തെറ്റായ റിപ്പോര്‍ട്ട്: ജലഅതോറിറ്റിക്ക് മനുഷ്യാവകാശ കമ്മിഷന്‍ വിമര്‍ശനം
തിരുവനന്തപുരം: ഡ്രൈനേജ് പൊട്ടിയൊലിച്ച് മാലിന്യം റോഡിലൂടെ ഒഴുകുന്നത് പരിഹരിച്ചതായി തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ജലഅതോറിറ്റിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ വിമര്‍ശനം.
പരാതി പൂര്‍ണമായും പരിഹരിച്ചില്ലെങ്കില്‍ അത് തികഞ്ഞ മനുഷ്യാവകാശ ലംഘനമായി കാണേണ്ടിവരുമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു. പൂജപ്പുര ചട്ടമ്പിസ്വാമിറോഡ് വിദ്യാധിരാജാനഗര്‍ റസിഡന്‍സ് അസോസിയേഷന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ചട്ടമ്പിസ്വാമി റോഡില്‍ ഡ്രൈനേജ് പൊട്ടിയൊലിച്ച് മാലിന്യം റോഡില്‍ ഒഴുകുന്നുവെന്ന പരാതിയില്‍ നടപടിയെടുക്കാന്‍ കമ്മിഷന്‍ ജലഅതോറിറ്റിക്ക് നില്‍ദേശം നല്‍കിയിരുന്നു.
പരാതി പൂര്‍ണമായും പരിഹരിച്ചതായി പാറ്റൂര്‍ സ്വിവറേജ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കമ്മിഷനെ അറിയിച്ചിരുന്നു. പരാതി പരിഹരിച്ചതായി റിപ്പോര്‍ട്ട് നല്‍കി മാസങ്ങള്‍ക്ക് ശേഷം നഗരസഭാ സെക്രട്ടറി ജല അതോറിറ്റിക്ക് നല്‍കിയ കത്തില്‍ ചട്ടമ്പി സ്വാമി റോഡില്‍ മാലിന്യം റോഡിലൂടെ ഒഴുകുകയാണെന്ന് പറയുന്നു. സ്വീകരിച്ച നടപടികള്‍ തൃപ്തികരമല്ലെന്ന് നഗരസഭയുടെ കത്തില്‍ നിന്നും വ്യക്തമാണെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. എത്രയും വേഗം പരാതി പരിഹരിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."