"വലിയൊരു ചതിയുടെ ഇര മാത്രമാണ് ഞാന്‍, ബഹ്‌റൈനിലെ പെണ്‍വാണിഭ സംഘത്തില്‍ നിന്ന് യുവതിയെ രക്ഷിച്ച ഞാന്‍ ഒറ്റ ദിവസം കൊണ്ട് ലഷ്‌കര്‍ ഭീകരനായി" തീവ്രവാദമുദ്ര ചാര്‍ത്തപ്പെട്ട അബ്ദുല്‍ റഹീമിനു ആരു നഷ്ടപരിഹാരം നല്‍കും ?
തൃശൂര്‍: ' എത്ര പെട്ടെന്നാണ് നിങ്ങള്‍ക്കൊരാളെ ഭീകരനാക്കാനായത് '. ലഷ്‌കര്‍ ഭീകര മുദ്ര ചാര്‍ത്തപ്പെട്ട് പൊലിസ് കസ്റ്റഡിയില്‍ എടുത്ത് കഴിഞ്ഞ ദിവസം വിട്ടയച്ച എറിയാട് അബ്ദുല്ല റോഡ് സ്വദേശി കൊല്ലിയില്‍ അബ്ദുല്‍ റഹീമിന്റെ പിതാവ് അബ്ദുല്‍ഖാദറിന്റെ ഈ ആശങ്കയ്ക്ക് മറുപടി പറയേണ്ടത് കേരള പൊലിസ് അടക്കമുള്ള അന്വേഷണ ഏജന്‍സികളാണ്. തീവ്രവാദമുദ്ര ചാര്‍ത്തി വിട്ടയക്കപ്പെട്ടവരുടെ ലിസ്റ്റില്‍ അബ്ദുല്‍റഹീം എന്ന പേര് ലാഘവത്തോടെ എഴുതിച്ചേര്‍ക്കുന്നവര്‍ക്കറിയില്ല, കഴിഞ്ഞ മൂന്നു ദിവസമായി പ്രായമേറെയായ മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം അനുഭവിച്ച മനോവേദന.
കേരളം വഴി ശ്രീലങ്കയില്‍നിന്നു തമിഴ്‌നാട്ടിലേക്ക് ലഷ്‌കര്‍ ഭീകരര്‍ കടന്നിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരളത്തിലടക്കം കനത്ത ജാഗ്രത നിലനില്‍ക്കെയാണ് വ്യാഴാഴ്ച വൈകിട്ടോടെ ലഷ്‌കര്‍ ഭീകരരുടെ സഹായിയായി മലയാളി എന്ന നിലയില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്. ദേശീയ അന്വേഷണ ഏജന്‍സിയുടെ നിര്‍ദേശ പ്രകാരം കേരള പൊലിസ് അബ്ദുല്‍ റഹീമിനായി തിരച്ചില്‍ ഊര്‍ജിതമാക്കി. റഹീമിന്റെ ഫോട്ടോ അടക്കം പുറത്തു വന്ന മാധ്യമ വാര്‍ത്തയിലൂടെയാണ് കുടുംബം ഈ വിവരമറിയുന്നത്.
പതിനെട്ടു വര്‍ഷം ബഹ്‌റൈനില്‍ ആയിരുന്നു റഹീം. നാട്ടില്‍ തിരിച്ചെത്തി ആറു മാസത്തോളമായി ആലുവയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു. ഒരുമാസം മുന്‍പ് പുതുതായി ആരംഭിക്കുന്ന വര്‍ക്ക്‌ഷോപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി വീണ്ടും ബഹ്‌റൈനിലേക്ക് പോയി. രണ്ടു ദിവസത്തിനകം നാട്ടിലെത്തും എന്നു ഫോണിലൂടെ വിവരം നല്‍കിയ മകനെ കുറിച്ച് പിന്നീട് തീവ്രവാദ ബന്ധവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുടുംബം അറിയുന്നത്. ബഹ്‌റൈനിലെ സ്‌പോണ്‍സറുമായി ബന്ധപ്പെട്ടപ്പോള്‍ റഹീം നാട്ടിലേക്ക് തിരിച്ചുവെന്നാണ് അറിയാന്‍ സാധിച്ചത്. എന്നാല്‍ അപ്പോഴേക്കും റഹീമിന് പാകിസ്താന്‍ സ്വദേശിയുമായി ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വ്യാപകമായി പുറത്തുവന്നു.
പിന്നീട് പല രൂപത്തിലും പൊലിസ് അബ്ദുല്ലാ റോഡിലെ റഹീമിന്റെ വീട്ടിലെത്തി. ആരോഗ്യവകുപ്പ് ജീവനക്കാരായും വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥരായും അടിക്കടി പൊലിസ് ഇവിടെ കയറിയിറങ്ങി. പിന്നീടാണ് കൊടുങ്ങല്ലൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ ഔദ്യോഗികമായി വീട്ടില്‍ പരിശോധന നടത്തിയത്. സംശയം തോന്നിക്കുന്ന യാതൊന്നും ഇവിടെനിന്നു കണ്ടെത്താന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. റഹീമിനോട് പൊലിസില്‍ കീഴടങ്ങണമെന്ന് പറയാനും പൊലിസ് കുടുംബത്തെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. മാധ്യമങ്ങളിലൂടെ റഹീമിന്റെ അഭിഭാഷകനെ തിരിച്ചറിഞ്ഞ് അഭിഭാഷകനില്‍നിന്നാണ് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കുടുംബത്തിന് അറിയാന്‍ കഴിഞ്ഞത്.
സുഹൃത്ത് അയച്ചു കൊടുത്ത വാട്‌സ്ആപ്പ് സന്ദേശത്തില്‍നിന്നാണ് തന്നെ പൊലിസ് തിരയുന്നതായി അബ്ദുല്‍ റഹീം അറിയുന്നത്. നിയമോപദേശത്തെ തുടര്‍ന്ന് സി.ജെ.എം കോടതിയില്‍ ഹാജരാകാനായി രേഖകള്‍ സമര്‍പ്പിച്ച് കോടതി നടപടികള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ബലപ്രയോഗത്തിലൂടെ കോടതിക്കുള്ളില്‍നിന്നു പൊലിസ് റഹീമിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. പൊലിസ് നടത്തിയ ഈ അമിതാവേശം റഹീമിനെ കുറിച്ച് പുറത്തുവന്ന കഥകള്‍ക്ക് ഊര്‍ജം നല്‍കി.
ഒരു ദിവസം മുഴുവന്‍ കേരള പൊലിസും എന്‍.ഐ.എയും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും മിലിട്ടറി ഇന്റലിജന്‍സും മാറിമാറി റഹീമിനെ ചോദ്യം ചെയ്‌തെങ്കിലും ലഷ്‌കര്‍ ബന്ധം സ്ഥിരീകരിക്കുന്ന യാതൊരു തെളിവുകളും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഭീതിയുടെ കാര്‍മേഘം കൊല്ലിയില്‍ വീടിനു മുകളില്‍നിന്ന് പതിയെ മറയുകയാണ്. എന്നാല്‍ ദിവസങ്ങളോളം ഒരു കുടുംബം സഹിച്ച മാനസിക പ്രയാസങ്ങള്‍ക്ക് ശക്തമായ തെളിവുകളില്ലാതെ ഒരാളെ ഭീകരനായി ചിത്രീകരിക്കാന്‍ മത്സരിച്ചവരാണ് മറുപടി പറയേണ്ടത്.
വലിയൊരു ചതിയുടെ ഇര
പാകിസ്താന്‍ സ്വദേശി അബൂ ഇല്യാസുമായി ബന്ധമുണ്ടെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ റഹീം നിഷേധിച്ചു. ബഹ്‌റൈന്‍ പൗരനും ഇമിഗ്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥനുമായ അബൂ ഇല്യാസുമായാണ് തനിക്ക് ബന്ധമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റിലടക്കം അദ്ദേഹം പരിചിതനാണെന്നും റഹീം 'സുപ്രഭാതത്തോട് ' പറഞ്ഞു.
വലിയൊരു ചതിയുടെ ഇര മാത്രമാണ് ഞാന്‍. ബഹ്‌റൈനിലെ പെണ്‍വാണിഭ സംഘത്തില്‍നിന്നു ബത്തേരി സ്വദേശിയായ യുവതിയെ രക്ഷപ്പെടുത്തിയത് മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. സംഘത്തിലെ ആളുകള്‍ തന്നെയാണ് തെറ്റായ വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ടാകുകയെന്നും ശ്രീലങ്കയില്‍ പോകുകയോ ശ്രീലങ്കക്കാരായ സുഹൃത്തുക്കളോ തനിക്കില്ലെന്നും അബ്ദുല്‍ റഹീം പറഞ്ഞു.
റഹീമിനെതിരായ ക്രമിനല്‍ നടപടി കോടതി അവസാനിപ്പിച്ചു
കൊച്ചി: ഭീകരവാദിയെന്ന് സംശയിച്ച് പൊലിസ് അറസ്റ്റ് ചെയ്ത അബ്ദുല്‍ റഹീമിനെതിരെയുള്ള ക്രിമിനല്‍ നടപടി കോടതി അവസാനിപ്പിച്ചു.
കുറ്റകൃത്യത്തിലുള്‍പ്പെട്ടിട്ടില്ലെന്ന് കാണിച്ച് പൊലിസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവ് .
കഴിഞ്ഞ ദിവസം ഇയാള്‍ കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വക്കീല്‍ മുഖേന കീഴടങ്ങാന്‍ അനുമതി തേടി കോടതിയില്‍ ഇയാള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ എസ്.എച്ച്.ഒയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇയാള്‍ കേസ്സില്‍ പ്രതിയല്ലെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വിട്ടയയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."