ആര്‍.ബി.ഐയുടെ കരുതല്‍ നിക്ഷേപത്തില്‍ പോരടിച്ച് ഭരണ പ്രതിപക്ഷം: സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി, പ്രതിസന്ധി പരിഹരിക്കാന്‍ ഒരു ഫോര്‍മുലയും കേന്ദ്രത്തിന്റെ പക്കലില്ലെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ആര്‍.ബി.ഐയുടെ കരുതല്‍ നിക്ഷേപത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ള തീരുമാനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. അതേ സമയം രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ രംഗത്തെത്തി. ആര്‍.ബി.ഐയുടെ കരുതല്‍ ധനശേഖരം സ്വീകരിക്കുന്നത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്നും നീക്കത്തെ എതിര്‍ത്ത രാഹുല്‍ ഗാന്ധി പഠിച്ച ശേഷം പ്രതികരിക്കണമായിരുന്നുവെന്നും ധനമന്ത്രി ദില്ലിയില്‍ പറഞ്ഞു.
ബിമല്‍ ജലാന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് ആര്‍.ബി.ഐയുടെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് ധനമന്ത്രി മാധ്യമങ്ങളെ കണ്ടത്. ബിമല്‍ ജലാന്‍ കമ്മിറ്റിയെ സര്‍ക്കാരല്ല ആര്‍ബിഎയാണ് നിയോഗിച്ചത്. ആര്‍.ബി.ഐയുടെ വിശ്വാസ്യതയില്‍ സംശയമില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
എന്നാല്‍ റിസര്‍വ് ബാങ്കിനെ പ്രത്യക്ഷത്തില്‍ കൊള്ളയടിക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ സ്വയം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി എങ്ങനെ പരിഹരിക്കണമെന്ന കാര്യത്തില്‍ പ്രധാനമന്ത്രിക്കും ധനകാര്യ മന്ത്രിക്കും വ്യക്തമായ ഒരുനിര്‍ദേശവും മുന്നോട്ടുവയ്ക്കാനില്ല.
ആശുപത്രിയില്‍ നിന്ന് ബാന്‍ഡ് എയ്ഡ് മോഷ്ടിച്ച് വെടിയേറ്റ മുറിവില്‍ ഒട്ടിക്കുന്നത് പോലെയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.
ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 മുതല്‍ റിസര്‍വ് ബാങ്കിന്റെ ലാഭത്തിന്റെ 99 ശതമാനവും സര്‍ക്കാര്‍ കൈക്കലാക്കിയതായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അഭിപ്രായപ്പെട്ടു.
സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടിയാണ് മോദിയുടെ ഭരണ നേട്ടം. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നവരത്‌ന പദവിയുള്ളവയുടെ സാമ്പത്തിക സ്ഥിതി പോലും ഗുരുതരാവസ്ഥയിലാണ്. ഇവയുടെ സാമ്പത്തിക ബാധ്യത വലിയതോതില്‍ വര്‍ധിക്കുകയാണെന്നും യച്ചൂരി പറഞ്ഞു.
ആര്‍.ബി.ഐയുടെ കരുതല്‍ ധനം കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നതിനെതിരേ കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശും രംഗത്തെത്തി. വന്‍തുകയാണ് കേന്ദ്രം ആര്‍.ബി.ഐയില്‍ നിന്ന് പിടിച്ചെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു.
ആര്‍.ബി.ഐ ഒരു കോട്ടയാണ്. ഇതിന് കാവല്‍ നിന്ന് ഉര്‍ജിത് പട്ടേലിനേയും വിരാല്‍ ആചാര്യയെയും മറ്റും ഇവിടെ നിന്ന് പുറത്തുപോകാനുള്ള വഴിയൊരുക്കിയത് പണം തട്ടാനായിട്ടായിരുന്നു. ആര്‍.ബി.ഐയുടെ ഉപദേശക സമിതിയെ തന്നെ തള്ളിയാണ് കേന്ദ്രം പണം അപഹരിച്ചതെന്നും ജയ്‌റാം രമേശ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."