൂണ്‍ ഒമ്പതിന് ആസൂത്രണസമിതി അധ്യക്ഷരും ജില്ലാ കളക്ടര്‍മാരുമായി നടത്തുന്ന നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി കെ.റ്റി. ജലീല്‍ ആലപ്പുഴ കളക്ടറേറ്റില്‍ പങ്കെടുക്കും. ആസൂത്രണ സമിതിയംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."