മഴ പ്രണയിച്ചത് തെക്കിനെ; വടക്ക് വരണ്ടുതന്നെ!
നിലമ്പൂര്‍: മഴ കിട്ടാതെവന്നതോടെ കിണറുകളില്‍ ജലനിരപ്പ് വളരെ താഴ്ന്നു. ജൂണ്‍ ആദ്യവാരത്തില്‍തന്നെ കനത്ത മഴ ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനങ്ങളുണ്ടായിരുന്നെങ്കിലും മഴ തെക്കന്‍ ജില്ലകളില്‍ മാത്രമായി ഒതുങ്ങി.
തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടങ്ങിയെങ്കിലും വടക്കന്‍ ജില്ലകള്‍ ഇപ്പോഴും വരണ്ടിരിക്കുകയാണ്. പുഴകളിലും ജലനിരപ്പ് താഴ്ന്നു. തെക്കന്‍ ജില്ലകളില്‍ മഴ കനത്തതോടെ തദ്ദേശ സ്ഥാപനങ്ങള്‍ ടാങ്കറുകളില്‍ നടത്തിവന്ന ശുദ്ധജല വിതരണം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. കാലവര്‍ഷം ശക്തിപ്പെടാത്ത പ്രദേശങ്ങളില്‍ ഉത്തരവ് ജനങ്ങളെ സാരമായി ബാധിച്ചു. നേരത്തെ ജൂണ്‍ പത്തുവരെ ടാങ്കറുകളില്‍ ജല വിതരണത്തിന് അനുമതി നല്‍കിയിരുന്നു. ജൂണ്‍ ഒന്നുമുതല്‍ വിതരണം നിര്‍ത്താനാണ് ഇ-മെയിലായി ഉത്തരവ് എത്തിയത്. ഉത്തരവിനെ തുടര്‍ന്നു ജില്ലയിലെ പഞ്ചായത്തുകള്‍ നടത്തിവന്നിരുന്ന കുടിവെള്ള വിതരണം നിര്‍ത്തിവച്ചിരിക്കുകയാണ്. മഴ കിട്ടിയില്ലെങ്കില്‍ വടക്കന്‍ ജില്ലകളിലെ ജനങ്ങളുടെ കുടിവെള്ളം കിട്ടാത്തതുമൂലമുള്ള ദുരിതം കണക്കാക്കാനാകില്ല. ജില്ലാ കലക്ടറുടെ വരള്‍ച്ചാ ദുരിതാശ്വാസനിധിയില്‍നിന്നു ജലവിതരണത്തിനു ഫണ്ടനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും നടപ്പിലായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."