കാട്ടാക്കടയില്‍ കഞ്ചാവ് മാഫിയ വിലസുന്നു
കാട്ടാക്കട: ഒരാഴ്ച മുന്‍പാണ് നെയ്യാര്‍ഡാം സ്റ്റേഷനില്‍ ദുരൂഹസാഹചര്യത്തില്‍ നിന്ന അഞ്ച് യുവാക്കളെ പൊലിസ് പിടികൂടുന്നത്. ബൈക്കില്‍ കറങ്ങി നടക്കുന്ന ഇവരെ പിടികൂടുമ്പോള്‍ കയ്യിലെ ബാക്ക് പാക്കില്‍ നിറയെ കഞ്ചാവ് പൊതികള്‍. ചെറുതും വലുതുമായവ. വിശദമായ ചോദ്യം ചെയ്യുന്നതിനെടുവിലാണ് തങ്ങള്‍ ബൈക്കുകള്‍ കറങ്ങി സ്‌കൂള്‍ കൂട്ടികള്‍ക്ക് കഞ്ചാവ് കവ്വവടം നടത്തുന്നതായി സമ്മതിച്ചത്.
ദിനവും 2000 രൂപ സമ്പാദിക്കുന്നതായും ഇവര്‍ മൊഴി നല്‍കി. ബിരുദധാരികളായ ഇവര്‍ കഞ്ചാവ് മാഫിയിടുടെ പിടിയിലാണെന്ന് വിവരം കിട്ടുകയും ചെയ്തു. ഇവരും കഞ്ചാവിന്റെ അടിമകളാണ് എന്ന വിവരവും കിട്ടി. മലയോരങ്ങളില്‍ കഞ്ചാവ് കച്ചവടവും ഉപഭോഗവും വര്‍ധിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇത്. കഴിഞ്ഞ ആറ് മാസത്തിനിടെ പിടിയിലായത് ഇരുപതോളം സംഘങ്ങള്‍. അധികവും പ്രായപൂര്‍ത്തിയാകാത്തവര്‍. അതിര്‍ത്തി ചെക് പോസ്റ്റ് വഴി തമിഴ്‌നാട്ടില്‍ നിന്നും കടത്തുന്ന ലഹരി പിടിക്കാന്‍ കര്‍ശന പരിശോധനകള്‍ ഇല്ലാത്തത് മലയോര മേഖലകളെ മുഴുവന്‍ കഞ്ചാവ് മദ്യ മയക്കുമരുന്ന് മാഫിയയുടെ പിടിയിലാക്കുന്നു.
ജി.എസ്.ടി വന്നതോടെ തുറന്നിട്ട കള്ളിക്കാട്, നെയ്യാര്‍ഡാം, മണ്ഡപത്തിന്‍കടവ് തുടങ്ങിയ ചെക് പോസ്റ്റുകള്‍ വഴി എത്തുന്ന ലഹരി കടത്തുകാരെ നിയന്ത്രിക്കാന്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും മെനക്കെടാറില്ല. രാത്രികാലങ്ങളില്‍ വരുന്ന വലിയ വാഹനങ്ങള്‍ മാത്രമാണ് ചെക്‌പോസ്റ്റുകളില്‍ പരിശോധിക്കുന്നത്. ഇരു ചക്രവാഹനങ്ങളെ പരിശോധിക്കാത്തതിനാല്‍ മദ്യ മാഫിയാ സംഘങ്ങള്‍ കടത്തിന് സ്‌കൂട്ടര്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങി.
ബൈക്കിന് പുറകില്‍ സ്ത്രീകള്‍ കൂടിയുണ്ടെങ്കില്‍ പിന്നെ പരിശോധനയേയില്ല. ആര്യനാട്, കാട്ടാക്കട എക്‌സൈസ് റേഞ്ച് മേഖലകളില്‍ വമ്പന്‍ കച്ചവടക്കാര്‍ നിരവധിയാണ്. ഇവര്‍ എത്തിച്ചു നല്‍കുന്ന സാധനങ്ങളാണ് സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് വില്‍പനയ്ക്കായി എത്തിക്കുന്നത്. 18നും 21നും മധ്യേ പ്രായമുള്ള യുവാക്കളില്‍ പലരും പണത്തിന് വേണ്ടിയാണ് ആദ്യം കാരിയര്‍മാര്‍ ആകുന്നതെങ്കിലും താമസിയാതെ ഇവരും കഞ്ചാവ് മയക്കുമരുന്നുകള്‍ക്ക് അടിമകളാകും. കഞ്ചാവുമായി പിടിക്കപ്പെടുന്നവരില്‍ നിന്നും പ്രധാന ഉറവിടം കണ്ടെത്താനാകുമെങ്കിലും തുടരന്വേഷണം ഉണ്ടാകാത്തത് കച്ചവട ലോബിക്ക് സഹായകമാകുന്നുണ്ട്.
ആര്യനാട്, നെയ്യാര്‍ഡാം, കാട്ടാക്കട സ്റ്റേഷനുകളിലും അടുത്ത സമയത്ത് നിരവധി കഞ്ചാവ് വില്‍പനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് വെള്ളറട വഴി വരുന്ന കടത്തുകാര്‍ക്ക് സുഖമായി പോകാനും നെയ്യാര്‍ഡാം തന്നെ പ്രധാന കവാടം. സ്‌കൂള്‍, കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വില്‍പനക്കെത്തുന്നവരില്‍ പിടിയിലാകുന്നത് ചെറുകച്ചവടക്കാരാണ്.
നെടുമങ്ങാട് കാട്ടാക്കട, ആര്യനാട്, നെയ്യാറ്റിന്‍കര എക്‌സൈസൈസ് സംഘങ്ങള്‍ റെയിഡുകള്‍ വ്യാപകമാക്കിയപ്പോഴാണ് സംഘങ്ങള്‍ പിടിയിലാകാന്‍ തുടങ്ങിയത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആര്യനാട് കാട്ടാക്കട റേഞ്ച് പരിധിയില്‍ ചെറു പൊതികളുമായി പിടിക്കപ്പെട്ടവര്‍ നിരവധിയാണ്. എന്നാല്‍ ഇത്തരക്കാരില്‍ ഭൂരിപക്ഷവും പെട്ടെന്ന്പുറത്തിറങ്ങി കച്ചവടം വീണ്ടും തുടരുകയാണ് പതിവ്. സ്പിരിറ്റ് ഒഴുക്ക് ഒരു പരിധി വരെ നിയന്ത്രിക്കപ്പെട്ടന്ന് കരുതിയിരിക്കുമ്പാഴാണ് കഞ്ചാവ് മാഫിയ ശക്തമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."