മേല്‍പാലത്തിനും അപ്രോച്ച് റോഡിനുമുള്ള സ്ഥലമെടുപ്പ് ഇഴയുന്നു
കണിയാപുരം: ഭരണാനുമതി ലഭിച്ചിട്ടും മേല്‍പാലത്തിലും അപ്രോച്ചുറോഡിനുമുള്ള സ്ഥലമെടുപ്പ് ഇഴഞ്ഞു നീങ്ങുന്നു. കണിയാപുരം റെയില്‍വേ മേല്‍പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും സ്ഥലമെടുപ്പാണ് ഇപ്പോഴും വെളിച്ചം കാണാതൈ നീങ്ങുന്നത്. വര്‍ഷങ്ങളായുള്ള നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യമായിരുന്നു മേല്‍പാലം.
ഭരണാനുമതി മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ലഭിച്ചിട്ടും നിര്‍മാണം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും ഇതുരെ ഉണ്ടായില്ലന്നാണ് നാട്ടുകാരും യാത്രക്കാരും പറയുന്നത്. മേല്‍പാലത്തിന്റെ നിര്‍മാണത്തിനും അപ്രോച്ചുറോഡിനുമായി 35 കോടി രൂപയുടെ ഭരണാനുമതി നാലു മാസങ്ങള്‍ക്കു മുമ്പു തന്നെ ലഭിച്ചിരുന്നു. റെയില്‍വേയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും തുല്യപങ്കാളിത്തത്തിലാണ് മേല്‍പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മാണം. മേല്‍പാലത്തിനുവേണ്ട സ്ഥലം ഏറ്റെടുത്തുനല്‍കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണ്. അതിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചെങ്കിലും തുടര്‍നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മുന്‍പ് 2012ലും 2013നും മേല്‍പാല നിര്‍മാണത്തിനായി റെയില്‍വേ ബഡ്ജറ്റില്‍ തുക അനുവദിച്ചിരുന്നെങ്കിലും ചില സാങ്കേതിക തടസങ്ങളെ തുടര്‍ന്ന് നടന്നില്ല. സംസ്ഥാന അധികൃതരുടെ അനാസ്ഥമൂലം ഇതും അവതാളത്തിലാകുമോ എന്ന ആശങ്ക നാട്ടുകാര്‍ക്കുണ്ട്. ജില്ലയിലെ തന്നെ തിരക്കുള്ള റെയില്‍വേ ഗേറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് കണിയാപുരം. കണിയാപുരത്തു നിന്നും തീരദേശത്തേക്കും ചിറയില്‍കീഴിലേയ്ക്കും മറ്റും പോകുന്നതും വരുന്നതുമായ വാഹനങ്ങളുടെ വന്‍നിരതന്നെ ഗേറ്റ് അടയ്ക്കുമ്പോള്‍ കാണാം.
ഏറെ നേരം കാത്തുകിടന്നാല്‍ മാത്രമേ റെയില്‍വെ ഗേറ്റിനപ്പുറം കടക്കാന്‍ സാധിക്കുകയുള്ളൂ. പലപ്പോഴും ഗേറ്റില്‍ ലോക്കു വീഴുന്നതിനാല്‍ വിദഗ്ദര്‍ എത്തിയാലെ തുറക്കാന്‍ സാധിക്കുവെന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. മേല്‍പാലം വരുന്നതോടെ ഈ അവസ്ഥയ്ക്കു പരിഹാരം ഉണ്ടാകുമെന്നു മാത്രമല്ല അപ്രോച്ച് റോഡിനു വീതികൂടുന്നനതോടെ കണിയാപുരത്തെ ഗതാഗതകുരുക്കിനു ശാശ്വത പരിഹാരമുണ്ടാവുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."