മാണിയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടും
തിരുവനന്തപുരം: യു.ഡി.എഫില്‍ ഇടഞ്ഞു നില്‍ക്കുന്ന മാണിയെ വരുതിയിലാക്കാന്‍ ഹൈക്കമാന്‍ഡിന്റെ സഹായം തേടാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ തീരുമാനം. ഇക്കാര്യം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനുമായി ഇന്നലെ ഇന്ദിരാഭവനില്‍ കൂടിക്കാഴ്ച നടത്തി. സ്ഥിതിഗതികള്‍ സംസ്ഥാന നേതൃത്വത്തിന്റെ കൈവിട്ട് പോയതായും ഹൈക്കമാന്‍ഡ് ഇടപെടല്‍ അനിവാര്യമാണെന്നും യോഗം വിലയിരുത്തി.
കെ.എം മാണിയെ പ്രകോപിപ്പിക്കുന്ന പരാമര്‍ശം കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്നും യോഗം തീരുമാനമെടുത്തു. മാണിയുമായുള്ള തുടര്‍ചര്‍ച്ചയ്ക്ക് സംസ്ഥാനത്ത് ഉമ്മന്‍ചാണ്ടി മുന്‍കൈയെടുക്കാനും ധാരണയായി.
മാണിയെ അനുനയിപ്പിക്കാന്‍ സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നിരവധി വട്ടം ചര്‍ച്ച നടത്തിയിരുന്നു. മറ്റു ഘടകക്ഷി നേതാക്കളും ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ബാര്‍ കോഴ ആരോപണത്തില്‍ തന്നെയും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെയും കുടുക്കിയത് രമേശ് ചെന്നിത്തലയാണെന്ന ആരോപണത്തില്‍ മാണി ഉറച്ചു നില്‍ക്കുകയാണ്. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ചെന്നിത്തലയെ മാറ്റി നിര്‍ത്തണമെന്നാണ് മാണിയുടെ ആവശ്യം.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തേയ്ക്കു തെരഞ്ഞെടുത്തയാളെ ഘടകക്ഷിയുടെ സമ്മര്‍ദ്ദത്താല്‍ മാറ്റാനാകില്ലെന്ന നിലപാടില്‍ മാറ്റം വേണ്ടെന്നാണു കോണ്‍ഗ്രസ് തീരുമാനം. പ്രതിപക്ഷ നേതാവാണ് സ്വാഭാവികമായും യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്കു വരുന്നത്. അങ്ങനെയാണ് ചെന്നിത്തല ചെയര്‍മാന്‍ സ്ഥാനത്തെത്തിയത്.
യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനം മാണിയ്ക്ക് നല്‍കുന്ന കാര്യത്തെക്കുറിച്ച് ചര്‍ച്ചയാകാമെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ കേന്ദ്രമന്ത്രി സ്ഥാനം ഉള്‍പ്പെടെ വിലപേശി വാങ്ങി മാണി ബി.ജെ.പി ക്യാംപിലേക്ക് പോകാനുള്ള സാധ്യതയും സജീവമായി വിലയിരുത്തപ്പെടുന്നു.
നാളെ ഡല്‍ഹിയില്‍ സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിനെ കാണുന്നുണ്ട്. കോണ്‍ഗ്രസിലെ പുന:സംഘടനയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നാളെ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ അതോടൊപ്പം തന്നെ മുന്നണിയിലെ പ്രബലകക്ഷിയായ കേരളാ കോണ്‍ഗ്രസ് മുന്നണി വിടാനൊരുങ്ങുന്ന സാഹചര്യവും ഹൈക്കമാന്‍ഡ് കേരളാ നേതാക്കളുമായി ചര്‍ച്ച ചെയ്യും.
മാണി ഉന്നയിക്കുന്ന വിഷയങ്ങളെക്കുറിച്ച് വി.എം.സുധീരന്‍ ഹൈക്കമാന്‍ഡിനു മുന്നില്‍ വ്യക്തത വരുത്തിയിട്ടുണ്ട്.
അയല്‍സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ദുര്‍ബലമായ അവസ്ഥയിലുള്ളത് ആവര്‍ത്തിക്കാതിരിക്കാന്‍ കേരളത്തിലെ ശക്തമായ മുന്നണി സംവിധാനം തുടര്‍ന്നു കൊണ്ടുപോകാന്‍ ആവശ്യമായ വിട്ടുവീഴ്ചകളെല്ലാം ചെയ്യാന്‍ തയാറാകണമെന്ന നിലപാടാണ് ഹൈക്കമാന്‍ഡ് കേരളാ നേതൃത്വത്തോട് പങ്കുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."