ശബരിമല: യുവതിക്കു പൊലിസ് വേഷം നല്‍കിയതു നിയമലംഘനം തന്നെ
മലപ്പുറം: ശബരിമല കയറാനെത്തിയ യുവതിക്കു പൊലിസ് ഉദ്യോഗസ്ഥര്‍ പൊലിസ് വേഷം ധരിക്കാന്‍ നല്‍കിയതു നിയമലംഘനംതന്നെ. കേരളാ പൊലിസ് ആക്ടിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമാണ് ഈ നടപടി.
വെള്ളിയാഴ്ച മല കയറാനെത്തിയ മാധ്യമപ്രവര്‍ത്തക കവിത ജക്കാലയ്ക്കാണ് പൊലിസ് ഉദ്യോഗസ്ഥര്‍ പൊലിസിന്റെ ഹെല്‍മറ്റും ജാക്കറ്റും നല്‍കിയത്. അതു ധരിച്ചാണ് അവര്‍ മല കയറിയത്. മലയാളിയും ആക്ടിവിസ്റ്റുമായ രഹ്‌ന മനോജും ഇവരുടെകൂടെ മല കയറിയിരുന്നെങ്കിലും അവര്‍ ധരിച്ചതു കറുത്ത മുണ്ടും ഷര്‍ട്ടും സാധാരണ ഹെല്‍മറ്റുമായിരുന്നു. കലാപ്രവര്‍ത്തനത്തിന്റെയോ ശാസ്ത്രപ്രവര്‍ത്തനത്തിന്റെയോ ഭാഗമായല്ലാതെ സാധാരണക്കാര്‍ പൊലിസ് വേഷം ധരിച്ചു നടക്കുന്നതു നിയമം അനുവദിക്കുന്നില്ല. കേരളാ പൊലിസ് ആക്ടിലെ 43ാം വകുപ്പ് ഇതു വ്യക്തമായി പറയുന്നുണ്ട്.
പൊലിസ് ഉദ്യോഗസ്ഥര്‍ യൂനിഫോം ഉചിതവും യോഗ്യവും കേടുപാടുകള്‍ ഇല്ലാത്തതുമായ സ്ഥിതിയില്‍ വൃത്തിയോടെ സൂക്ഷിക്കണമെന്ന് ഈ വകുപ്പില്‍ പറയുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അങ്ങനെ ചെയ്യുന്ന ഉദ്യോഗസ്ഥനല്ലാത്ത ഒരാളും കലാപരമോ ശാസ്ത്രസംബന്ധിയോ ആയ ആവശ്യത്തിനല്ലാതെ പൊലിസ് യൂനിഫോമോ പൊലിസ് യൂനിഫോം എന്ന തോന്നലുളവാക്കുന്ന വേഷമോ ധരിക്കാന്‍ പാടില്ലെന്നും ഈ വകുപ്പില്‍ വ്യവസ്ഥയുണ്ട്.
കവിത പൊലിസുകാര്‍ ഉപയോഗിക്കുന്ന ഹെല്‍മറ്റും ജാക്കറ്റും ധരിച്ചു മല കയറിയതു വന്‍ വിവാദമായിട്ടുണ്ട്. ചിലര്‍ ഇതിനെതിരേ നിയമനടപടിക്കൊരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. കവിതയും രഹനയും പൊലിസ് വലയത്തില്‍ മല കയറിയെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നു തിരിച്ചിറങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."