കര്‍ണാടക മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ നല്‍കി; മൂന്ന് ഉപമുഖ്യമന്ത്രിമാര്‍
ബംഗളൂരു: ഒരാഴ്ച നീണ്ടുനിന്ന നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ചു നല്‍കി. കര്‍ണാടക ബി.ജെ.പി നേതാക്കളുടെയും സഖ്യസര്‍ക്കാരിനെ താഴെയിറക്കിയ വിമത വിഭാഗത്തിന്റെയും എതിര്‍പ്പുകളെ വകവയ്ക്കാതെ മൂന്ന് ഉപമുഖ്യമന്ത്രിമാരെയും പ്രഖ്യാപിച്ചു. നിലവില്‍ മറ്റു മന്ത്രിമാര്‍ക്ക് നല്‍കാത്ത എല്ലാ വകുപ്പുകളും മുഖ്യമന്ത്രി യെദ്യൂരപ്പ കൈകാര്യം ചെയ്യും.
ഉപമുഖ്യമന്ത്രിമാരായ ഗോവിന്ദ കര്‍ജോളിന് പൊതുമരാമത്ത്, സാമൂഹ്യ സേവന വകുപ്പിന്റെ അധിക ചുമതലയും, ഡോ. അശ്വന്ത് നാരായണന് ഉന്നത വിദ്യാഭ്യാസം, ഐ.ടി, ലക്ഷ്മണ്‍ സവാദിക്ക് ഗതാഗത വകുപ്പുമാണ് നല്‍കിയത്. പരിചയസമ്പന്നരായിട്ടും മന്ത്രിസഭയില്‍ നിന്ന് തഴയപ്പെട്ടതിന്റെ അതൃപ്തിയിലാണ് കര്‍ണാടക ബി.ജെ.പിയിലെ ഒരു ഡസനോളം നേതാക്കള്‍. കലാപ സമാനമായ അന്തരീക്ഷമാണ് പാര്‍ട്ടിക്കുള്ളില്‍ എന്നുള്ള കാര്യം നേതാക്കള്‍ തന്നെ പരസ്യമായി സമ്മതിക്കുന്നു. പ്രവര്‍ത്തി പരിചയമുള്ള നേതാക്കളെ ഒഴിവാക്കി നേതൃത്വത്തിന്റെ പുതിയ നീക്കം എന്നത് വലിയ എതിര്‍പ്പിനാണ് പാര്‍ട്ടിക്കുള്ളില്‍ വഴിവച്ചിരിക്കുന്നത്.
അതേസമയം യെദ്യൂരപ്പയെ ഒതുക്കാനുള്ള ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നീക്കത്തിന്റെ ഭാഗമാണ് മൂന്ന് ഉപമുഖ്യമന്ത്രിമാരെ കേന്ദ്ര നേതൃത്വം നിയമിച്ചതെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. മുതിര്‍ന്ന ദലിത് നേതാവ് കര്‍ജോളിനെ ഉപമുഖ്യനായി നിയമിച്ചത് നേതാക്കള്‍ അംഗീകരിച്ചെങ്കിലും മറ്റുരണ്ട് പേരുടെ നിയമനമാണ് മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. അശ്വത് നാരായണ ഒരിക്കല്‍ പോലും മന്ത്രിയായിട്ടില്ലെന്നാണ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ലക്ഷ്മണ്‍ സവാദിയാകട്ടെ തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ട് പോലുമില്ലെന്നും ബി.ജെ.പി നേതാക്കള്‍ പറയുന്നു.
സവാദിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരേ തന്നെ നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതാനി മണ്ഡലത്തില്‍ മഹേഷ് കുമത്തല്ലിയോട് സവാദി പരാജപ്പെട്ടിരുന്നു. കുമത്തല്ലി അയോഗ്യനാക്കപ്പെട്ട വിമത എം.എല്‍.എയാണ്. അതുകൊണ്ട് തന്നെ അതാനിയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. ഇത് കണക്ക് കൂട്ടിയാണ് സവാദിയെ വീണ്ടും യെദ്യൂരപ്പ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തിയത്. പ്രബലരായ മൂന്ന് സമുദായങ്ങളേയും തൃപ്തിപ്പെടുത്തുകയെന്ന ലക്ഷ്യമാണ് കേന്ദ്ര നേതൃത്വം പുറത്തെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."