മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 4461.33 കോടി രൂപ എത്തി; 10,000 രൂപ വിതരണം സെപ്. ഏഴിനകം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഇതുവരെ 4461.33 കോടി രൂപ എത്തി. ഇതില്‍ 2276.37 കോടി രൂപ ചെലവഴിച്ചു. 1874.77 കോടി രൂപ റവന്യൂവകുപ്പിന് നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ പ്രളയത്തില്‍ ദുരിതത്തിലായവര്‍ക്ക് ആശ്വാസം നല്‍കുന്നതിനും മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള അടിയന്തര ധനസഹായത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തുക വകയിരുത്തി.
10,000 രൂപയുടെ അടിയന്തര സഹായ വിതരണം സെപ്തംബര്‍ ഏഴിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ആര്‍ക്കൊക്കെയാണ് അടിയന്തര പ്രളയ സഹായം ലഭിക്കുക
പ്രളയത്തില്‍ അകപ്പെട്ട കുടുംബങ്ങള്‍ക്കുള്ള അടിയന്തര സഹായ വിതരണത്തിന് മാനദണ്ഡം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതനുസരിച്ച് താഴെ പറയുന്നവരാണ് ദുരിതബാധിത കുടുംബങ്ങളുടെ പരിധിയില്‍ വരിക
- പ്രളയജലം പ്രവേശിച്ച വീടുകളില്‍ വസിച്ചിരുന്ന കുടുംബങ്ങള്‍
- പ്രകൃതിക്ഷോഭത്തില്‍ പൂര്‍ണ്ണമായോ ഭാഗികമായോ (15%- 100%) തകര്‍ന്ന വീടുകളില്‍ താമസിച്ച കുടുംബങ്ങള്‍
- മുന്നറിയിപ്പ് അനുസരിച്ച് സര്‍ക്കാര്‍ അംഗീകൃത ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവര്‍
- പ്രളയ സാധ്യത മുന്നില്‍ കണ്ട് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടേയോ വീടുകളില്‍ മാറി താമസിച്ച കുടുംബങ്ങള്‍
- ആലപ്പുഴ, കോട്ടയം ജില്ലകളില്‍ കഞ്ഞിപ്പുരകളില്‍ രജിസ്റ്റര്‍ ചെയ്യുകയും ഭക്ഷണം നല്‍കുകയും ചെയ്ത കുടുംബങ്ങള്‍
- ഒറ്റയ്ക്കും കുടുംബമായും ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത അതിഥി തൊഴിലാളികള്‍.
വീടും ഉപജീവനമാര്‍ഗവും നഷ്ടമായവരുടെയും കൃഷിനാശത്തിന്റെയും കണക്കെടുപ്പ് നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."