ഹമാസിനും ബ്രദര്‍ഹുഡിനും പണം നല്‍കുന്നത് ഖത്തര്‍ അവസാനിപ്പിക്കണം: സഊദി
പാരിസ്: ഹമാസിനെയും മുസ്ലിം ബ്രദര്‍ഹുഡിനെയും പിന്തുണക്കുന്നത് നിര്‍ത്തണമെന്ന ആവശ്യവുമായി വീണ്ടും സഊദി രംഗത്ത്.
അറബ് രാഷ്ട്രങ്ങള്‍ ബന്ധം പുനഃസ്ഥാപിക്കുന്നതിനു മുന്‍പ് ഹമാസിനും ബ്രദര്‍ഹുഡിനും സഹായം നല്‍കുന്നത് ഖത്തര്‍ നിര്‍ത്തണമെന്ന് സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ആവശ്യപ്പെട്ടു. പാരിസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകര സംഘങ്ങള്‍ക്കുള്ള പിന്തുണയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഖത്തര്‍ ഏറ്റെടുത്ത വാഗ്ദാനം നിറവേറ്റണം.
സഊദിയോട് ശത്രുത പുലര്‍ത്തുന്ന മാധ്യമങ്ങള്‍ക്കും ഞങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്ന രാജ്യങ്ങള്‍ക്കും സഹായം നല്‍കുന്നത് ഖത്തര്‍ അവസാനിപ്പിക്കണം-ജുബൈര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ആരും ഖത്തറിനെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഒറ്റക്കെട്ടായി പോകാന്‍ തയാറുണ്ടോ, അല്ലയോയെന്ന് ഖത്തര്‍ വ്യക്തമാക്കണം.
ഏറെ വേദനയോടെയാണ് ഞങ്ങള്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഫലസ്തീന് അതോറിറ്റിയെയും ഈജിപ്തിനെയും പരിഗണിക്കാതെയാണ് ഖത്തര്‍ ഹമാസിനും മുസ്ലിം ബ്രദര്‍ഹുഡിനും സഹായം നല്‍കുന്നത്. അത് ശരിയല്ല. ഈ നയം അവസാനിപ്പിച്ചാലേ പശ്ചിമേഷ്യയുടെ സുസ്ഥിരതയ്ക്ക് ഖത്തറിന് എന്തെങ്കിലുമൊക്കെ ചെയ്യാനാകൂ.
യഥാര്‍ഥ പാത ഏതാണെന്ന് യുക്തിയും സാമാന്യബുദ്ധിയും ഖത്തറിനെ ബോധ്യപ്പെടുത്തുമെന്നാണ് കരുതുന്നത്. ഈ നിയന്ത്രണങ്ങള്‍ ഇങ്ങനെ തന്നെ തുടരാന്‍ ഖത്തര്‍ സ്വദേശികള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്-ആദില്‍ അല്‍ ജുബൈര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."