ഭീകരര്‍ക്ക് സഹായം ചെയ്തെന്ന്: തൃശൂര്‍ സ്വദേശിയുടെ വീട്ടില്‍ പൊലിസ് റെയ്ഡ്
തൃശൂര്‍: ഭീകരര്‍ക്ക് യാത്രാ സഹായം ഉള്‍പ്പടെ ഒരുക്കിയത് തൃശൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദറാണെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ പൊലിസ് പരിശോധ നടത്തി. തമിഴ്നാട്ടിലേക്ക് കടല്‍മാര്‍ഗം എത്തിയ ഭീകരര്‍ക്ക് സഹായം ചെയ്തുവെന്ന സൂചനയെത്തുടര്‍ന്നാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ വീട്ടില്‍ പൊലിസ് പരിശോധന നടത്തിയത്. മാടവന സ്വദേശി അബ്ദുള്‍ഖാദര്‍ റഹീമിന്റെ വീടാണ് പൊലിസ് പരിശോധിച്ചത്. സംശയകരമായ രീതിയിലുള്ള യാതൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് സൂചന.
20 വര്‍ഷമായി ഗള്‍ഫിലായിരുന്ന റഹീം രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. ഇയാളും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല. ഒരുമാസം മുമ്പ് ഇയാള്‍ തിരിച്ചുപോയതായും പറയുന്നു. ഗള്‍ഫില്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ ഇയാള്‍ ആലുവയില്‍ വര്‍ക്ഷോപ്പ് തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു.
തൃശൂര്‍ ജില്ലയില്‍ തീരദേശ പൊലിസും കോസ്റ്റ്ഗാര്ഡുമുള്പ്പെടെ കനത്ത ജാഗ്രതയിലാണ്. തീവ്രവാദസംഘടനകളുടെ സാന്നിധ്യമുള്ള മേഖലകളില്‍ പ്രത്യേക നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്.
സ്കൂളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോംബ് സ്ക്വാഡ് പരിശോധന തുടരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."