ആളൊഴിഞ്ഞ വീട്ടില്‍ മോഷണം: രണ്ട് കോയമ്പത്തൂര്‍ സ്വദേശികള്‍ പിടിയില്‍
കൊച്ചി: പറവൂര്‍ തെക്കേനാലുവഴി ബിവറേജസിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ മോഷണം നടത്തിയ കോയമ്പത്തൂര്‍ സ്വദേശികളെ പാലാരിവട്ടം പൊലിസ് പിടികൂടി. കോയമ്പത്തൂര്‍ വള്ളികോളനിയില്‍ സതീശ് (27), ആനക്കട്ടി കരിമാന്‍കോവില്‍ കുമാരന്‍ (30) എന്നിവരെയാണു പാലാരിവട്ടം എസ്‌ഐ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
നഗരത്തില്‍ ഉന്തുവണ്ടികളില്‍ ആക്രിസാധനങ്ങള്‍ പെറുക്കി നടക്കുന്ന സംഘങ്ങളില്‍ ചിലര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു അന്വേഷണം. ഇതില്‍ ചിലര്‍ പാലാരിവട്ടത്തെ ഒരു കടയില്‍ ഓട്ടുപാത്രങ്ങള്‍ സ്ഥിരം വില്‍ക്കുന്നതായി വിവരം ലഭിച്ചു. കഴിഞ്ഞദിവസം ഇവര്‍ കടയിലെത്തിയപ്പോള്‍ പൊലിസ് പിടികൂടുകയായിരുന്നു. ചോദ്യംചെയ്യലില്‍ പ്രതികള്‍ പറവൂരിലെ മോഷണം സമ്മതിച്ചു. പകല്‍ ഉന്തുവണ്ടികളില്‍ ആക്രി സാധനങ്ങള്‍ പെറുക്കി നടക്കുന്ന പ്രതികള്‍ ആളില്ലാത്ത വീടുകള്‍ നിരീക്ഷിക്കുകയും രാത്രി മാരാകായുധങ്ങളുമായെത്തി വീടു കുത്തിത്തുറന്ന് കവര്‍ച്ച നടത്തുകയുമായിരുന്നു പതിവെന്ന് പൊലിസ് പറഞ്ഞു.
മൂന്നാഴ്ച മുമ്പാണ് പറവൂര്‍ തെക്കേനാലുവഴിയിലെ വീട്ടില്‍ ഇവര്‍ മോഷണം നടത്തിയത്. പറവൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. കൊച്ചി നഗരത്തിലും ആലുവ, പറവൂര്‍ മേഖലകളിലും പ്രതികള്‍ ഇതേരീതിയില്‍ നിരവധി കവര്‍ച്ചകള്‍ നടത്തിയതായി സംശയിക്കുന്നുണ്ട്. എ.എസ്.ഐമാരായ ബോസ്, അനില്‍കുമാര്‍, സീനിയര്‍ സിപിഒമാരായ പോള്‍ വര്‍ഗീസ്, ശ്രീകാന്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."