കൈക്കൂലി: മോദിയുടെ അടുപ്പക്കാരനായ സി.ബി.ഐയിലെ രണ്ടാമനെതിരേ കേസ്
#സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: മാട്ടിറച്ചി വ്യാപാരി മുഈന്‍ ഖുറേഷിയില്‍ നിന്നു കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരേ സി.ബി.ഐ തന്നെ കേസെടുത്തു. ഖുറേഷിയില്‍ നിന്ന് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ ഒന്നാംപ്രതിയാണ് സി.ബി.ഐയിലെ അധികാരഘടനയില്‍ രണ്ടാമനായ അസ്താന.
ഇദ്ദേഹത്തിനു പുറമെ ഇന്ത്യന്‍ ചാരസംഘടന റോയുടെ സാമന്ത്കുമാര്‍ ഗോയലും കേസില്‍ ആരോപണവിധേയനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുപ്പക്കാരനായ ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അസ്താന, സി.ബി.ഐയിലേക്കുള്ള അദ്ദേഹത്തിന്റെ നിയമനം മുതല്‍ തന്നെ വിവാദനായകനായിരുന്നു.
ള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഖുറേഷിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കഴിഞ്ഞവര്‍ഷം കേസെടുത്തിരുന്നു. ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കൈക്കൂലി വാങ്ങിയെന്നാണ് അസ്താനയ്ക്കും സാമന്ത്കുമാറിനും എതിരായ ആരോപണം. കൈകൂലിക്കേസില്‍ ആരോപണവിധേയനായ ഹൈദരാബാദ് സ്വദേശി സന സതീഷിന്റെ പരാതിയില്‍ ദുബൈ ആസ്ഥാനമായ വ്യവസായി മനോജ് പ്രസാദിനെ അറസ്റ്റ്‌ചെയ്തതോടെയാണ് കേസില്‍ അസ്താനക്കെതിരേ കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. കൈകൂലി കേസിന്റെ അന്വേഷണചുമതസലയും അസ്താനയ്ക്കാണ്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ മുതലുള്ള 10 മാസത്തിനുള്ളില്‍ കേസ് ഒതുക്കിതീര്‍ക്കാനായി മൂന്നുകോടി രൂപ കൈകൂലിനല്‍കിയതായി സന സതീഷ് ഈ മാസം നാലിന് മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴിനല്‍കിയിരുന്നു. മൊഴിയില്‍ അസ്താന, മനോജ് പ്രസാദ് എന്നിവരുടെ പേരുകളും പരാമര്‍ശിച്ചിരുന്നു. കൂടുതല്‍ തുകയാവശ്യപ്പെട്ട് സി.ബി.ഐ ഉദ്യോഗസ്ഥര്‍ ശല്യംചെയ്തിരുന്നതായും കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തിനു (എസ്.ഐ.ടി) മുമ്പാകെ ഹാജരാവാതിരിക്കാന്‍ മറ്റൊരു 25 ലക്ഷം രൂപ കൂടി നല്‍കിയതായും സന സതീഷ് മൊഴിനല്‍കി.
കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചയാളായണ് സി.ബി.ഐ സാമന്ത്കുമാറിനെ കാണുന്നത്. 1984ലെ പഞ്ചാബ് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഗോയലിനെതിരേ പക്ഷേ കേസില്ല. റോയിലെ അഡീഷനല്‍ സെക്രട്ടറിയാണ് ഗോയല്‍. ഖുറേഷിയില്‍ നിന്ന് കൈക്കൂലി വാങ്ങിയത് കൂടാതെ സമാനമായ ഏഴുകേസുകള്‍ കൂടി അസ്താനയ്‌ക്കെതിരേ ഉണ്ട്. ഏഴുകേസുകളുടെയും വിശദാംശങ്ങള്‍ അടുത്തിടെ സി.ബി.ഐ പുറത്തുവിട്ടിരുന്നു. ഈ കേസുകളിലും അന്വേഷണം നടക്കുകയാണ്.
അസ്താനയ്‌ക്കെതിരേ കേസുകള്‍ സംബന്ധിച്ച് സി.ബി.ഐ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ദേശീയസുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിനും മുമ്പാകെ വിശദീകരിച്ചിട്ടുണ്ട്. അസ്താനയെ സസ്‌പെന്റ്‌ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ശുപാര്‍ശ സി.ബി.ഐ ഡയറക്ടര്‍ അലോക് കുമാര്‍ പ്രധാനമന്ത്രിക്കു നല്‍കിയതായും ഗോയലിനെതിരേ നടപടിക്ക് റോ മേധാവി എ.കെ ധസ്മന തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."