ഇതെന്തൊരു നാട്? ബിഹാറില്‍ കൂട്ടബലാത്സംഗത്തിനിരയായ 'കുറ്റ'ത്തിന് പെണ്‍കുട്ടിയെ തലമുണ്ഡനം ചെയ്ത് നഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു; 'ശിക്ഷാ'നടപടി പഞ്ചായത്ത് തീരുമാന പ്രകാരം
പട്‌ന: ബിഹാറില്‍നിന്ന് വീണ്ടുമൊരു കാട്ടുനീതിയുടെ വാര്‍ത്ത. കൂട്ടബലാത്സംഗത്തിനിരയായ 'കുറ്റ'ത്തിന് പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ തലമുണ്ഡനം ചെയ്ത് നഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു. ഇതെല്ലാം പഞ്ചായത്ത് ചേര്‍ന്ന് എടുത്ത തീരുമാനപ്രകാരവും.!
ഗയ ജില്ലയിലാണ് രാജ്യത്തെ നടുക്കിയ സംഭവം. ഇതുമായി ബന്ധപ്പെട്ട് ആറുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 14ന് വൈകുന്നേരമാണ് വാഹനത്തിലെത്തിയ സംഘം പെണ്‍കുട്ടിയ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പഞ്ചായത്ത് കെട്ടിടത്തില്‍ എത്തിച്ച് കുട്ടിയെ മാറിമാറി പീഡിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലാവും വരെ സംഘം പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തു. പിറ്റേദിവസമാണ് കുട്ടിയെ ഗ്രാമവാസിയായ ഒരാള്‍ കണ്ടെത്തി വിവരം ബന്ധുക്കളെ അറിയിച്ചത്. ഇവരെത്തി കുട്ടിയെ വീട്ടിലെത്തിച്ചു.
എന്നാല്‍ പീഡിപ്പിച്ചവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ യോഗം ചേരുകയും പെണ്‍കുട്ടിയെ തെറ്റുകാരിയായി ചിത്രീകരിക്കുകയുംചെയ്തു. പിന്നീട് കുട്ടിയെ വിളിച്ചുവരുത്തി ശിക്ഷയുടെ ഭാഗമായി തലമുണ്ഡനം ചെയ്ത് തെരുവിലൂടെ നടത്തിച്ചു. ഇതേതുടര്‍ന്നാണ് പെണ്‍കുട്ടിയും മാതാവും പൊലിസില്‍ പരാതി നല്‍കിയത്.
പൊലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളായ ആറുപേരെ പിടികൂടിയതായി വനിതാ പൊലിസ് ഓഫിസര്‍ നിരഞ്ജന കുമാരി പറഞ്ഞു. പ്രതികള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. അതേസമയം പീഡിപ്പിച്ചവരില്‍ ഒരാളെ മാത്രമേ പെണ്‍കുട്ടിക്ക് തിരിച്ചറിയാനായിട്ടുള്ളൂ എന്ന് പൊലിസ് അറിയിച്ചു.
സംഭവത്തില്‍ ബിഹാര്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തതായി ചെയര്‍പേഴ്‌സണ്‍ ദില്‍മണി മിശ്ര പറഞ്ഞു. ഇതേക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഗയ പൊലിസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടതായും അവര്‍ വ്യക്തമാക്കി. പെണ്‍കുട്ടിക്ക് ശിക്ഷ വിധിച്ച പഞ്ചായത്തംഗങ്ങളെ അടുത്ത മാസം രണ്ടിന് വനിതാ കമ്മിഷനു മുന്‍പില്‍ ഹാജരാക്കാനും പൊലിസിന് നിര്‍ദേശം നല്‍കി.
Bihar Girl Gang-Raped, Paraded With Head Shaved As Punishment
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."