തലശ്ശേരിയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം; വീടുകള്‍ക്കും കടകള്‍ക്കും നേരെ ബോംബേറ്
തലശ്ശേരി: നങ്ങാറത്ത്പീടിക, പാറാല്‍ പ്രദേശങ്ങളില്‍ സി.പി.എം -ബി.ജെ.പി സംഘര്‍ഷത്തില്‍ വീടുകളും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ അക്രമം. ബോംബേറില്‍ ഇരു വിഭാഗം പ്രവര്‍ത്തകരുടെയും വീടുകളും കടയും തകര്‍ന്നു. ബി.ജെ.പി -ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ക്കുമെന്ന് പട്ടാപ്പകല്‍ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് സംഘര്‍ഷം തുടങ്ങിയത്. പാറാലില്‍ സി.പി.എം അക്രമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തില്‍ രാവില ആറു മുതല്‍ വൈകുന്നേരം ആറു വെര ഹര്‍ത്താല്‍ ആചരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സി. പി.എം പ്രവര്‍ത്തകനായ നങ്ങാറത്ത്പീടികയിലെ സരേഷ് ഹൗസില്‍ ശരത് ശശിയുടെ വീടിന് നേരെ ആദ്യം അക്രമമുണ്ടായത്. വീടിന് നേരെ എറിഞ്ഞ ബോംബ് മതിലില്‍ തട്ടി പൊട്ടുകയായിരുന്നു. രാത്രി 11ഓടെ ഓട്ടോറിക്ഷ ഡ്രൈവറും ബി.എം.എസ് പ്രവര്‍ത്തകനുമായ പാറാലിലെ കുവന്റവിടെ രാധാകൃഷ്ണന്റെ വീട് ലക്ഷ്യമാക്കി എറിഞ്ഞ ബോംബ് ലക്ഷ്യം തെറ്റി സമീപത്തെ സിമന്റ് കടയുടെ മേല്‍ പതിക്കുകയായിരുന്നു. കടയുടെ മേല്‍ക്കൂര തകര്‍ന്ന് മഴവെള്ളം അകത്തു കയറി സിമന്റ് ചാക്കുകള്‍ നശിച്ചു. രാധാകൃഷ്ണന്റെ വീടിന് നേരെ മൂന്നാം തവണയാണ് അക്രമം നടക്കുന്നത്. ഇന്നലെ രാവിലെ സ്ഥലത്തത്തിയ സി.പി.എം പ്രവര്‍ത്തകര്‍ രാധാകൃഷ്ണനെ ഭീഷണിയുയര്‍ത്തിയതായും പരാതിയുണ്ട്.
ചൊവ്വാഴ്ച അര്‍ധരാത്രി ബി.ജെ.പി പ്രവര്‍ത്തകനും ജഗന്നാഥ് മന്ദിരം സേവാ ട്രസ്റ്റ് സെക്രട്ടറിയുമായ പി.എം വിനോദിന്റെ വീടിന് നേരെയും ബോംബേറുണ്ടായി. ജനല്‍ചില്ലുകള്‍ തകര്‍ന്നു. സി.പി.എം പ്രവര്‍ത്തകന്‍ പാറാല്‍ ആച്ചുകുളങ്ങരയിലെ വിചിത്രത്തില്‍ അനിലിന്റെ വീടിന് നേര ഇന്നലെ പുലര്‍ച്ചെ ബോംബേറുണ്ടായി. സ്‌ഫോടനത്തില്‍ ചുമരിനും ജനാലകള്‍ക്കും ക്ഷതമേറ്റു. കൊമ്മല്‍ വയലില്‍ ഇന്നലെ പുലര്‍ച്ചെ ബോംബ് സ്‌ഫോടനം നടന്നതായി പരിസരവാസികള്‍ പറഞ്ഞു. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കനത്ത പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."