നിരോധിച്ച പ്ലാസ്റ്റിക് കവറുകള്‍ പിടികൂടി
ചവറ: ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ നിരോധിച്ച പ്ലാസ്റ്റിക് കവറുകള്‍, കാലാവധി കഴിഞ്ഞ ബേക്കറി സാധനങ്ങള്‍ എന്നിവ പിടികൂടി. പന്മന ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലുള്ള മാര്‍ക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലുമാണ് പഞ്ചായത്തുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്ക് കവറുകള്‍ വില്‍ക്കുന്നതും സാധനങ്ങള്‍ നിറച്ച് നല്‍കുന്നതും നിരോധിച്ച് പഞ്ചായത്ത് ഉത്തരവിറക്കിയിരുന്നു. വ്യാപാരികള്‍ക്ക് ഇതുസംബന്ധിച്ച് അറിയിപ്പുകളും നല്‍കി.
എന്നാല്‍ ഇത് ലംഘിച്ച് ഇപ്പോഴും നിരോധിച്ച കവറുകള്‍ ഉപയോഗിക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് പറമ്പിമുക്ക് മത്സ്യ മാര്‍ക്കറ്റ് വടക്കും തലയിലെ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടന്നത്. 7 കിലോഗ്രാം കവറുകള്‍ പിടിച്ചെടുത്തു. നിരോധിച്ചെങ്കിലും സുലഭമായി ഇപ്പോഴും 50 മൈക്രോണില്‍ താഴെയുള്ള കവറുകള്‍ മാര്‍ക്കറ്റിലുണ്ടന്ന് ജീവനക്കാര്‍ പറഞ്ഞു. പിടികൂടിയ കടകള്‍ക്ക് താക്കീത് നല്‍കി ഉദ്യോഗസ്ഥര്‍ മടങ്ങി. ഇനി മുതല്‍ പിഴ ഈടാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചവറ സി.എച്ച്.സിക്ക് സമീപത്തെ ബേക്കറിയില്‍ നിന്നാണ് കാലാവധി കഴിഞ്ഞ ബണ്ണുകള്‍ പിടികൂടിയത്.
പന്മന ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അഷറഫ് ഖാന്‍, ചവറ സി.എച്ച്.സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഷാജി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹസന്‍ പെരുങ്കുഴി, ജെ.എച്ച്.ഐ മാരായ ഷിബു, സലാം, ജയശ്രീ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. വരും ദിവസം പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."