ജലാശയ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാതെ സര്‍ക്കാര്‍
#ടി.എസ് നന്ദു
കൊച്ചി: സംസ്ഥാനത്തെ പുഴകളുടെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെട്ടത് പ്രളയാഘാതത്തിന് ആക്കംകൂട്ടിയെന്ന് ആവര്‍ത്തിക്കുമ്പോഴും അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാതെ സര്‍ക്കാര്‍.
പ്രളയത്തില്‍ നിരവധിയാളുകളുടെ ജീവനും സ്വത്തുമാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി നഷ്ടപ്പെട്ടത്. പ്രളയാഘാതം കുറയ്ക്കാന്‍ നദികളും മറ്റും പൂര്‍വസ്ഥിതിയിലാക്കണം.
എന്നാല്‍, അതിനായി മുടങ്ങിക്കിടക്കുന്ന കൈയേറ്റങ്ങള്‍ തിട്ടപ്പെടുത്തുന്നതിനുള്ള സര്‍വേ പുനരാരംഭിക്കാനോ സംസ്ഥാനത്തെ നദികളുടെ സമഗ്രവും സംയോജിതവുമായ വികസനവും സംരക്ഷണവും സാധ്യമാക്കുന്നതിനായി 'സംസ്ഥാന നദീതട അതോറിറ്റി' രൂപീകരിക്കാനുള്ള തീരുമാനം വേഗത്തില്‍ നടപ്പാക്കാനോ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല.
സര്‍വേ നടത്തിയത് സംബന്ധിച്ച് റവന്യൂ വകുപ്പിന് വ്യക്തതയുമില്ല.ജലസ്രോതസുകളിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള അനധികൃത കൈയേറ്റങ്ങള്‍ തിട്ടപ്പെടുത്തുന്നതിനുള്ള സര്‍വേ പല ജില്ലകളിലും നിലച്ചിട്ട് അര നൂറ്റാണ്ടിലേറെയായി. സംസ്ഥാനത്തെ നദികള്‍, കനാലുകള്‍ തുടങ്ങിയവയിലെ അനധികൃത കൈയേറ്റം കണ്ടെത്താനുള്ള സര്‍വേ കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ 86 വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. 1925-30 കാലത്താണ് കാസര്‍കോട്ട് അവസാനമായി സര്‍വേ നടന്നത്. കോഴിക്കോട് ജില്ലയിലും 1930ന് ശേഷം സര്‍വേ നടന്നിട്ടില്ല. കോട്ടയത്ത് 1910, 1970-80, 1988-1993 കാലഘട്ടങ്ങളില്‍ മാത്രമാണ് സര്‍വേ നടന്നിട്ടുള്ളത്. എറണാകുളത്ത് 1853-1911, 1977-80, 1994-2006 എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായി സര്‍വേ നടന്നു.
ജലാശയങ്ങളാല്‍ സമ്പന്നമായ ആലപ്പുഴ ജില്ലയുടെ കാര്യവും വ്യത്യസ്തമല്ല. ഇവിടെ 1992-94ന് ശേഷം സര്‍വേ നടന്നിട്ടില്ല. പത്തനംതിട്ടയില്‍ 1993-94, 1994-1995, 2001 വര്‍ഷങ്ങളില്‍ മൂന്നുഘട്ടങ്ങളായി സര്‍വേ നടന്നപ്പോള്‍ കൊല്ലത്ത് 2006-07 ല്‍ മാത്രമേ സര്‍വേ നടന്നിട്ടുള്ളു. തിരുവനന്തപുരത്ത് 2014ലാണ് അവസാനമായി സര്‍വേ നടത്തിയത്. പരാതികളെ തുടര്‍ന്ന് 2016ല്‍ ആലപ്പുഴയിലും 1984-94ല്‍ കോട്ടയത്തും 1993-2015 വരെ ഇടുക്കി, വയനാട്, എറണാകുളം ജില്ലകളിലും റീസര്‍വേ നടപടികള്‍ തുടങ്ങിയെന്ന് പറന്നുണ്ടെങ്കിലും കൈയേറ്റം സംബന്ധിച്ച രേഖകള്‍ ലഭ്യമല്ലെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.
ഇക്കാലത്തിനിടെ 14 ജില്ലകളിലും കൈയേറ്റം നിമിത്തം നദികള്‍ക്കുണ്ടായ വിസ്തീര്‍ണ വ്യതിയാനം ബോധ്യപ്പെട്ടെന്ന് മാത്രമാണ് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍, കൈയേറ്റത്തിന്റെ വ്യാപ്തി തിട്ടപ്പെടുത്തിയിട്ടില്ല. അനധികൃത കൈയേറ്റം സംബന്ധിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നദികളുടെ വികസനത്തിനും സംരക്ഷണത്തിനുമായാണ് 'സംസ്ഥാന നദീതട അതോറിറ്റി' രൂപീകരിക്കാന്‍ തീരുമാനിച്ചത്. 'സംസ്ഥാന നദീതട സംരക്ഷണ പരിപാലന അതോറിറ്റി-നിയമ'ത്തിന്റെ കരട് രൂപം തയാറാക്കുന്നതിന് കമ്മിറ്റികള്‍ രൂപീകരിച്ചതല്ലാതെ മറ്റ് നടപടികള്‍ മുന്നോട്ടുപോയില്ല.
സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടത്് പ്രളയാഘാതം കൂട്ടിയെന്ന് മുഖ്യമന്ത്രിയും മറ്റ് വിദഗ്ധരും വിലയിരുത്തുമ്പോഴും നടപടികള്‍ ഉണ്ടാകാത്തതില്‍ കടുത്ത ആശങ്കയാണുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."