മധ്യപ്രദേശില്‍ പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനം;22 പേര്‍ മരിച്ചു
ബലാഘട്ട്: മധ്യപ്രദേശിലെ ബലാഘട്ടില്‍ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബലാഘട്ട് ജില്ലയിലെ ഭട്ടാന്‍ ഗ്രാമത്തില്‍ ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം തൊഴിലാളികളാണ്.
ജില്ലാ ആസ്ഥാനത്ത് നിന്ന് 10 കി.മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന പടക്ക നിര്‍മാണ ശാലയില്‍ ഇന്നലെ ഉച്ചക്കുശേഷം മൂന്നോടെയായിരുന്നു തീപിടിത്തമുണ്ടായതെന്ന് കോട്‌വാലി പൊലിസ് അറിയിച്ചു.
കത്തിയമര്‍ന്ന ചാരക്കൂമ്പാരത്തില്‍ നിന്നാണ് 22 പേരുടെ മൃതശരീരം കണ്ടെടുത്തത്. പരുക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ജില്ലാ കലക്ടര്‍ ഭരത് യാദവ് പറഞ്ഞു. സ്‌ഫോടനത്തില്‍ തകര്‍ന്ന പടക്ക നിര്‍മാണശാലാ കെട്ടിടത്തിനിടയില്‍ ചിലര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടങ്ങിയതായി പൊലിസ് അറിയിച്ചു.
വാരിഷ് അഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് പടക്കനിര്‍മാണ ശാല. തീപിടിത്തത്തിനുള്ള കാരണം എന്താണെന്ന് അറിവായിട്ടില്ല. തൊഴിലാളികളിലാരെങ്കിലും ബീഡി വലിച്ചതായിരിക്കും തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് സംശയമെന്ന് പൊലിസ് അറിയിച്ചു. പടക്കനിര്‍മാണ ശാലയോട് ചേര്‍ന്ന് താമസിക്കുന്നവരെയെല്ലാം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."