പുണ്യറമദാനില്‍ നൂറിന്റെ നിറവിലും ഖുര്‍ആന്‍ ജീവിതചര്യയാക്കി തുപ്പാശ്ശേരി ഉപ്പൂപ്പ
ചവറ: കൊട്ടുകാട് തുപ്പാശ്ശേരി വീട്ടില്‍ ഹമീദ്കുട്ടി എന്ന തുപ്പാശ്ശേരി ഉപ്പൂപ്പ നൂറാം വയസിലും റമദാന്‍ നിറവില്‍ ഖുര്‍ആനിനെ ജീവിത ചര്യയാക്കുകയാണ്. വളരെ ചെറുപ്രായത്തില്‍ തന്നെ തുടങ്ങിയ ഇസ്‌ലാമിക ജീവിതചിട്ടയും ഖുര്‍ആന്‍ പാരായണവും നൂറാംവയസിലും ആവേശത്തോടെയാണ് ഉപ്പൂപ്പ കൊണ്ട് നടക്കുന്നത്.
ദിവസവും പുലര്‍ച്ചെ 2.30ന് ഉറക്കമുണര്‍ന്ന് തഹജ്ജിദ് നിസ്‌കാരം നിര്‍വഹിച്ച ശേഷം സുബ്ഹി വരെ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകും. തുടര്‍ന്ന് സുബഹി നിസ്‌കാരത്തിനായി ചെറുമകന്‍ ശാഫിയുമൊത്ത് അരക്കിലോ മീറ്റര്‍ ദൂരെയുള്ള കൊട്ടുകാട് ജുമാ മസ്ജിദിലേക്ക്. നിസ്‌കാര ശേഷം ഇഹ്തിഖാഫിലായി മഗ്‌രിബ് ബാങ്ക് വരെ നീളുന്ന ഖുര്‍ആന്‍ പാരായണം. പള്ളിയില്‍ നോമ്പ് തുറന്നതിനു ശേഷം വീട്ടില്‍ പോയി അല്‍പ വിശ്രമത്തിനും ശേഷം വീണ്ടും പള്ളിയിലേക്ക്. പള്ളിയിലെ പതിനൊന്ന് മണിവരെ നീളുന്ന തറാവീഹ് നിസ്‌കാരവും മൗലിദ് സദസും കഴിഞ്ഞേ ഉപ്പൂപ്പ വീട്ടിലേക്ക് മടങ്ങൂ.
പതിനൊന്ന് വര്‍ഷം മുന്‍പ് വിട്ടുപിരിഞ്ഞപോയ ഖദീജ ഉമ്മയാണ് ഭാര്യ. 9 മക്കളില്‍ 16 ചെറുമക്കളും ചെറുമക്കളില്‍ 19 കൊച്ചുമക്കളും കൂടി 44 അംഗങ്ങളുള്ള കുടുംബത്തില്‍ തുപ്പാശ്ശേരി ഉപ്പാപ്പ മൂന്ന് തലമുറകളുടെ ധന്യതയിലാണ്. ഖുര്‍ആന്‍ പാരായണം റമദാന്‍ മാസത്തില്‍ 7 ഖത്തവും അല്ലാത്ത മാസം 5 ഖത്തവും ഉപ്പാപ്പ പൂര്‍ത്തിയാക്കും.
ഏഴാം വയസിലാണ് നോമ്പ് എടുക്കാന്‍ തുടങ്ങിയത്. അന്നുമുതല്‍ നൂറാം വയസുവരെയും നോമ്പ് പൂര്‍ണമായും എടുക്കുന്നു. തേങ്ങ കച്ചവടമായിരുന്നു തൊഴില്‍. കച്ചവടത്തിലെ സത്യസന്ധതയും ജീവിത ചിട്ടയും എല്ലാവരാലും പ്രശംസിക്കപ്പെട്ടിരുന്നു. ഖുര്‍ആനിന്റെ വാര്‍ഷികമായ റമദാനില്‍ മുഴുവന്‍ സമയവും ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകി ഇബാദത്തു കൊണ്ട് ധന്യതയില്‍ മുഴുകുന്ന ഉപ്പൂപ്പയെ നാട്ടിലെ എല്ലാവിഭാഗം ജനങ്ങളും സ്‌നേഹാദരങ്ങളോടെയാണ് കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."