നെല്ല് സംഭരണം വൈകുന്നത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു
പെരുങ്ങോട്ടുകുറുശ്ശി: ജില്ലയില്‍ പ്രളയകാലത്തെ തരണം ചെയ്തും കൃഷിയിറക്കി വിളവെടുത്ത നെല്‍ കര്‍ഷകര്‍ക്ക് വിനയായി മില്ലുടമകള്‍. സ്വകാര്യ മില്ലുടമകളുടെ അനാവശ്യ നിബന്ധനകള്‍ കാരണം ജില്ലയില്‍ നെല്ലുസംഭരണം വൈകുന്നതായും ആരോപണങ്ങളുയരുന്നുണ്ട്. കര്‍ഷകര്‍ കൊയ്‌തെടുത്ത നെല്ലിന് കനം കുറവ്, കറുപ്പ് നിറം എന്നുള്ള കാരണം പറഞ്ഞ് മില്ലുടമകള്‍ നെല്ലെടുക്കുന്നത് വൈകിപ്പിക്കുകയാണ്.
സപ്ലൈക്കോയുടെ നെല്ലുസംഭരണമാരംഭിച്ചതു തന്നെ കൊയ്ത്ത് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടാണെന്നിരിക്കെ ഇപ്പോള്‍ മില്ലുടമകളാണ് കര്‍ഷകര്‍ക്ക് ദുരിതം തീര്‍ക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഒരു ചാക്കില്‍ 50 മുതല്‍ 55 കിലോ വരെ നെല്ലുണ്ടാവുമെന്നിരിക്കെ ഇതില്‍ ഒന്നോ രണ്ടോ കിലോ വരെ ഈര്‍പ്പം, പതിര് തുടങ്ങിയ കാരണങ്ങളാല്‍ തൂക്കത്തില്‍ കുറക്കാറുണ്ട്.
ഇത്തരത്തിലുള്ള കുറവ് കണക്കാക്കി നെല്ലെടുക്കണമെന്നാണ് നിബന്ധനയെന്നിരിക്കെ മില്ലുടമകളുടെ അനാവശ്യ നിബന്ധനകള്‍ ഇതിനപ്പുറമാണെന്നാണ് കര്‍ഷകരുടെ ഭാഷ്യം. പ്രളയകാലത്ത് കൃഷിയിടങ്ങളില്‍ വെള്ളം കെട്ടിനിന്നതിനാല്‍ നെല്ലിന് ഓലകരിച്ചിലും ബാധിച്ചത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായിരുന്നു.
പ്രളയ കാലം കഴിഞ്ഞപ്പോള്‍ മഴ നനഞ്ഞ് കതിരുവരേണ്ട സമയത്ത് കൃഷിയിടങ്ങള്‍ വരണ്ടതും കര്‍ഷകരെ ദുരിതത്തിലാക്കി. എന്നാല്‍ അണക്കെട്ടുകളില്‍നിന്ന് ആവശ്യത്തിന് വെള്ളം കര്‍ഷകര്‍ക്ക് നല്‍കി ഇത്തരം വിഷയങ്ങള്‍ പരിഹരിച്ചെങ്കിലും നെല്ലിന്റെ നിറത്തിന്റെയും തൂക്കത്തിന്റെയും പേരില്‍ മില്ലുടമകള്‍ കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്.
ജില്ലയില്‍ സപ്ലൈക്കോക്കു വേണ്ടി നെല്ലെടുക്കുന്ന മില്ലുകാരാണ് അനാവശ്യ നിബന്ധനകളിറക്കി കര്‍ഷകരെ വട്ടം കറക്കുന്നത്. ഇത്തരം നിബന്ധനകള്‍ കര്‍ഷകര്‍ക്ക് വന്‍സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നിരിക്കെ കര്‍ഷകര്‍ നെല്ലുമുഴുവനും സ്വകാര്യ മില്ലുകാര്‍ക്കു തന്നെ നല്‍കാനൊരുങ്ങുകയാണ്. സപ്ലൈകോ 25.30 രൂപക്കാണ് കര്‍ഷകരില്‍ നിന്നുമുള്ള നെല്ല് സംഭരിക്കുന്നതെന്നിരിക്കെ സ്വകാര്യ മില്ലുകള്‍ ഇതിലും കൂട്ടി നല്‍കാന്‍ തയ്യാറാണ്. ജില്ലയില്‍ പത്തോളം മില്ലുകളാണ് സപ്ലൈകോക്ക് വേണ്ടി നെല്ലെടുക്കുന്നതെന്നതിനാല്‍ സാധാരണ ഗതിയില്‍ ഒന്നാംവിളക്കു ശേഷം ജില്ലയില്‍നിന്ന് ഒരു ലക്ഷം മെട്രിക് ടണ്‍ വരെ നെല്ലുവരെ ലഭിച്ചിരുന്നത്.
നിലവിലെ സാഹചര്യത്തില്‍ ഇതിന്റെ പകുതി പോലും ലഭിക്കില്ലെന്നാണ് കരുതുന്നത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും താലൂക്കുകളിലുമായി 43,000 ഹെക്ടറിലാണ് നെല്‍കൃഷിയെന്നിരിക്കെ കഴിയുന്നതിനുപ്പുറമുള്ള നെല്ലുസംഭരണത്തിന് അടുത്ത മാസം പകുതി വരെ സമയമുണ്ടെങ്കിലും മില്ലുടമകളും അനാവശ്യ നിബന്ധനകളും ഉത്തരവുകളും നെല്‍കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."