ആശങ്കയില്‍ വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനം: സീറ്റുകളുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ അപേക്ഷകര്‍
നീലേശ്വരം: ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള അപേക്ഷകരുടെ എണ്ണം മെറിറ്റ് സീറ്റുകളുടെ എണ്ണത്തില്‍ കവിഞ്ഞതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലായി. സയന്‍സ്, ഹ്യുമാനിറ്റിസ്, കൊമേഴ്‌സ് ബാച്ചുകളിലായി 13140 സീറ്റുകളാണ് ജില്ലയിലുള്ളത്. സയന്‍സ് 5052, ഹ്യൂമാനിറ്റിസ് 3774, കോമേഴ്‌സ് 4314 എന്നിങ്ങന്നെയാണ് മെറിറ്റ് സീറ്റുകളുടെ എണ്ണം.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി കഴിഞ്ഞപ്പോള്‍ 19850 അപേക്ഷകരാണുള്ളത്. 6710 സീറ്റുകളുടെ കുറവ്.
സംസ്ഥാന സിലബസില്‍ പത്താംതരം പാസായ 17228 പേരും സി.ബി.എസ്.ഇയുടെ പത്താംതരം പാസായ 1684 പേരും ഐ.സി.എസ്.ഇ സിലബസില്‍ പഠിച്ച 127 പേരുമാണ് അപേക്ഷകരായുള്ളത്. കൂടാതെ മറ്റു സിലബസുകളില്‍ പഠിച്ച 644 അപേക്ഷകരും സ്‌പോര്‍ട്ട്‌സ് ക്വാട്ടയില്‍ 192 അപേക്ഷകരുമുണ്ട്. ജില്ലയില്‍ ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മാത്രം 18774 കുട്ടികള്‍ ഉന്നത വിജയത്തിന് അര്‍ഹത നേടിയിരുന്നു.
ജില്ലയില്‍ ആകെയുള്ള 986 നോണ്‍ മെറിറ്റ് സീറ്റുകളില്‍ കുറച്ചു കുട്ടികള്‍ക്കു പ്രവേശനം ലഭിച്ചാല്‍ വലിയ എണ്ണം കുട്ടികള്‍ പ്രവേശനം ലഭിക്കാതെ പുറത്തു നില്‍ക്കേണ്ടി വരും.
ജില്ലയില്‍ വലിയ പ്രതിസന്ധിയായിരിക്കും ഇത് വിദ്യാര്‍ഥികള്‍ക്കിടയില്‍ സൃഷ്ടിക്കുക. പ്രവേശനം ലഭിക്കാതെ പുറത്തു നില്‍ക്കേണ്ടി വരുന്ന കുട്ടികള്‍ക്ക് ഓപ്പണ്‍ സ്‌കൂളുകള്‍ മാത്രമായിരിക്കും ആശ്രയം.
ഓപ്പണ്‍ സ്‌കൂള്‍ പ്രവേശനത്തിനുള്ള ഫീസിനു പുറമെ സ്വകാര്യ സ്ഥാപനങ്ങളിലെ പഠനം കൂടിയാവുമ്പോള്‍ വന്‍ സാമ്പത്തിക ബാധ്യതയായിരിക്കും രക്ഷിതാക്കള്‍ക്കു നേരിടേണ്ടി വരിക.
ഈ മാസം 12 വരെയാണ് ട്രയല്‍ അലോട്ട്‌മെന്റ് നിശ്ചയിച്ചിരിക്കുന്നത്. 19ന് ആദ്യ അലോട്ട്‌മെന്റ് നടക്കും. 27 ആണ് മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കുന്ന തീയതി. 28നു ക്ലാസുകള്‍ തുടങ്ങാന്‍ കഴിയുന്ന വിധത്തിലാണു നടപടികള്‍ പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."