കേന്ദ്രസഹായം തേടി സംസ്ഥാനം
തിരുവനന്തപുരം: വരുന്ന അഞ്ചുവര്‍ഷം കൊണ്ട് 55 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ 33,330 കോടിയുടെ പദ്ധതിക്ക് കേന്ദ്രസഹായം അഭ്യര്‍ഥിച്ച് കേരളം. ഇതുസംബന്ധിച്ച നിവേദനം ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന് കൈമാറി.
ഡല്‍ഹി ചാണക്യപുരി അശോക ഹോട്ടലില്‍ നടന്ന ജലവിഭവ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ദേശീയ കോണ്‍ഫറന്‍സിലും മന്ത്രി കൃഷ്ണന്‍കുട്ടി കേരളത്തിന്റെ ആവശ്യം ഉന്നയിച്ചു. സംസ്ഥാനത്ത് നിലവില്‍ 29 ശതമാനം കുടുംബങ്ങള്‍ക്ക് മാത്രമേ പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാകുന്നുള്ളൂ.
കേന്ദ്രസര്‍ക്കാരിന്റെ ജല ജീവന്‍ മിഷന്‍ പദ്ധതിയനുസരിച്ച് കേരളത്തിലെ ഗ്രാമീണമേഖലയില്‍ 66 ശതമാനം കുടുംബങ്ങള്‍ക്ക് പുതിയ കുടിവെള്ള കണക്ഷന്‍ നല്‍കേണ്ടതുണ്ട്. ഇതിന് 33,330 കോടിയുടെ ചെലവ് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസഹായം ലഭ്യമാക്കണമെന്ന് സംസ്ഥാനം അഭ്യര്‍ഥിച്ചത്. 2018ലെ മഹാപ്രളയവും 2019ലെ പ്രളയവും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏറെ പ്രഹരമേല്‍പ്പിച്ചു. അതിന്റെ സമ്മര്‍ദത്തില്‍ നിന്ന് പൂര്‍ണമായും പുറത്തുവരാന്‍ സംസ്ഥാനത്തിനായിട്ടില്ല. ഇക്കാര്യം പരിഗണിച്ച് സംസ്ഥാനത്തിന് കേന്ദ്രസഹായം അനുവദിക്കണം.
ജലജീവന്‍ മിഷന്‍ നടപ്പാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും സംസ്ഥാനം ഏര്‍പ്പെടുത്തും. സെപ്റ്റംബറില്‍ ബംഗളൂരുവില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക സെമിനാറില്‍ പദ്ധതി അവതരിപ്പിക്കും. ജല അതോറിറ്റി, ജലനിധി, ഗ്രാമപഞ്ചായത്തുകള്‍ എന്നിവ മുഖാന്തരമാണ് 55 ലക്ഷം കണക്ഷനുകള്‍ നല്‍കാന്‍ ലക്ഷ്യമിടുന്നത്. 25 ലക്ഷം കണക്ഷനുകള്‍ ജല അതോറിറ്റി വഴിയും ഒരുലക്ഷം ജലനിധി മുഖേനെയും 27 ലക്ഷം ഗ്രാമപഞ്ചായത്തുകളിലൂടെയും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ബാക്കി സംയുക്ത സംരംഭങ്ങളിലൂടെയും നടപ്പാക്കും. ജല അതോറിറ്റി 26,450 കോടി ചെലവ് പ്രതീക്ഷിക്കുന്ന ആറ് പ്രധാന പദ്ധതികളാണ് മുന്നോട്ടു വച്ചിട്ടുള്ളത്. 1,280 കോടിയുടെ ആറ് പദ്ധതികള്‍ ജലനിധിയും മുന്നോട്ടുവച്ചിട്ടുണ്ട്. 5,600 കോടിയുടെ പദ്ധതികളാണ് ഗ്രാമപഞ്ചായത്തുകള്‍ ഏറ്റെടുത്തുനടത്തുക.
പദ്ധതിയുടെ ഭാഗമായി 45 ലക്ഷം കിണറുകളും രണ്ടുലക്ഷം കുളങ്ങളും ജലസ്രോതസുകളായി കണ്ട് പഞ്ചായത്തുകള്‍ ഏറ്റെടുക്കും. മഴവെള്ള സംഭരണം കാര്യക്ഷമമാക്കുക, പുതിയ ജലസംഭരണികള്‍ തയാറാക്കുക, പുതിയ ജലസ്രോതസുകള്‍ കണ്ടെത്തി സംരക്ഷിക്കുകയും ജലം ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്യുക, ജലത്തിന്റെ പുനരുപയോഗം വ്യാപകമാക്കുക, ജലബജറ്റ് തയാറാക്കുക തുടങ്ങിയ പദ്ധതികളുടെ വിശദവിവരങ്ങളും സംസ്ഥാനം നല്‍കിയ നിവേദനത്തില്‍ ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."