കഷോഗിയുടെ കൊലപാതകം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ലോക രാഷ്ട്രങ്ങള്‍
പാരിസ്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയെ കൊലപ്പെടുത്തിയതില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ലോക രാഷ്ട്രങ്ങള്‍. കൊലപാതകത്തില്‍ സമ്പൂര്‍ണവും ജാഗ്രതയോടെയുമുള്ള അന്വേഷണം വേണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ യുവ്‌സ് ലേ ഡ്രൈന്‍ പറഞ്ഞു.
ഇസ്താംബൂളിലെ കോണ്‍സുലേറ്റില്‍വച്ച് കഷോഗി കൊല്ലപ്പെട്ടെന്ന് സഊദി സമ്മതിച്ചു. എന്നാല്‍ ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദികള്‍ ആരാണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം 1963ലെ വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും പൂര്‍ണമായ അന്വേഷണം വേണമെന്നും യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധി ഫ്രഡിക്ക മെഗ്‌റോനി പറഞ്ഞു. സുതാര്യവും വിശ്വസനീയവുമായ വിവരങ്ങള്‍ പുറത്തുവരണമെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് സഊദിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് യു.കെ ബ്രക്‌സിറ്റ് സെക്രട്ടറി ഡൊമനിക് റാബ് പറഞ്ഞു. തങ്ങള്‍ തുര്‍ക്കി അന്വേഷണത്തെ പിന്തുണക്കുകയാണ്.
കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ താല്‍പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഊദിയുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ റദ്ദാക്കാന്‍ തയാറല്ല. നിരവധി ബ്രിട്ടിഷുകാരുടെ തൊഴില്‍ അവരുമായി ബന്ധപ്പെട്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിനിടെ സഊദിയുടെ വിശദീകരണത്തിനെതിരേ രൂക്ഷമായ ആരോപണവുമായി വാഷിങ്ടണ്‍ പോസ്റ്റ് രംഗത്തെത്തി. കഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു കളവിന് പിന്നാലെ മാറ്റൊന്ന് ആവര്‍ത്തിക്കുകയാണ് സഊദി ചെയ്തിരിക്കുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് കുറ്റപ്പെടുത്തി. നിലവില്‍ ലഭിച്ചിരിക്കുന്ന തെളിവുകള്‍ക്ക് വിരുദ്ധമായ വെളിപ്പെടുത്തലാണ് അവര്‍ നടത്തിയതെന്ന് പത്രം ആരോപിച്ചു.
സഊദിയെ പിന്തുണച്ച് കുവൈത്ത് ഇന്നലെ രംഗത്തെത്തി. സത്യം പുറത്തുകൊണ്ടുവരാനുള്ള സല്‍ മാന്‍ രാജാവിന്റെ ശ്രമത്തെ അഭിനന്ദിക്കുകയാണെന്ന് കുവൈത്ത് പറഞ്ഞു. ഈജിപ്ത്, ബഹ്‌റൈന്‍, യു.എ.ഇ എന്നീ രാജ്യങ്ങളും സഊദിയെ പുകഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."