ശബരിമല: സര്‍ക്കാര്‍ അയഞ്ഞത് എന്‍.എസ്.എസ് നിലപാടിനെ തുടര്‍ന്ന്
കോട്ടയം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ പ്രവേശിക്കുന്ന വിഷയത്തിലെ കടുത്ത നിലപാടുകള്‍ മയപ്പെടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത് എന്‍.എസ്.എസിന്റെ കര്‍ശന നിലപാടുകളെന്നു സൂചന. വിജയദശമി ദിനാഘോഷത്തോടനുബന്ധിച്ചു ചെങ്ങനാശേരിയില്‍ നടന്ന പരിപാടിയില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു.
കോടതി വിധികളുടെ കാര്യത്തില്‍ സര്‍ക്കാരിനു വ്യത്യസ്ത കാഴ്ചപ്പാടാണെന്നും വിശ്വാസികള്‍ക്കെതിരായ പൊലിസ് നടപടി ശരിയല്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, ശബരിമലയില്‍ ആചാര ലംഘനം അനുവദിക്കില്ലെന്നുകൂടി പറഞ്ഞിരുന്നു. വിവിധ വിഷയങ്ങളില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനോട് ആഭിമുഖ്യം പുലര്‍ത്തിവരികയായിരുന്ന എന്‍.എസ്.എസിന്റെ ഈ നിലപാടാണ് സര്‍ക്കാരിനെയും സി.പി.എമ്മിനെയും മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കിയ കോടതി വിധി നടപ്പാക്കാന്‍ പൊലിസ് സുരക്ഷയൊരുക്കണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഇതോടെ അയവുവരുത്തുകയായിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ടു വര്‍ഗീയ ധ്രുവീകരണത്തിനു കോപ്പുകൂട്ടുന്ന ബി.ജെ.പിക്ക് ഊര്‍ജം പകരുന്നവരുടെ കൂട്ടത്തിലേക്ക് എന്‍.എസ്.എസിനെയും വിട്ടുകൊടുക്കരുതെന്നു പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ബി.ജെ.പിക്കു വളമാകുന്നതരത്തില്‍ കോടതി വിധി നടപ്പാക്കുന്നതില്‍ തിടുക്കം വേണ്ടിയിരുന്നില്ലെന്ന അഭിപ്രായം സി.പി.ഐയും പ്രകടിപ്പിച്ചിരുന്നു. ഇത്തരം വിധികള്‍ നടപ്പാക്കുന്നതിനു മുന്‍പു കൂടിയോലോചന വേണമായിരുന്നുവെന്ന് ആര്‍.എസ്.പിയും അഭിപ്രായപ്പെട്ടു. എല്‍.ഡി.എഫിനൊപ്പം നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയും വിഷയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയതായി അറിയുന്നു. ഇതോടെയാണ് രണ്ടു യുവതികളുമായി മലകയറിയ പൊലിസ് സംഘം ആ നടപടി ഉപേക്ഷിച്ചതെന്നാണ് സൂചന.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ സുപ്രിംകോടതി വിധി നടപ്പാക്കുന്നതു കരുതലോടെ മതിയെന്നു സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കള്‍ നിലപാട് സ്വീകരിച്ചിരുന്നു. ശബരിമലയിലെ സംഘ്പരിവാര്‍ കേന്ദ്രീകരണത്തിനു തടയിടാന്‍ പൊലിസിനെ ഉപയോഗിക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. ഈ ഉദ്ദേശ്യത്തോടെയാണ് മൂന്ന് ഐ.ജിമാരെതന്നെ ശബരിമലയിലേക്കു നിയോഗിച്ചത്. വിഷയത്തില്‍ പ്രസ്താവനകള്‍ക്കപ്പുറമുള്ള പ്രതിഷേധങ്ങളിലേക്കു കോണ്‍ഗ്രസ് കടക്കുകയില്ലെന്നതും സര്‍ക്കാരിനു രക്ഷയായി.
അതേസമയം, എന്‍.എസ്.എസ് കടുത്ത നിലപാട് തുടര്‍ന്നതു സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. രാജകുടുംബത്തിന്റെയും തന്ത്രിയുടെയും എതിര്‍പ്പ് ഗൗനിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ കരുതുന്നു. സവര്‍ണ പിന്തിരിപ്പന്‍ എന്ന നിലപാട് സ്വീകരിച്ച് ഇതിനെ നേരിടാനുറച്ചിരിക്കേയായിരുന്നു അവിചാരിതമായി എന്‍.എസ്.എസിന്റെ രംഗപ്രവേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."