മുജീബ് പൂക്കോട്ടൂരിനു സി ഹാഷിം സ്മാരക ജീവകാരുണ്യ അവാര്‍ഡ് സമ്മാനിച്ചു
ദമാം: കെഎം സി സി അല്‍കോബാര്‍ കേന്ദ്രകമ്മിറ്റി സാമൂഹ്യ ജീവകാരുണ്യ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനു സഊദി കെ.എം സി.സി മുന്‍ ദേശീയ ട്രഷറര്‍ സി ഹാഷിം സാഹിബിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്‌കാരം മക്കയിലെ സാമൂഹ്യ പ്രവര്ത്തകനും സഊദി കെഎം സിസി ഹജ്ജ് സെല്‍ ജനറല്‍ കണ്‍വീനറുമായ മുജീബ് പൂക്കോട്ടൂരിനു ഹജ്ജ് വൊളണ്ടിയര്മാര്‍ക്കുള്ള സ്വീകരണ സമ്മേളനത്തില്‍ വെച്ച് സമ്മാനിച്ചു. വിദ്യാര്‍ഥി കാലം തൊട്ടു മുസ്ലീം ലീഗ് നേതാക്കള്‍ പകര്‍ന്നു തന്ന സേവന മാര്‍ഗ്ഗമാണ് വിശുദ്ധ ഭൂമിയില്‍ പ്രയാസ പ്പെടുന്നവര്‍ക്ക് വേണ്ടി തനിക്ക് സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ചെയ്യാന്‍ കഴിഞ്ഞതെന്നും ഇന്ത്യന്‍ എംബസി അധികൃതരും സഊദിയിലെ വിവിധ ഡിപ്പാര്ട്ടുമെന്റുകളിലെ ഉദ്യോഗസ്ഥരും നല്‍കുന്ന പിന്തുണ മികച്ചതാണെന്നും കിഴക്കന്‍ പ്രവിശ്യയിലെ മലയാളി സമൂഹത്തിനു ദിശാബോധം നല്‍കിയ എഞ്ചിനീയര്‍ സി ഹാശിം സാഹിബിന്റെ പേരില്‍ നല്‍കിയ ഈ ആദരവ് തനിക്ക് സാമൂഹിക ജീവകാരുണ്യ മേഖലയിലെ സേവനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നതാണെന്നും മുജീബ് പൂക്കോട്ടൂര്‍ മറുപടി പ്രഭാഷണത്തില്‍ പറഞ്ഞു
ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും അല്ലാഹുവിന്റെ അതിഥികളായി വരുന്ന ഹാജിമാര്‍ക്ക് മനസ്സിന് സന്തോഷവും ഇഷ്ട ഭക്ഷണവും നല്‍കി സ്വീകരിക്കുന്ന മലയാളി സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം മാതൃകാ പരമാണെന്ന് ചടങ്ങില്‍ മുഖ്യാഥിതിയായി പങ്കെടുത്ത നൌഷാദ് ബാഖവി ചിറയിന്‍കീഴ് പറഞ്ഞു. വിശുദ്ധ ഭൂമിയില്‍ പ്രവാചകനുയായികള്‍ പഠിപ്പിച്ചു പരിശീലിപ്പിച്ച ഹാജിമാര്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുടര്‍ച്ച എന്നോണം ഇടപെടുലുകള്‍ നടത്തുന്ന കെ.എം.സി.സി സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഹാജിമാരുടെ അകമഴിഞ്ഞ പ്രാര്‍ത്ഥന ലഭ്യമാകുന്നു എന്നത് ഇഹപര ജീവിതത്തില്‍ ഏറ്റവും വലിയ നിക്ഷേപമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്ടിംഗ് പ്രസിഡണ്ട് സിദ്ധീക്ക് പാണ്ടികശാലയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. കിഴക്കന്‍ പ്രവിശ്യാ ഹജ്ജ് സെല്‍ ജനറല്‍ ക്യാപ്റ്റന്‍ ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. മുതിര്‍ന്ന കെ.എംസിസി നേതാവ് മരക്കാര്‍ കുട്ടി ഹാജി കുറ്റിക്കാട്ടൂര്‍, ഡോ അബ്ദുസ്സലാം കണ്ണിയന്‍, അസീസ് കോറോം, സഹദ് നീലിയത്ത് എന്നിവര്‍ സംബന്ധിച്ചു. അതിഥികളായ നൌഷാദ് ബാഖവിയെ ഖാദി മുഹമ്മദും മുജീബ് പൂക്കോട്ടൂരിനെ മുസ്തഫാ കമാല്‍ കോതമംഗലവും പൊന്നാട അണിയിച്ചു. അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രതിനിധികളായി മിനായിലും ജംറയിലും സേവനം ചെയ്ത പത്തോന്പതോളം സന്നദ്ധ സേവകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നൌഷാദ് ബാഖവി സമ്മാനിച്ചു. വോളണ്ടിയര്‍ ക്യാപ്റ്റന്‍ ഇസ്മായില്‍ പുള്ളാട്ട് സര്‍ട്ടിഫിക്കറ്റ് വിതരണ സെഷന്‍ നിയന്ത്രിച്ചു
സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിറാജ് ആലുവ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി നാസര്‍ ചാലിയം നന്ദിയും പറഞ്ഞു. ജാബിര്‍ തൃക്കരിപ്പൂര്‍ ഖിറാഅത്ത് നടത്തി. മൊയ്തുണ്ണി പാലപ്പെട്ടി, ഫൈസല്‍ കൊടുമ, നാസര്‍ ദാരിമി, അന്‍വര്‍ ഷാഫി വളാഞ്ചേരി, കലാം മീഞ്ചന്ത, സത്താര്‍ കമ്പില്‍, ഇബ്രാഹിം ബാദുഷ പൊന്നാനി, മുഹമ്മദ് പുതുക്കുടി, നൌഷാദ് ചാലിയം, റസാക്ക് ബാവു ഓമാനൂര്‍, റസാക്ക് ചോലക്കര, ബീരാന്‍ ചേറൂര്‍, ജാഫര്‍ അരീക്കോട് എന്നിവര്‍ നേതൃത്വം നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."