ജസ്‌ന വിവാഹിതയായി, കൈപിടിച്ചിറക്കാന്‍ വല്യുപ്പയില്ലാതെ...
#നിസാം കെ അബ്ദുല്ല
മേപ്പാടി: ഇന്നലെ മേപ്പാടി മഹല്ല്, കാരണവരായി ഒരു വിവാഹം നടന്നു. പുത്തുമല ദുരന്തത്തില്‍ അകപ്പെട്ട മുത്രത്തൊടി സമീറയുടെ മകളുടെ വിവാഹമായിരുന്നു മഹല്ല്, കാരണവരുടെ സ്ഥാനം ഏറ്റെടുത്ത് നടത്തിയത്. സമീറയുടെ പിതാവ് ഹംസ ദുരന്തത്തില്‍ കാണാതായ ആളുകളില്‍ ഒരാളാണ്.
ഹംസയുടെ വീട്ടിലാണ് സമീറയും മകളും താമസിച്ചിരുന്നത്. ഇവര്‍ക്ക് തറവാടിന് അടുത്തായി പുതിയ വീടിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് ജസ്‌നക്ക് കല്യാണം ഒത്തുവന്നത്. ഇതോടെ തറവാട്ടില്‍ വച്ച് തന്നെ കല്യാണം നടത്താനുള്ള ഒരുക്കങ്ങളിലായിരുന്നു ബന്ധുക്കള്‍. അതിനായി ഓടിനടന്ന് കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു വല്യുപ്പയും. അവിടേക്കാണ് ക്ഷണിക്കാതെ വന്ന അതിഥിയായി ദുരന്തമെത്തുന്നത്. അത്രകാലം അവര്‍ സ്വരൂപിച്ചതെല്ലാം പ്രകൃതി ദുരന്തത്തിന്റെ രൂപത്തില്‍ കവര്‍ന്നെടുത്തു. ഒപ്പം വല്യുപ്പയും കാണാമറയത്തായി. ഇതോടെ കുടുംബം കല്യാണത്തെ കുറിച്ച് മറന്നിരുന്നു. അതിനിടെയാണ് മേപ്പാടി മഹല്ല് കമ്മിറ്റി കല്യാണത്തിന്റെ കാര്യങ്ങള്‍ ഏറ്റെടുക്കുന്നത്. മേപ്പാടി റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കൂടി കല്യാണക്കാര്യങ്ങളിലേക്ക് കടന്നു. റെയ്ഞ്ച ് കമ്മിറ്റിയുടെ ഇടപെടലില്‍ നാല് പവന്‍ സ്വര്‍ണവും കുറച്ച് പണവും കുടുംബത്തിന് നല്‍കാനായി.
സംഭവമറിഞ്ഞ് കെ.എം.സി.സി അടക്കമുള്ള സന്നദ്ധ സംഘടനകളും സുമനസുകളും മറ്റും ഇവരെ സഹായിക്കാനായി എത്തിയിരുന്നു. മഹല്ല് കമ്മിറ്റിയാണ് കല്യാണത്തിന്റെ മറ്റ് ചിലവുകളെല്ലാം വഹിച്ചത്. അങ്ങിനെ ഇന്നലെ ഇവര്‍ താല്‍ക്കാലികമായി താമസിക്കുന്ന വാടകവീട്ടില്‍ നിന്നും മണവാട്ടിയായി ജസ്‌ന റിപ്പണ്‍ പുതുക്കാട് അരിമംഗലംചാലില്‍ ഷഫീഖിന്റെ പ്രിയതമയായി.
അപ്പോഴും കൈപിടിച്ചിറക്കാന്‍ വല്യൂപ്പയിലെന്ന വേദന കുടുംബത്തിലെ ഏല്ലാവരുടെയും മുഖത്ത് നിഴലിച്ചുനിന്നു. സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേശ്, തഹസില്‍ദാര്‍ ഹാരിസ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, പഞ്ചായത്തംഗം ചന്ദ്രന്‍, ഡോ. ബി അഭിലാഷ്, ഡോ. ഷാഹിദ്, പുത്തുമല മഹല്ല് ഖത്തീബായിരുന്ന മുഹിയുദ്ധീന്‍ സഖാഫി, സെക്രട്ടറി കെ. മുഹമ്മദലി, മേപ്പാടി മഹല്ല് പ്രസിഡന്റ് മുഹമ്മദ്കുട്ടി ഹാജി, സെക്രട്ടറി പി.കെ അഷ്‌റഫ്, ട്രഷറര്‍ അബ്ദുല്‍ സലാം, സി.അഷ്‌റഫ്, ടി ഹംസ, മേപ്പാടി റെയ്ഞ്ച് സെക്രട്ടറി ഷഫീഖ് ഫൈസി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കല്യാണ ചടങ്ങുകള്‍ നടന്നത്. മേപ്പാടി ഖത്തീബ് അബൂബക്കര്‍ റഹ്മാനി നികാഹിന് കാര്‍മികത്വം വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."