കാട്ടാക്കട മിനി സിവില്‍സ്റ്റേഷന്‍ യാഥാര്‍ഥ്യത്തിലേക്ക്
കാട്ടാക്കട: കാട്ടാക്കട മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണ പൂര്‍ണതയിലേക്ക്. മുപ്പതു ശതമാനം ജോലികള്‍ മാത്രം ബാക്കി. ഇത് സമയബന്ധിതമായി തീര്‍പ്പാക്കുകയും മാര്‍ച്ചിന് മുന്‍പ് ഉദ്ഘാടനം നടത്തുകയും ചെയ്യാനുള്ള പണിയാണ് പുരോഗമിക്കുന്നത്. കാട്ടാക്കടയില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു കുടക്കീഴില്‍ ആക്കുന്നതിനായി കാട്ടാക്കട ചന്തയ്ക്കു സമീപമാണ് മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നത്. ഇടക്കിടെയുള്ള പ്രതികൂല കാലാവസ്ഥയും മറ്റും കാരണം ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ താമസം നേരിട്ടിരുന്നു. എന്നാലിപ്പോള്‍ എഴുപതു ശതമാനം ജോലികളും പൂര്‍ത്തീകരിച്ചു.
2019 മാര്‍ച്ചിന് മുന്‍പ് തന്നെ നിലവില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫിസ്, സപ്ലൈ ഓഫിസ്, എംപ്ലോയ്‌മെന്റ് ഓഫിസ് തുടങ്ങിയവയും പുതുതായി വരുന്ന താലൂക്ക് സ്റ്റാറ്റസ്റ്റിക്ക് ഓഫിസ് ഉള്‍പ്പടെ പതിനഞ്ചോളം ഓഫിസുകള്‍ പ്രവര്‍ത്തിപ്പിക്കാനാകും. പതിനാറു കോടി രൂപ ചിലവില്‍ അത്യാധുനിക സജ്ജീകരണങ്ങള്‍ എല്ലാം ഒരുക്കിയാണ് പണികള്‍ പുരോഗമിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഉള്‍പ്പെടെയാണ് ഇവിടെ ഒരുങ്ങുന്നത്. പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്ന സ്ഥാപനങ്ങള്‍ താഴത്തെ നിലകളിലായും മറ്റു സ്ഥാപനങ്ങള്‍ മുകളിലേക്ക് ഓരോ നിലകളിലുമായും ആണ് ക്രമീകരിക്കുന്നത്. ആറു നിലകളിലായി നിര്‍മാണം അന്തിമ ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സിവില്‍ സ്റ്റേഷന്‍ വയറിങ് ജോലികളും ഓഫിസുകള്‍ പ്രവൃത്തിക്കുന്നതിനായി ഓരോ വകുപ്പിനും ആവശ്യമായ ക്യാബിന്‍ തിരിക്കുന്ന ജോലികളും പെയിന്റിങ് എന്നിവയും മറ്റുമാണ് ഇനി ബാക്കി ഉള്ളത്.
ഇതില്‍ വയറിങ് ജോലികള്‍ പൂര്‍ത്തീകരിച്ചാല്‍ മറ്റു പ്രവര്‍ത്തികള്‍ അതിവേഗം തീര്‍ക്കാനാകും. ഓഫിസുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇവിടേക്കുള്ള വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനായി വണ്‍വേ സംവിധാനത്തെ കുറിച്ച് ആലോചനയുണ്ട്. ഇതിനായി കാട്ടാക്കട മാര്‍ക്കറ്റിന് അകത്ത് ഒരു വശത്തു കൂടെ വാഹനങ്ങള്‍ കടന്നു വരുന്നതിനായി സൗകര്യം ഒരുക്കുന്നതിന് ആലോചനയുണ്ട്.
ആര്‍.ടി ഓഫിസ് ടെസ്റ്റുകള്‍ക്കായി മൈതാനം ഒരു പ്രധാന പ്രശ്‌നമായി നില നില്‍ക്കുന്നുണ്ട്. സ്ഥല ലഭ്യത ആണ് പ്രശ്‌നമായുള്ളത്. ഇതും പരിഹരിക്കാനാണ് ശ്രമം. നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥസംഘം എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."