തളിപ്പറമ്പില്‍ വീണ്ടും മോഷണശ്രമം
തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും മോഷണശ്രമം. ദേശീയപാതയോരത്തെ മെട്രോ മെഷീന്‍ ടൂള്‍സ് എന്ന കടയിലാണ് കവര്‍ച്ചാ ശ്രമം നടന്നത്.
തളിപ്പറമ്പ് ഇന്ത്യന്‍ കോഫി ഹൗസിന് സമീപത്തെ മെട്രോ ടൂള്‍സ് എന്ന കടയുടെ പുറകിലെ ഷട്ടറാണ് ഇന്നലെ രാവിലെ കടതുറക്കാനെത്തിയവര്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ഉടന്‍ പൊലിസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് തളിപ്പറമ്പ് എസ്.ഐ കെ. ദിനേശന്റെ നേതൃത്വത്തിന്‍ പൊലിസ് സംഘം സ്ഥലത്തെത്തി. കണ്ണൂരുനിന്നും വിരലടയാള വിദഗ്ധരും ഡോഗ്‌സ്‌ക്വാഡും എത്തി പരിശോധന നടത്തി. മന്ന സ്വദേശി പി. ഷഫീഖിന്റെതാണ് മോഷണശ്രമം നടന്ന കട. ഇയാള്‍ ബിസിനസ് ആവശ്യത്തിനായി മുംബൈയില്‍ പോയിരിക്കുകയായിരുന്നു. വെളളിയാഴ്ച്ച രാത്രി 7.30 ഓടെയാണ് കട അടച്ചത്. സമീപത്തെ കടയിലെ സി.സി.ടി.വിയില്‍ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്. രാത്രി ഒരു മണിയോടെ മോഷണത്തിനെത്തിയ രണ്ടുപേര്‍ 3.45 ഓടെയാണ് തിരികെ പോകുന്നത് ദൃശ്യത്തിലുണ്ട്.
ഷട്ടറിന്റെ പൂട്ട് തകര്‍ക്കാതെ വശങ്ങളില്‍ നിന്ന് ഇരുമ്പു പാര ഉപയോഗിച്ച് ഷട്ടര്‍ തള്ളി പൊളിച്ച നിലയിലാണ് ഉളളത്. പഴയ തരത്തിലുളള നിര്‍മിതിയായതിനാല്‍ ഷട്ടര്‍ തകര്‍ത്ത് അകത്ത് കയറാനാകാതെ മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിച്ച് തിരിച്ചു പോവുകയായിരുന്നു.
വ്യാഴാഴ്ച്ച രാത്രി ഏഴാംമൈലിലെ ബാങ്ക് ഓഫ് ഇന്ത്യ എ.ടിഎമ്മില്‍ കവര്‍ച്ച നടത്താനെത്തിയും ഇതേ രണ്ടംഗ സംഘമാണെന്ന് കരുതുന്നതായി പൊലിസ് പറഞ്ഞു. അടുത്തടുത്ത ദിവസങ്ങളില്‍ നടന്ന മോഷണശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷണം ഊര്‍ജിതമായി ആരംഭിച്ചിട്ടുണ്ട്. രാത്രികാല പട്രോളിങ്ങ് കര്‍ശനമാക്കുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."