കൊല്ലംകുടിമുകളിലെ എട്ട് കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീതിയില്‍
കാക്കനാട്: മഴക്കാലം ശക്തമാകുന്നോടെ നെഞ്ചിടിപ്പോടെ ജീവിതം നയിക്കുകയാണ് കാക്കനാട് കൊല്ലംകുടിമുകളിലെ എട്ട് കുടുംബങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് മുപ്പതോളം അടി താഴ്ചയില്‍ മണ്ണെടുത്ത് നീക്കിയതിനെ തുടര്‍ന്നാണ് ഈ കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീതിയിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ പട്ടയില്‍ വീട്ടില്‍ അയ്യപ്പന്റെ വീടിന് സമീപം മണ്ണിടിഞ്ഞുവീണു. വീടിന്റെ അടുക്കള, ഹാള്‍, ബെഡ് റൂം തുടങ്ങി ഭാഗങ്ങളില്‍ ചുമരിന് വിള്ളല്‍ സംഭവിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് പെയ്ത മഴയിലാണ് വീടിന് വിള്ളല്‍ സംഭവിച്ചത്. ഏതുനിമിഷവും മേല്‍ക്കൂര നിലംപൊത്താവുന്ന അവസ്ഥയിലാണ്. അയ്യപ്പനും മൂത്തമകന്‍ ശശികുമാറും ഭാര്യയും കുട്ടികളുമടക്കം ഏഴുപേരാണ് ഈ വീട്ടില്‍ മരണം മുന്നില്‍കണ്ട് ജീവിതം തളളിനീക്കുന്നത്.
രണ്ടായിരത്തി പതിനഞ്ച് മുതല്‍ തൃക്കാക്കര നഗരസഭ, ജില്ലാ കലക്ടര്‍, മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവര്‍ക്ക് പരാതി കൊടുത്തെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് അയ്യപ്പന്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും ഈ കുടുംബങ്ങള്‍ പരാതിപ്പെട്ടെങ്കിലും അധികൃതര്‍ കനിഞ്ഞില്ല.
കഴിഞ്ഞ ഏപ്രിലില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം തഹസില്‍ദാര്‍, തൃക്കാക്കര നഗരസഭ എന്‍ജിനിയറിങ് വിഭാഗം എന്നിവര്‍ ചേര്‍ന്ന് പരിശോധിക്കുകയും ഈ പ്രദേശത്ത് പത്തുമീറ്റര്‍ ഉയരത്തിലും നൂറുമീറ്റര്‍ നീളത്തിലും സംരക്ഷണ ഭിത്തി നിര്‍മിച്ചാല്‍ മാത്രമേ പ്രശ്‌നത്തിന് പരിഹാരം കാണാനാവൂ എന്നും ഇതിന് രണ്ടേമുക്കാല്‍ കോടിരൂപ ചെലവ് വരുമെന്നും കാണിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപകടത്തിന്റെ രൂക്ഷത കണക്കിലെടുത്ത് ദുരന്ത നിവാരണ സേനയുടെ സഹായം തേടാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൊടുത്ത കത്തില്‍ വ്യക്തമാക്കിയതല്ലാതെ ഇതുവരെ സുരക്ഷാസംവിധാനങ്ങള്‍ ഒന്നുംതന്നെ നടപ്പാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."